തൃശൂർ: ഉപതിരഞ്ഞെടുപ്പ് ദിവസം ഇ.പി പുസ്തക വിവാദം ചേലക്കരയിലെ ഇടതു പ്രവർത്തകർക്ക് അപ്രതീക്ഷിത പ്രഹരവും യു.ഡി.എഫിന് ആഘോഷത്തിന് വകയുമായി. കെ.രാധാകൃഷ്ണനെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചതിലെ ഇ.പിയുടെ അതൃപ്തി, ബി.ജെ.പിയിൽ നിന്ന് ക്ഷണം ലഭിച്ചെന്ന പരാമർശം എന്നിവ യു.ഡി.എഫ് വ്യാപകമായി പ്രചരിപ്പിച്ചു. വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് ഇത് കരിമരുന്നിന് തീപിടിച്ച പോലെ പടർന്നത് എൽ.ഡി.എഫ് ക്യാമ്പിനെ മ്ലാനമാക്കി.
എന്നാൽ ഇതെല്ലാം നിഷേധിച്ച് ഇ.പി രംഗത്തെത്തിയതോടെ മറുപടിയുമായി സി.പി.എം സൈബർ ടീമും ആക്ടീവായി. പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ കെ.രാധാകൃഷ്ണനെ ഒതുക്കിയെന്ന് യു.ഡി.എഫ് ആരോപിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന തരത്തിൽ ഇ.പിയുടെ ആത്മകഥാ പരാമർശം കൂടിയായപ്പോൾ യു.ഡി.എഫ് പ്രവർത്തകർ ആഘോഷമാക്കി.
ഇ.പി പറഞ്ഞത് വിശ്വസിക്കുന്നു: എം.വി.ഗോവിന്ദൻ
ആത്മകഥാ വിവാദത്തിൽ ഇ.പി. ജയരാജൻ പറഞ്ഞത് വിശ്വസിക്കുന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പുസ്തകം എഴുതാൻ പാർട്ടിയോട് മുൻകൂർ അനുവാദം വാങ്ങേണ്ട കാര്യമില്ല.
എന്നാൽ പ്രസിദ്ധീകരിക്കുന്നതിന് മുൻപ് പാർട്ടിയുമായി ആലോചന വേണം. പുസ്തകം എഴുതി പൂർത്തിയാക്കിയിട്ടില്ലെന്ന് ഇ.പി തന്നെ പറഞ്ഞിട്ടുണ്ടല്ലോ. ആത്മകഥയിലെ ഭാഗങ്ങളെന്ന പേരിൽ പുറത്തുവന്ന വെളിപ്പെടുത്തലുകൾ സി.പി.എമ്മിനെതിരെ മാദ്ധ്യമങ്ങൾ നടത്തുന്ന ഗൂഢാലോചനയാണ്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തോന്ന്യവാസം എഴുതി പാർട്ടിയുടെ മേൽ കെട്ടിവയ്ക്കാനുള്ള നീക്കമാണ്. പ്രസാധകർക്കും ബിസിനസ് താത്പര്യമുണ്ടാകും. നിയമ നടപടി സ്വീകരിക്കേണ്ടത് ജയരാജനാണ്. എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ ഇ.പി അതൃപ്തി അറിയിച്ചിട്ടുണ്ടങ്കിൽ തന്നെ അത് മാദ്ധ്യമങ്ങളോട് പറയണ്ട കാര്യമില്ല. പുസ്തകവുമായി ബന്ധപ്പെട്ട് താൻ അതൃപ്തി അറിയിച്ചെന്ന് ഒരു മാദ്ധ്യമം വാർത്ത നൽകി. ഇത്തരത്തിലാണ് മാദ്ധ്യമങ്ങൾ വ്യാജ വാർത്തകൾ ചമയ്ക്കുന്നത്.
ആകാശത്തുനിന്ന് ആത്മകഥ വരുമോ: വി.ഡി.സതീശൻ
സർക്കാരിനെ കുറിച്ച് സി.പി.എം പ്രവർത്തകർക്ക് പറയാനുള്ളതാണ് ഇ.പി. ജയരാജന്റെ വാക്കിലൂടെ പുറത്തുവന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബി.ജെ.പിയിലേക്ക് പോയ ഒരാളെ സി.പി.എം സ്ഥാനാർത്ഥിയാക്കിയതിലുള്ള കലാപമാണ് പുറത്തായത്. പ്രസാധകർക്ക് ആകാശത്തു നിന്ന് ആത്മകഥ എഴുതാൻ പറ്റുമോ. ആത്മകഥ ശത്രുക്കളാണോ മിത്രങ്ങളാണോ പുറത്തെത്തിച്ചതെന്ന് ഇ.പി അന്വേഷിക്കണം. ഇ.പി കൊടുത്തതിനെക്കാൾ നല്ല സർട്ടിഫിക്കറ്റ് പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥിക്ക് ഇനി നൽകാനില്ല. ഇ.പിയുടെ ആത്മകഥ പ്രകാശനം തടയാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഡി.സി ബുക്സ് ഓഫീസിലേക്ക് ഫോൺ വിളിയെത്തിയെന്നും സതീശൻ പറഞ്ഞു.
ഇ.പിയുടേത് നാട്ടുകാരുടെ അഭിപ്രായം: കെ. സുരേന്ദ്രൻ
പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി പി. സരിനെ പറ്റി ഇ.പി. ജയരാജൻ പറഞ്ഞത് നാട്ടുകാരുടെ അഭിപ്രായമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. സി.എ.എയുടെ കാലത്ത് ഭൂരിപക്ഷ സമുദായത്തിന് ചികിത്സയില്ലെന്ന ബോർഡ് വീട്ടിൽ തൂക്കിയ വ്യക്തിയാണ് സരിൻ. ഇപ്പോൾ അദ്ദേഹം ചന്ദനക്കുറിയും തൊട്ട് ഷാളുമിട്ട് അമ്പലങ്ങളിലും അഗ്രഹാരങ്ങളിലും കയറി ഇറങ്ങുകയാണ്. അദ്ദേഹത്തെ അവസരവാദിയെന്നല്ലാതെ എന്താണ് വിശേഷിപ്പിക്കുക. സരിനെ സ്ഥാനാർത്ഥിയാക്കിയത് യു.ഡി.എഫിന് വോട്ട് മറിക്കാൻ വേണ്ടിയാണ്. എന്നാൽ സി.പി.എം അണികൾ കൃഷ്ണകുമാറിന് വോട്ടിടും. ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തിലും യാഥാർത്ഥ്യമാവുകയാണ്. സത്യം തുറന്നു പറഞ്ഞതിന് ഇ.പിയെ അഭിനന്ദിക്കുന്നു. പിണറായിയുടെ കുടുംബാധിപത്യമാണ് സി.പി.എമ്മിൽ നടക്കുന്നത്. സമ്പൂർണ തകർച്ചയിലേക്കാണ് സി.പി.എം പോകുന്നതെന്നും കെ. സരേന്ദ്രൻ പറഞ്ഞു.
Source link