ശബരിമല അരവണയിൽ കെ.എഫ്.ഡി.സിയുടെ ഏലക്ക

കോട്ടയം: ശബരിമല അരവണയിൽ ഇനി ഉപയോഗിക്കുക വനം വികസന കോർപ്പറേഷൻ (കെ.എഫ്.ഡി.സി) തോട്ടങ്ങളിലെ ജൈവ ഏലക്ക. നാലുടൺ (4000 കിലോ) ഏലക്കയാണ് കെ.എഫ്.ഡി.സി തോട്ടങ്ങളിൽ ഉത്പാദിപ്പിക്കുന്നത്. ഇത് മുഴുവൻ വേണമെന്ന ദേവസ്വം ബോർഡിന്റെ ആവശ്യം അംഗീകരിച്ചതായി കെ.എഫ്.ഡി.സി എം.ഡി ജോർജ് പി. മാത്തച്ചൻ കേരളകൗമുദിയോട് പറഞ്ഞു. മണ്ഡലകാലത്ത് അരവണയ്‌ക്കായി 12 ടൺ ഏലക്ക വേണം.

അനുവദനീയമായതിൽ കൂടുതൽ കീടനാശിനി കണ്ടതിനെത്തുടർന്ന് 2023 ജനുവരി 11ന് അരവണയുടെ വില്പന ഹൈക്കോടതി തടഞ്ഞിരുന്നു. ജൈവ ഏലക്ക ഉപയോഗിക്കണമെന്ന് കർശന നിർദ്ദേശവും നൽകി. ദേവസ്വംബോർഡ് സുപ്രീംകോടതിയെ സമീപിച്ചപ്പോൾ അരവണയിൽ ചേർത്ത എലക്കയിൽ അളവിൽ കൂടുതൽ കീടനാശിനി ഉണ്ടെന്ന് ഹർജിക്കാരന് തെളിയിക്കാനായില്ല. ഇതോടെ കേസ് തള്ളിപ്പോയി. പക്ഷേ മാസങ്ങൾ കഴിഞ്ഞതിനാൽ ആ അരവണ ഭക്തർക്ക് നൽകേണ്ടെന്ന് ബോർഡ് തീരുമാനിച്ചു.

ദേവസ്വം ബോർഡും ഏലക്കൃഷിക്ക്

കീടനാശിനി അംശം ഒഴിവാക്കാൻ ദേവസ്വം ബോർഡും ഏലം കൃഷി ചെയ്യാനുള്ള ആലോചനയിലാണ്. ദേവികുളം നാഗമലയിലെ പത്തേക്കറിലാണ് കൃഷി ഉദ്ദേശിക്കുന്നതെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. ഏലക്കൃഷിക്ക് ഇന്ത്യൻ കൗൺസിൽ ഒഫ് അഗ്രിക്കൾച്ചറൽ റിസർച്ചാണ് (ഐ.സി.എ.ആർ)​ സാങ്കേതിക സഹായം നൽകുന്നത്. ഗുണനിലവാരം ഉറപ്പാക്കുന്നതിനൊപ്പം ചെലവ് കുറയ്ക്കുകയുമാണ് ലക്ഷ്യം.


Source link
Exit mobile version