KERALAMLATEST NEWS

ഫേസ്ബുക്കിനോട് വിശദീകരണം തേടും,​ രാഹുലിന്റെ വീഡിയോ സിപിഎം പേജിൽ വന്ന സംഭവത്തിൽ കേസെടുക്കാതെ പൊലീസ്

പത്തനംതിട്ട: സിപിഎമ്മിന്റെ ഫേസ്ബുക്ക് പേജിൽ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ പുറത്തുവന്ന സംഭവത്തിൽ കേസെടുക്കാതെ പൊലീസ്. തിങ്കളാഴ്ചയാണ് സിപിഎം പത്തനംതിട്ട ജില്ല സെക്രട്ടറി എസ്‌പിക്ക് പരാതി നൽകിയത്. പരാതി സൈബർ സെല്ലിന് കൈമാറുമെന്നാണ് എസ്‌പി നേരത്തെ അറിയിച്ചിരുന്നത്. വിശദമായ അന്വേഷണം നടന്നുവരികയാണെന്നാണ് സൈബർ പൊലീസ് അറിയിച്ചത്.

സംഭവത്തിൽ ഫേസ്ബുക്കിനോട് വിശദീകരണം തേടുമെന്നും ഹാക്കിംഗ് നടന്നതായി ബോദ്ധ്യപ്പെട്ട ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ‘പാലക്കാട് എന്ന സ്നേഹ വിസ്മയം’ എന്ന് അടിക്കുറിപ്പോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ പത്തനംതിട്ട സിപിഎമ്മിന്റെ പേജിൽ പ്രത്യക്ഷപ്പെട്ടത്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.

എന്നാൽ വീഡിയോ വന്ന പേജ് സിപിഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജല്ലെന്നായിരുന്നു സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ആദ്യം പ്രതികരിച്ചിരുന്നത്. പേജിന്റെ അഡ്മിൻമാരിൽ ഒരാൾ തന്നെയാണ് വീഡിയോ അപ്‌ലോഡ് ചെയ്തതെന്ന വിവരവും പുറത്തുവന്നിട്ടും ഹാക്കിംഗ് നടന്നെന്ന് ആരോപിക്കുകയാണ് സിപിഎം.വീഡിയോ പുറത്തുവന്നതോടെ ഫേസ്ബുക്ക് പേജിന്റെ അഡ്മിൻ പാനലിലും അഴിച്ചുപണി നടത്തിയിരുന്നു.


Source link

Related Articles

Back to top button