KERALAM

നുണ പരിശോധനയ്‌ക്ക് തയ്യാർ, പക്ഷേ എംബി രാജേഷും റഹീമും വേണം; വെല്ലുവിളിയുമായി രാഹുൽ

പാലക്കാട്: സിപിഎം പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദന്റെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്ന് പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. ഗോവിന്ദൻ പറഞ്ഞത് തന്നെ നുണപരിശോധനയ്‌ക്ക് വിധേയമാക്കണമെന്നാണ്. ആ വെല്ലുവിളി ഏറ്റെടുക്കുകയാണ്. നുണ പരിശോധനയ്‌ക്ക് ഞാൻ തയ്യാറാണ്. പക്ഷേ എന്നോടൊപ്പം മന്ത്രി എം.ബി രാജേഷിനെയും, എ.എ റഹീമിനേയും കൂടി നുണപരിശോധനയ്‌ക്ക് വിധേയരാക്കണം.

പാലക്കാട് ഹോട്ടല്‍ റെയ്ഡ് ഷാഫി പറമ്പില്‍ നടത്തിയ നാടകമാണെന്ന ഇടതു സ്ഥാനാര്‍ഥി പി സരിന്റെ വാദത്തെയും രാഹുൽ പരിഹസരിച്ചു. തങ്ങളുടെ നാടകത്തില്‍ അഭിനയിക്കുന്ന നടന്‍മാരാണോ എം.ബി.രാജേഷും റഹീമും?. ഇങ്ങനെ ഗോള്‍പോസ്റ്റ് മാറ്റി തങ്ങളെക്കൊണ്ട് വീണ്ടും വീണ്ടും ഗോളടിപ്പിക്കല്ലേയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേർത്തു.

രാഹുല്‍ മാങ്കൂട്ടത്തില്‍ തുടര്‍ച്ചയായി കളവ് പറയുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ രാവിലെ ആരോപിച്ചിരുന്നു. തിര‍ഞ്ഞെടുപ്പില്‍ കള്ളപ്പണം ഒഴുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണം. കോണ്‍ഗ്രസും ബി.ജെ.പിയും കള്ളപ്പണം ഒഴുക്കുന്നു. പാലക്കാട്ട് കോണ്‍ഗ്രസിന്‍റെ വാദങ്ങള്‍ പൊളിയുകയാണ്. കോണ്‍ഗ്രസ് നേതാക്കളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും എം.വി. ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

പാലക്കാട്ടെ റെയ്ഡ് വിവരം പൊലീസ് കോണ്‍ഗ്രസിന് ചോര്‍ത്തി നല്‍കിയെന്ന് ബി‌ജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു. എല്ലാ മുറികളും പരിശോധിക്കാന്‍ പൊലീസ് തയാറായില്ല.സിസിടിവി ക്യാമറ പരിശോധന വൈകിപ്പിച്ചുവെന്നുമാണ് സുരേന്ദ്രന്റെ ആരോപണം.


Source link

Related Articles

Back to top button