KERALAMLATEST NEWS

ഉപതിരഞ്ഞെടുപ്പിലും പതിവ് തെറ്റിച്ചില്ല; പോളിംഗ് ദിനത്തിൽ വീണ്ടും ഇപിയുടെ ‘ബോംബ്, ചേലക്കര തട്ടിയകറ്റുമോ?

തിരുവനന്തപുരം: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിരോധത്തിലാവാൻ ഇടതുമുന്നണിക്ക് ആവോളം കാരണങ്ങളുണ്ടായിരുന്നു. അതിൽ നിന്ന് ഒരു തരത്തിൽ പിടിച്ചുകയറി വരുമ്പോഴായിരുന്നു വോട്ടെടുപ്പുദിവസം രാവിലെ ഇപിയുടെ വക ഉഗ്രൻ ബോംബ് പൊട്ടിയത്. ആക്കുളത്തെ മകന്റെ ഫ്ലാറ്റിൽ വച്ച് ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിനെ കണ്ടിരുന്നു എന്നാണ് വോട്ടെടുപ്പ് ദിവസം രാവിലെ ഇപി തുറന്നുസമ്മതിച്ചത്. മകന്റെ കുട്ടിയുടെ പിറന്നാൾ ആഘോഷത്തിനിടെയായിരുന്നു സന്ദർശനമെന്നും ദല്ലാൾ നന്ദകുമാറും സ്ഥലത്തുണ്ടായിരുന്നു എന്നും ഇപി പറഞ്ഞു. ഇത് വൻ വിവാദമായി. വീണുകിട്ടിയ അവസരം പരമാവധി മുതലാക്കിയ യുഡിഎഫ് സംസ്ഥാനത്തെ പത്തൊമ്പത് സീറ്റിലും വിജയിച്ചുകയറുകയും ചെയ്തു.

ഇത്തവണയും പതിവ് തെറ്റിച്ചില്ല. മൂന്നുമുന്നണികൾക്കും ഒരുപോലെ പ്രാധാന്യമുള്ള ഉപതിരഞ്ഞെടുപ്പിലെ പോളിംഗ് ദിനത്തിന്റെ അന്നുതന്നെ ആത്മകഥയുടെ രൂപത്തിൽ ഇപിയുടെ രണ്ടാം ബോംബും എത്തി. പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിക്കുന്നതാണ് പുസ്തകം എന്ന വ്യക്തമാക്കുന്ന ആത്മകഥയിലെ ചില ഭാഗങ്ങളാണ് ഇന്നുരാവിലെ പുറത്തുവന്നത്.

പാലക്കാട്ട് പി സരിനെ ഇടതുമുന്നണി സ്ഥാനാർത്ഥിയാക്കിയതിലുള്ള അതൃപ്തിയും പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്. അവസരവാദിയെന്നാണ് സരിനെ ഇപി വിശേഷിപ്പിക്കുന്നത്. പാർട്ടിയും സർക്കാരും തെറ്റുകൾ തിരുത്തണമെന്നും, തന്റെ ഭാഗം കേൾക്കാതെയാണ് എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയതെന്നും ഇപി പരാമർശിക്കുന്നുണ്ട്. പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് ചർച്ചയാക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. സെക്രട്ടറിയേറ്റിൽ അറിയിച്ചശേഷമാണ് സാന്റിയാഗോ മാർട്ടിൻ അടക്കമുള്ളവരിൽ നിന്നും ദേശാഭിമാനിക്ക് പരസ്യം വാങ്ങിയത്. എന്നാൽ വിഎസ് അച്യുതാനന്ദൻ തനിക്ക് എതിരെ ആയുധമാക്കി.ചേലക്കരയിൽ അൻവറിന്റെ സ്ഥാനാർത്ഥി എൽഡിഎഫിനും ദോഷമുണ്ടാക്കുമെന്നും പുസ്തകത്തിൽ പറയുന്നു.

വിവാദമായതോടെ പുറത്തുവന്ന കാര്യങ്ങളെല്ലാം നിഷേധിച്ച് ഇപി രംഗത്തെത്തി. താൻ ഒന്നും അറിഞ്ഞിട്ടില്ലെന്നും ആത്മകഥ എഴുതി കൊണ്ടിരിക്കുകയാണെന്നുമാണ് ഇ.പി ജയരാജന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് ദിവസം ഇത്തരം വാർത്ത സൃഷ്‌ടിക്കാൻ യുഡിഎഫുമായി ചേർന്ന് നടത്തിയ ഗൂഢാലോചനയാണെന്നും പ്രസാധകർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതുകഴിഞ്ഞ് അല്പം കഴിഞ്ഞപ്പോൾ ആത്മകഥയുടെ ഇന്നുനടത്തുമെന്നുപറഞ്ഞിരുന്ന പ്രകാശനം മാറ്റിവച്ചുവെന്ന ഡിസിയുടെ അറിയിപ്പുമെത്തി. എന്നാൽ പുസ്തകത്തിന്റെ ഉള്ളടക്കമായി പുറത്തുവന്ന കാര്യങ്ങൾ പ്രസാധകരായ ഡിസി ബുക്സ് നിഷേധിച്ചിട്ടില്ല.

തുടങ്ങിവച്ചത് ശോഭ

കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് ഒഴുകുന്നു എന്നായിരുന്നു കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി യുഡിഎഫിനെതിരെ ഉയർത്തിയ പ്രധാന ആരോപണങ്ങളിൽ ഒന്ന്. പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയതോടെ യുഡിഎഫ് തീർത്തും പ്രതിരോധത്തിലായി. കെപിസിസി പ്രസിഡന്റ് കെ സുധാകരനും ബിജെിപിയിലേക്ക് പാേകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പരിഹസിച്ചിരുന്നു. കാര്യങ്ങൾ ഇങ്ങനെ പോകുന്നതിനിടെയാണ് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥിയായ അനിൽ ആന്റണിക്കെതിരെ ദല്ലാൾ നന്ദകുമാർ ആരോപണം ഉന്നയിക്കുന്നത്. ആ വാർത്താസമ്മേളനത്തിൽ ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന ശോഭാ സുരേന്ദ്രനെതിരെയും നന്ദകുമാർ ആരോപണം ഉന്നയിച്ചു. ഇതിനുമറുപടി പറയുന്നതിനിടെയാണ് ഒരു പ്രമുഖ സിപിഎം നേതാവ് ബിജെപിയിലേക്കുവരാൻ ചർച്ച നടത്തിയെന്ന് ശോഭ തുറന്നടിച്ചത്. എന്നാൽ നേതാവിന്റെ പേര് അവർ വെളിപ്പെടുത്തിയില്ല. പക്ഷേ, തിരഞ്ഞെടുപ്പ് ദിനത്തിന് തൊട്ടുമുമ്പ് കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ഇപിയുടെ പേര് വെളിപ്പെടുത്തിയത്. സിപിഎം നേതാക്കൾ ഇതിനെ കാര്യമായി പ്രതിരോധിക്കാൻ എത്താതായതോടെ വോട്ടെടുപ്പ് ദിനം ഇപി തന്നെ സ്വയം പ്രതിരോധവുമായി രംഗത്തെത്തി. ഇത് വൻ വിവാദമാവുകയും ചെയ്തു.

വോട്ടെടുപ്പുദിനം ഇപിയുടെ തുറന്നുപറച്ചിൽ കേട്ടുകൊണ്ടാണ് കേരളത്തിലെ ജനങ്ങൾ പോളിംഗ് കേന്ദ്രത്തിലേക്ക് പോയത്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഇപി ശരിക്കും വില്ലൻ റോളിലായി. പന്ത്രണ്ട് സീറ്റ് പ്രതീക്ഷിച്ചിരുന്ന ഇടതുമുന്നണി കേവലം ഒരു സീറ്റിലൊതുങ്ങി. ഇടതുമുന്നണിയെ തോൽപ്പിക്കാൻ അച്ചാരം വാങ്ങിയാണ് ഇപി തുറന്നുപറഞ്ഞത് എന്നുപോലും ആരോപണമുണ്ടായി. ഈ ആരോപണങ്ങൾ എല്ലാം ശരിവയ്ക്കുന്ന രീതിയിലായി തുടർന്നുള്ള കാര്യങ്ങൾ. പാർട്ടി അദ്ദേഹത്തെ ഇടുമുന്നണി കൺവീണർ സ്ഥാനത്തുനിന്നും നീക്കുകയും ചെയ്തു. ഇതിനിടെ പാർട്ടി പ്രവർത്തനം മതിയാക്കാൻ പോകുന്നു എന്നതരത്തിലും വാർത്തകൾ വന്നിരന്നു.

ചേലക്കരയും ഇപി തട്ടിയകറ്റുമോ‌‌?

പാലക്കാട് അസംബ്ളി സീറ്റും വയനാട് ലോക്സഭാ സീറ്റും ജയിക്കുമെന്ന് ഇടതുമുന്നണിക്ക് കാര്യമായ പ്രതീക്ഷയില്ല. പക്ഷേ ചേലക്കര അങ്ങനെയല്ല. അവിടെ ജയിച്ചേ പറ്റൂ. വർഷങ്ങളായി തങ്ങളുടെ കോട്ടയായ മണ്ഡലം കൈവിട്ടുപോകുന്നത് അവർക്ക് ആലോചിക്കാൻ പോലും ആകില്ല. ഒരുപക്ഷേ മണ്ഡലം കൈവിടുകയോ ഭൂരിപക്ഷം കുറയുകയോ ചെയ്താലും അതിന് കാരണക്കാരൻ ഇപിയായി മുദ്രകുത്തപ്പെടാം. ഇടതുമുന്നണിയെയും സിപിഎമ്മിനെയും ഇല്ലാതാക്കാനാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ഇപി എന്നതിന് പ്രത്യക്ഷ ഉദാഹരണമാണ് വോട്ടെടുപ്പ് ദിവസങ്ങളിലെ വിവാദങ്ങൾ എന്നാണ് പാർട്ടി പ്രവർത്തകർ ഉൾപ്പെടെ പറയുന്നത്.


Source link

Related Articles

Back to top button