5 ദിവസത്തിനിടെ മഹാരാഷ്ട്രയിൽ 11 ഇടങ്ങളിൽ മോദിയെത്തി; ഉദ്ധവിന്റെ ബാഗ് പരിശോധിച്ചതിൽ വിവാദം

5 ദിവസത്തിനിടെ 11 ഇടങ്ങളിൽ മോദിയെത്തി; ഉദ്ധവിന്റെ ബാഗ് പരിശോധിച്ചതിൽ വിവാദം- Narendra Modi will be addressing election rallies in Mumbai | Manorama News | Manorama Online

5 ദിവസത്തിനിടെ മഹാരാഷ്ട്രയിൽ 11 ഇടങ്ങളിൽ മോദിയെത്തി; ഉദ്ധവിന്റെ ബാഗ് പരിശോധിച്ചതിൽ വിവാദം

മനോരമ ലേഖകൻ

Published: November 14 , 2024 11:49 AM IST

1 minute Read

സോലാപുരിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാർട്ടി നേതാക്കൾ ആദരിച്ചപ്പോൾ. ചിത്രം: പിടിഐ

മുംബൈ∙ തിരഞ്ഞെടുപ്പിന് ആറുനാൾ ബാക്കി നിൽക്കെ കേന്ദ്രമന്ത്രിമാരുൾപ്പെടെ ഇരുമുന്നണികളിലെയും താരപ്രചാരകരെല്ലാം സംസ്ഥാനത്തു സജീവം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംഭാജി നഗറിലും മുംബൈയിലെ ശിവാജി പാർക്കിലും നവിമുംബൈയിലെ ഖാർഘറിലും തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യും. അഞ്ച് ദിവസത്തിനിടെ 11 ഇടങ്ങളിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രചാരണം നടത്തി വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാണ് ബിജെപിയും മഹായുതിയും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖ്യമായും ബിജെപി ഉയർത്തിക്കാട്ടുന്നത് മോദിയെയാണ്. പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലി കണക്കിലെടുത്ത് മുംബൈയിൽ കനത്ത സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.

കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി, പിയുഷ് ഗോയൽ, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ തുടങ്ങിയവർ ഇന്നലെ വിവിധ കേന്ദ്രങ്ങളിൽ തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ.മോഹൻ യാദവ് ഉൾപ്പെടെയുള്ളവർ സംസ്ഥാനത്ത് വന്ന് പോകുന്നുണ്ട്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സച്ചിൻ പൈലറ്റ് തുടങ്ങിയ നേതാക്കളും ഇന്നലെ മഹാവികാസ് അഘാഡിയുടെ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകി. ഇതിനൊപ്പം മുഖ്യമന്ത്രിമാരുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ കോൺഗ്രസ് നേതാക്കളുടെ വലിയ നിരയും പ്രചാരണത്തിൽ സജീവമാണ്.

തിരഞ്ഞെടുപ്പ് കമ്മിഷൻ തന്റെ ബാഗ് പരിശോധിച്ചതിനെതിരെ കടുത്ത പ്രതിഷേധം ഉയർത്തിയ ഉദ്ധവ് താക്കറെയെ പരിഹസിച്ചാണ് ഇന്നലെ മഹായുതി നേതാക്കൾ പലരും തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ചത്.
ബാഗിൽ കുടുങ്ങി മഹാരാഷ്ട്രീയംശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ ബാഗ് തിരഞ്ഞെടുപ്പ് കമ്മിഷൻ തുടർച്ചയായി പരിശോധിച്ചത് വിവാദമായിരിക്കെ, കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത്പവാർ, കേന്ദ്രമന്ത്രി രാംദാസ് അഠാവാലെ എന്നിവരുടെ ബാഗ് ഉദ്യോഗസ്ഥർ പരിശോധിക്കുന്ന വിഡിയോകളും പുറത്തുവന്നു. പാൽഘറിലെ പൊലീസ് മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങുമ്പോഴാണ് മുഖ്യമന്ത്രിയുടെ പെട്ടി തിര‍ഞ്ഞെടുപ്പ് കമ്മിഷൻ പരിശോധിച്ചത്. ദേവേന്ദ്ര ഫഡ്നാവിസിന്റെ ബാഗ് കോലാപുർ വിമാനത്താവളം, നിതിൻ ഗഡ്കരിയുടേത് ലാത്തൂർ, രാംദാസ് അഠാവാലെയുടേത് പുണെ എന്നിവിടങ്ങളിലാണ് പരിശോധിച്ചത്.

തിരഞ്ഞെടുപ്പ് റാലിക്ക് പുറപ്പെടുന്നതിനിടെ ബാരാമതിയിൽ വച്ചാണ് ഉപമുഖ്യമന്ത്രി അജിത്പവാറിന്റെ ബാഗ് പരിശോധിച്ചത്. ‘ഭരണഘടന കേവലം പ്രദർശനത്തിന് വേണ്ടി ഉയർത്തിപ്പിടിച്ചാൽ പോരെന്നും ഭരണഘടനാ മൂല്യങ്ങൾ അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും’ ഉദ്ധവ് താക്കറെയെയും ഇന്ത്യാ മുന്നണി നേതാക്കളെയും ലക്ഷ്യംവച്ച് ഫഡ്നാവിസ് പറഞ്ഞു.
ഫഡ്നാവിസിന് പുറമേ മറ്റു എൻഡിഎ നേതാക്കളും ഉദ്ധവിനെതിരെ രംഗത്തെത്തി. കഴിഞ്ഞ ദിവസം യവത്മാളിലെ വാനി, ലാത്തൂർ എന്നിവിടങ്ങളിൽ വച്ച് ഉദ്ധവിന്റെ ബാഗ് തിരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധിച്ചത് വലിയ വിവാദമായിരുന്നു. ഭരണകക്ഷി കമ്മിഷനെ കൂട്ടുപിടിച്ച് ഉദ്ധവിനെ പ്രത്യേകം ലക്ഷ്യം വയ്ക്കുകയാണെന്നും എൻഡിഎ നേതാക്കളുടെ ബാഗ് പരിശോധിക്കാൻ ഉദ്യോഗസ്ഥർ ധൈര്യപ്പെടുമോയെന്നും ചോദിച്ച് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു. അതേസമയം, ഉദ്ധവ് താക്കറെ ഉന്നയിച്ച പ്രശ്നത്തെ തണുപ്പിക്കാനും വിവാദം അദ്ദേഹത്തിനെതിരെ മറ്റൊരു രൂപത്തിൽ തിരിച്ചുവിടാനും കമ്മിഷന്റെ സഹകരണത്തോടെ ഭരണകക്ഷി നടത്തിയ കൂട്ടപരിശോധനാ നാടകമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു. അതിനിടെ,കൊങ്കൺ മേഖലയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണ യാത്രയ്ക്കിടെ സിന്ധുദുർഗിലെ ഗോവ–മഹാരാഷ്ട്ര ചെക്ക് പോസ്റ്റിൽ ഉദ്ധവ് താക്കറെയുടെ വാഹനവ്യൂഹം തടയുന്ന വിഡിയോ പുറത്തുവന്നു. വാഹനങ്ങളിലൊന്നിൽ ഉദ്ധവ് ഉണ്ടെന്ന് തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥർ ഇവരെ കടന്നുപോകാൻ അനുവദിച്ചു.

English Summary:
Narendra Modi will be addressing election rallies in Mumbai

30oqp450n3brqj8n2bq99a5adj 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-politics-elections mo-news-world-countries-india-indianews mo-news-national-states-maharashtra-mumbai mo-news-national-organisations0-electioncommissionofindia mo-politics-leaders-narendramodi


Source link
Exit mobile version