‘എനിക്ക് ലിസിയെ കാണണം’: മരണക്കിടക്കയിൽ സുകുമാരി പറഞ്ഞു!
ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ തിന്മകള്‍ മരണത്തോടെ അവസാനിക്കുന്നു. മരണം എല്ലാ പാപങ്ങളും വിമലീകരിക്കുന്നു എന്നാണ് ചൊല്ല്. എന്നാല്‍ ജീവിച്ചിരുന്ന കാലത്ത് അപകീര്‍ത്തികരമായ ഒന്നും ഉയര്‍ന്നു വരാത്ത ഒരു അഭിനേത്രിയെക്കുറിച്ച് അവര്‍ മരിച്ച് വര്‍ഷങ്ങള്‍ക്കു ശേഷം ലജ്ജാകരമായ കഥകള്‍ പ്രചരിക്കുക എന്ന വൈപരീത്യത്തിന് കേരളം സാക്ഷിയായി. 2500ല്‍ അധികം സിനിമകളില്‍ അഭിനയിച്ച് റെക്കോര്‍ഡിട്ട് സുകുമാരിയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. എണ്ണപ്പെരുക്കം കൊണ്ട് മാത്രമല്ല സുകുമാരി ശ്രദ്ധേയായത്. എത്രയൊക്കെ വാഴ്ത്തിപ്പാടിയാലും ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട അഭിനേത്രിയായിരുന്നു സുകുമാരിയുടെ സമകാലികയായ കവിയൂര്‍ പൊന്നമ്മ. അതിനപ്പുറം ഏത് വേഷം ചെയ്യുമ്പോഴും അവരുടെ പെര്‍ഫോമിങ് സ്‌റ്റൈലില്‍ പ്രകടമായ സമാനതകള്‍ ഏറെയുണ്ടായിരുന്നു. കഥാപാത്രങ്ങളെ അഭിനേതാക്കള്‍ ഇംപ്രൊവൈസ് ചെയ്യുമ്പോള്‍ സംഭവിക്കുന്ന വൈവിധ്യത്തിന് മലയാളത്തില്‍ ഉദാഹരണങ്ങള്‍ ഏറെയുണ്ട്. തിലകനും നെടുമുടിയും പുരോഹിത വേഷത്തില്‍ പത്ത് തവണ വന്നാല്‍ പത്തും പത്ത് തരത്തിലായിരിക്കും. ഇവിയെയാണ് ഒരു നടന്റെ റേഞ്ച് പ്രകടമാകുന്നത്.
നടിമാരുടെ കാര്യവും ഇങ്ങനെ തന്നെ. സമാനസ്വഭാവമുളള കഥാപാത്രങ്ങളെ പോലും വേറിട്ട വ്യാഖ്യാനം കൊണ്ട് പുതുമയുളളതാക്കിയ അഭിനേത്രിയാണ് കെ.പി.എ.സി ലളിത. എന്നാല്‍ അക്കാലത്തെ മഹാനടിമാരുടെ പട്ടികയില്‍ പലരും ചേര്‍ക്കാന്‍ മറന്നു പോയ ഒരു പേരുണ്ട്. സുകുമാരി. അവര്‍ അന്നും ഇന്നും ഓർമിക്കപ്പെടുന്നത് സവിശേഷമായ ഒരു റെക്കോര്‍ഡിന്റെ പേരിലാണ്. 2500ല്‍ അധികം സിനിമകളില്‍ സാന്നിധ്യമറിയിച്ച അവരാണ് ലോകത്തില്‍ ഏറ്റവുമധികം പടങ്ങളില്‍ അഭിനയിച്ച നടിയെന്ന് പറയപ്പെടുന്നു. നടി മനോരമയുടെ പേരും ഇതേ റിക്കാര്‍ഡുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്. ഔദ്യോഗിക സ്ഥിരീകരണം ഇക്കാര്യത്തില്‍ ഇതുവരെയുണ്ടായതായി അറിവില്ല. എന്നാല്‍ എണ്ണത്തിലല്ല ഗുണമേന്മയിലും സുകുമാരി മികച്ച നടി തന്നെയായിരുന്നു. ലളിതയും മറ്റും ആര്‍ട്ട്ഹൗസ് സിനിമകളിലെ പ്രകടനം വഴി അക്കാദമിക് തലത്തില്‍ അംഗീകരിക്കപ്പെട്ട അഭിനേതാവായി വാഴ്ത്തപ്പെട്ടപ്പോള്‍ സുകുമാരിയെ അക്കാലത്തെ കച്ചവട സിനിമകളിലെ ഒരു ഘടകം എന്ന തലത്തില്‍ പരിമിതിപ്പെടുത്താനാണ് പലരും ശ്രമിച്ചത്. അഭിനയത്തിന് ആര്‍ട്-കൊമേഴ്‌സ്യല്‍ വേര്‍തിരിവുകളില്ല എന്നതാണ് വാസ്തവം.
അമ്പരപ്പിക്കുന്ന വൈവിധ്യം
സുകുമാരിയുടെ റേഞ്ച് വ്യക്തമാക്കുന്ന ഒരു വേഷമുണ്ട്. ബോയിങ് ബോയിങ് എന്ന സിനിമയിലെ ഡിക്കമ്മായി. മദാമ്മമാരെ പോലെ വേഷം ധരിച്ച് വളരെ സ്‌റ്റൈലിഷായി സംസാരിക്കുകയും നൃത്തം ചെയ്യുകയും ചലനങ്ങളില്‍ പോലും പ്രത്യേക റിഥം സൂക്ഷിക്കുന്ന ഡിക്കമ്മായിയുടെ സ്ഥായീഭാവം നിസംഗതയാണ്. നായകനും ഉപനായകനും ചേര്‍ന്ന് (മോഹന്‍ലാലും മുകേഷും) മൂന്ന് എയര്‍ഹോസ്റ്റസുകളെ അവര്‍ പരസ്പരം അറിയാതെ ഒരു ഫ്‌ളാറ്റില്‍ കൊണ്ടു വന്ന് പ്രണയിക്കുന്ന ഇടത്ത് വീട്ടുജോലിക്കാരിയാണ് ഡിക്കമ്മായി. ചുറ്റും നടക്കുന്നതൊന്നും കണ്ടില്ല കേട്ടില്ല എന്ന് നടിച്ച് കൂളായി ജീവിക്കുന്ന ഡിക്കമ്മായി ഇടയ്ക്ക് പിണങ്ങുകയും കോപിക്കുകയും സങ്കടപ്പെടുകയും പരിഭവിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. വൈവിധ്യപൂര്‍ണ്ണമായ ഒരുപാട് ഭാവങ്ങളും മൂഡ്‌ചേഞ്ചുകളും ആവാഹിക്കുന്ന ഈ കഥാപാത്രത്തെ അവര്‍ ഉജ്ജ്വലമാക്കി എന്നതല്ല വിഷയം. ആ വേഷം മലയാളത്തില്‍ മറ്റൊരു നടിക്കും ഈ തലത്തില്‍ അഭിനയിച്ച് ഫലിപ്പിക്കാന്‍ കഴിയില്ല എന്നതാണ്. ലളിതയ്ക്കും പൊന്നമ്മയ്ക്കും ഫിലോമിനയ്ക്കും അടൂര്‍ ഭാവനിക്കുമൊന്നും യൂറോപ്യന്‍ ലുക്കും ടച്ചുമുളള ഈ കഥാപാത്രത്തെ ആ ക്യാരടക്ടര്‍ കോണ്‍സപ്റ്റ് ഡിമാന്‍ഡ് ചെയ്യുന്ന തലത്തില്‍ ആവിഷ്‌കരിക്കാന്‍ കഴിയുമോ ? അവര്‍ ചെയ്താലും ഇത്രമേല്‍ പൂര്‍ണ്ണത ലഭിക്കാനുമിടയില്ല. അവിടെയാണ് സുകുമാരി എന്ന നടിയുടെ ഗ്രാഫ് ഉയര്‍ന്നു നില്‍ക്കുന്നത്.
സ്‌റ്റൈലൈസ്ഡ് ആക്ടിങ്ങിൽ പ്രഗത്ഭരായ നടന്‍മാരുണ്ട്. നടിമാരുടെ കാര്യത്തില്‍ അപൂര്‍വമാണിത്. സുകുമാരി ആ കുറവ് നികത്തി. ചിരിയോ ചിരി എന്ന പടത്തില്‍ താൽക്കാലിക കാര്യസാധ്യത്തിനായി സോപ്പിട്ട് പെരുമാറുകയും കാര്യം കഴിഞ്ഞ് ചുറ്റുമുളളവരെ നിഷ്‌ക്കരുണം വലിച്ചെറിയുകയും ചെയ്യുന്ന സിനിമാ നടിയായി തന്നെ അവര്‍ സമാനതകളില്ലാത്ത പ്രകടനം കാഴ്ചവച്ചു. കാര്യം നിസാരത്തില്‍ കെ.പി. ഉമ്മറിന്റെ ഭാര്യയുടെ റോളിലും പതിവ് വേഷങ്ങളില്‍ നിന്ന് വേറിട്ട പ്രകടനം കൊണ്ട് സുകുമാരി വിസ്മയിപ്പിച്ചു. പൂച്ചയ്ക്കൊരു മൂക്കുത്തിയിലെ പൊങ്ങച്ചക്കാരിയെ എത്ര തന്മയത്വമായാണ് അവര്‍ അവതരിപ്പിച്ചത്. സിനിമ ചെറുതായാലും വലുതായാലും സുകുമാരിയമ്മ കലക്കും എന്നതാണ് ഫിലിം ഇന്‍ഡസ്ട്രിയില്‍ പൊതുവെയുളള ഖ്യാതി. അതൊരു കറകളഞ്ഞ സത്യമാണെന്ന് അവരുടെ കഥാപാത്രങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും.
ഭീംസിങ്ങുമായുള്ള പ്രണയകാലം
ലളിതപത്മിനിരാഗിണിമാരുടെ ബന്ധുവായ സുകുമാരി പത്താമത്തെ വയസില്‍ മദ്രാസിലെത്തിയതാണ്. അവര്‍ക്കൊപ്പമായിരുനനു സുകുമാരിയും താമസിച്ചിരുന്നത്. നന്നായി നൃത്തം ചെയ്യുമായിരുന്ന സുകുമാരിക്കും അഭിനയിക്കാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നു. ചെറിയ റോളുകളില്‍ അഭിനയിച്ചു കൊണ്ടായിരുന്നു തുടക്കം. പിന്നീട് അത് വലിയ വേഷങ്ങളിലേക്ക് വളര്‍ന്നു. സുകുമാരിയുടെ പ്രതിഭ തിരിച്ചറിഞ്ഞ സിനിമാ ലോകം അവരെ കൂടുതലായി പ്രയോജനപ്പെടുത്താന്‍ തുടങ്ങി. അങ്ങനെ വളരെ തിരക്കുളള നടിയായി മാറി. ഈ സമയത്താണ് തമിഴിലെ അന്നത്തെ മുന്‍നിര സംവിധായകനായിരുന്ന ഭീംസിങ്ങിനെ പരിചയപ്പെടുന്നത്. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ രാഗം അടക്കമുളള പടങ്ങള്‍ അദ്ദേഹത്തിന്റേതാണ്. ഭീംസിങ്ങിന് സുകുമാരിയോട് ഇഷ്ടം തോന്നി. ഭീംസിങ് നിലവില്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. എന്നാല്‍ അക്കാലത്ത് തമിഴ്‌നാട്ടില്‍ ബഹുഭാര്യത്വം സ്വാഭാവികമായിരുന്നതിനാല്‍ സുകുമാരിയും ഭീംസിങ്ങും തമ്മിലുളള അടുപ്പത്തിന് തടസമൊന്നുമുണ്ടായില്ല. ആദ്യഭാര്യയുടെ സമ്മതത്തോടെ തന്നെ അദ്ദേഹം സുകുമാരിയെ വിവാഹം ചെയ്തു. ആ ബന്ധത്തില്‍ ഒരു ആണ്‍കുട്ടി ജനിക്കുകയും ചെയ്തു. സുരേഷ് എന്നാണ് അവന് പേരിട്ടത്. തന്റെ മക്കളിലൊരാള്‍ ഡോക്‌റാവണമെന്ന് വലിയ ആഗ്രഹമായിരുന്നു ഭീംസിങ്ങിന്. സുകുമാരി അത് യാഥാർഥ്യമാക്കുകയും ചെയ്തു. അവരുടെ മകന്‍ ഇന്ന് ഡോ.സുരേഷാണ്.
53 -ാം വയസില്‍ ഭീംസിങ് ജീവിതത്തിന്റെ ക്യാമറയ്ക്ക് മുന്നില്‍ നിന്ന് ഫേഡ് ഔട്ടായി. അതൊരു വല്ലാത്ത ഷോക്കായിരുന്നു സുകുമാരിക്ക്. കുറെക്കാലം അവര്‍ അഭിനയരംഗത്തു നിന്നും മാറി നിന്നു. പക്ഷെ ഒരു ഘട്ടമെത്തിയപ്പോള്‍ ഒരു കാര്യം മനസിലായി. വേദനിപ്പിക്കുന്ന ഓര്‍മ്മകളുമായി ഇങ്ങനെ ഒതുങ്ങിക്കൂടിയാല്‍ മനസ് കൂടുതല്‍ തകര്‍ന്നു പോവുകയേയുളളു. അഭിനയമാണ് അറിയാവുന്ന ഏകജോലി. അഭിനയരംഗത്ത് കൂടുതല്‍ സജീവമാകുക എന്നതാണ് സ്വയം ശക്തിപ്പെടുത്താനുളള ഏക പോംവഴി. അങ്ങനെ അമ്മ വേഷങ്ങളിലൂടെ വീണ്ടും സിനിമയില്‍ സജീവമായി. പ്രിയദര്‍ശന്റെ സിനിമകളാണ് സുകുമാരിയിലെ അഭിനേത്രിയെ കൂടുതല്‍ തിരിച്ചറിയാന്‍ പര്യാപ്തമായ മികച്ച വേഷങ്ങളിലെത്തിച്ചത്. തേന്മാവിന്‍ കൊമ്പത്തിലെ ഗിഞ്ചിമൂട് ഗാന്ധാരിയൊക്കെ അവരിലെ നടിയെ മറ്റൊരു വിതാനത്തിലേക്ക് ഉയര്‍ത്തുകയുണ്ടായി.
ലിസിക്കും പ്രിയനും തണലായ സുകുമാരിയമ്മ
സഹജീവിസ്‌നേഹവും ആര്‍ദ്രതയും സൂക്ഷിക്കുന്ന സുകുമാരി ഒരു നല്ല മനസിന്റെ ഉടമയായിരുന്നു. പ്രിയദര്‍ശന് ഇത് നന്നായി അറിയാം. പ്രിയനും ലിസിയും പ്രണയത്തിലായിരുന്ന കാലത്ത് ലിസിയെ ഒരു വീട്ടില്‍ സുരക്ഷിതമായി താമസിപ്പിക്കേണ്ട സാഹചര്യം വന്നു. പ്രിയന്‍ അതിനായി തിരഞ്ഞെടുത്തത് സുകുമാരിയുടെ വീടായിരുന്നു. അതിന്റെ പേരില്‍ പലരും അവരെ പഴിച്ചു. വിശേഷിപ്പിക്കാന്‍ പാടില്ലാത്ത പദങ്ങള്‍ ഉപയോഗിച്ച് അഭിസംബോധന ചെയ്തു. അപ്പോഴൊന്നും അവര്‍ തിരുത്താനോ പ്രതികരിക്കാനോ പോയില്ല. സ്‌നേഹിക്കുന്ന രണ്ട് മനസ്സുകള്‍ തമ്മില്‍ ഒന്നിക്കുന്നതില്‍ തന്നാല്‍ കഴിയുന്ന സഹായം ചെയ്തുകൊടുക്കുക. ജാതിയും മതവുമൊന്നും സ്‌നേഹത്തിന് തടസമാവരുതെന്ന് അവര്‍ നിഷ്‌കര്‍ഷിക്കാന്‍ കാരണമുണ്ട്. മലയാളി പോലുമല്ലാത്ത ഭീംസിങ്ങിനെ സ്‌നേഹിച്ച് വിവാഹം കഴിച്ച വ്യക്തിയായിരുന്നു അവര്‍.
പെണ്‍മക്കളില്ലാത്ത സുകുമാരി സ്വന്തം മകളെ പോലെയാണ് ലിസിയെ കണ്ടതും പരിചരിച്ചതും. സുകുമാരിയുടെ ഭക്തിയും ഏറെ പ്രസിദ്ധമാണ്. ആലപ്പി അഷറഫിന്റെ ഒരു പടത്തിന്റെ ഷൂട്ട് നടക്കുമ്പോള്‍ സുകുമാരി എന്തോ എഴുതിക്കൊണ്ടിരിക്കുകയാണ്. എന്താണെന്ന് അറിയാന്‍ അദ്ദേഹം ചെന്നു നോക്കി. ഓം നമ ശിവായ എന്നാണ് എഴുതുന്നത്. അഷറഫ് കാര്യം തിരക്കിയപ്പോള്‍ അവര്‍ പറഞ്ഞു. ‘‘എനിക്കിത് ഒരു ലക്ഷം എത്തിക്കണം. കുറച്ച് കൂടി കഴിഞ്ഞാല്‍ ഒരു ലക്ഷമാകും. ഒരു ലക്ഷം തികഞ്ഞിട്ടേ ഞാന്‍ പേന അടച്ചു വയ്ക്കൂ.’’
എപ്പോഴും പൂജയും പ്രാര്‍ത്ഥനയും വഴിപാടുകളും മന്ത്രജപങ്ങളുമായി ഒരു ഭക്തസമീരയായിട്ടാണ് സുകുമാരിയെ സിനിമാ ലോകവും അടുപ്പമുളളവരും കണ്ടിരുന്നത്. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഹോട്ടല്‍ മുറിയില്‍ എത്തിയാല്‍ പോലും അതിന്റെ ഒരു കോണില്‍ ഈശ്വരന്‍മാരുടെ ചിത്രങ്ങളൊക്കെ വച്ച് പ്രാര്‍ത്ഥിക്കും. അടുത്തുളള ക്ഷേത്രങ്ങളില്‍ കഴിയുന്നത്ര തവണ പോയി തൊഴും. ഇതൊക്കെ അവരുടെ മുടങ്ങാത്ത ശീലങ്ങളായിരുന്നു. നെറ്റിയില്‍ പലപ്പോഴും സന്ന്യാസിനിമാരെ പോലെ നീളത്തില്‍ ഭസ്മക്കുറിയും ചന്ദനവും തൊട്ടിരിക്കും.
അഗ്നിബാധയും അവസാനത്തെ ആഗ്രഹവും
അവരുടെ മരണത്തിലേക്ക് വഴിയൊരുക്കിയ അപകടം നടന്നതിന്റെ തലേന്ന് ഷൂട്ടിങ് കഴിഞ്ഞ് ഏറെ വൈകിയാണ് സുകുമാരി എത്തിയത്. ഉണര്‍ന്നപ്പോള്‍ 9 മണിയായി. മകന്‍ സുരേഷ് അമ്മയ്ക്ക് പൂജ ചെയ്യാനുളള സൗകര്യങ്ങളൊരുക്കി പുറത്തേക്കിറങ്ങി. ഒരു വിളക്കും കത്തിച്ചു വച്ചിരുന്നു. ഒരു മാക്‌സിയാണ് അന്ന് സുകുമാരി ധരിച്ചിരുന്നത്. മുറി ഒന്ന് കൂടി വൃത്തിയാക്കണമെന്ന് അവര്‍ക്ക് തോന്നി. മാക്‌സി ലുങ്കി പോലെ മടക്കിക്കുത്തി തിരിഞ്ഞു നിന്ന് വൃത്തിയാക്കുന്നതിനിടയിലാണ് വിളക്കില്‍ നിന്നും തീ പിടിക്കുന്നത്. സുകുമാരി അതറിഞ്ഞില്ല. തീ പടര്‍ന്ന് കയറി വല്ലാതെ ജ്വലിച്ച് ചൂടുതട്ടിയപ്പോഴാണ് എന്തോ സംഭവിച്ചെന്ന് മനസിലാകുന്നത്.
പെട്ടെന്ന് അവര്‍ അലറി വിളിച്ചു. വീട്ടിലെ ജോലിക്കാരന്‍ അടുക്കളയില്‍ നിന്നും പാലെടുക്കാന്‍ ഫ്രിഡ്ജിനടുത്തേക്ക് വരുമ്പോഴാണ് പൂജാമുറിയില്‍ തീപടരുന്ന കാഴ്ച കാണുന്നത്. അയാള്‍ പാലെടുത്ത് സുകുമാരിയുടെ ദേഹത്ത് ഒഴിച്ചപ്പോഴാണ് തീ കുറച്ചൊന്ന് അണയുന്നത്. അപ്പോഴേക്കും ഉദരഭാഗത്ത് കൂടുതലായി പൊളളലേറ്റിരുന്നു. അപ്പോള്‍ തന്നെ ജോലിക്കാരന്‍ ഫോണ്‍ ചെയ്ത് മകനെ വിവരം അറിയിച്ചു. സുരേഷ് ഓടിയെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അപകടകരമായ അവസ്ഥയിലാണെന്ന് ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു. അപ്പോള്‍ തന്നെ ഐ.സി.യുവില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വിവരം അറിഞ്ഞ് ഓടിയെത്തിയ നടി സീമയെ ഐ.സി.യുവില്‍ കടക്കാന്‍ ആശുപത്രിക്കാര്‍ അനുവദിച്ചില്ല. അവര്‍ വഴക്കിട്ട് അകത്ത് കയറി. സീമയോട് സുകുമാരി തന്റെ അവസാനത്തെ ആഗ്രഹം പറഞ്ഞു, ‘എനിക്ക് ലിസിയെ ഒന്ന് കാണണം’. ലിസി കാണാനായി വന്നു. അവരുടെ ബന്ധം അത്ര ദൃഢമായിരുന്നു. തനിക്ക് പിറക്കാതെ പോയെങ്കിലും കര്‍മ്മബന്ധം കൊണ്ട് മകളായി മാറിയ വ്യക്തിയായിരുന്നു സുകുമാരിയെ സംബന്ധിച്ച് ലിസി.
ജയലളിതയുടെ സന്ദര്‍ശനം
അതിനിടയില്‍ അപകടവിവരം തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അറിഞ്ഞു. പൊതുവെ ഇത്തരം കാര്യങ്ങള്‍ക്ക് പോകുന്ന ശീലം അവര്‍ക്കില്ല. പക്ഷെ ജയലളിത സുകുമാരിയെ കാണാന്‍ വന്നു എന്ന് മാത്രമല്ല അടുത്തിരുന്ന് വിവരങ്ങള്‍ ചോദിച്ചറിയുകയും ആ ശിരസില്‍ തലോടി ആശ്വസിപ്പിക്കുകയും ചെയ്തു. അത്രമാത്രം ഊഷ്മള സൗഹൃദമുണ്ടായിരുന്നു സുകുമാരിയും അവരും തമ്മില്‍. തമിഴ്‌നാട് സര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരമാണ് അവര്‍ക്ക് പത്മശ്രീ ബഹുമതി ലഭിക്കുന്നത്. അന്ന് രാഷ്ട്രപതിയായിരുന്ന ഏ.പി.ജെ അബ്ദുള്‍ കലാമില്‍ നിന്നാണ് സുകുമാരി അതേറ്റു വാങ്ങിയത്.
കേരളം പല സന്ദര്‍ഭങ്ങളിലും അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ നല്‍കാതെ അവഗണിച്ചിട്ടും തന്റെ മൃതദേഹം ജന്മനാട്ടില്‍ സംസ്‌കരിക്കണമെന്ന് അവര്‍ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍ മകന്‍ അമ്മയെ മദ്രാസില്‍ അടക്കാനാണ് ഇഷ്ടപ്പെട്ടത്. തമിഴ്‌നാട് സര്‍ക്കാര്‍ സമ്പൂര്‍ണ്ണ ബഹുമതികളോടെയാണ് അവരെ യാത്രയാക്കിയത്. കാലമിത്ര കഴിഞ്ഞെങ്കിലും ടിവി ചാനലുകളിലും സമൂഹമാധ്യമങ്ങളിലും ഇന്നും നിറഞ്ഞ് ഓടുന്ന സിനിമകളിലുടെ ആ വലിയ കലാകാരി സിനിമാ പ്രേമികളുടെ മനസില്‍ ജീവിക്കുന്നു. ജീവിതത്തിലും സിനിമയിലും അപാരമായ ഊര്‍ജ്ജസ്വലതയുടെ പ്രതീകമായിരുന്നു സുകുമാരി. അവരുടെ നടപ്പിലും എടുപ്പിലും സംസാര രീതിയിലുമൊക്കെ വല്ലാത്ത ഒരു സ്മാര്‍ട്‌നെസും എനര്‍ജിയുമുണ്ടായിരുന്നു. പൂച്ചയ്ക്കൊരു മൂക്കുത്തിയിലെ പൊങ്ങച്ചക്കാരിയും ബോയിങ് ബോയിങിലെ ഡിക്കമ്മായിയും സ്മാര്‍ട്ട്‌നെസിന്റെ എക്കാലത്തെയും മികച്ച മാതൃകയായി മലയാളികള്‍ നോക്കി കാണുന്നു.
Source link