ബിജു തോമസ്
പത്തനംതിട്ട: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിന് മേൽനോട്ട സമിതി രൂപകരിക്കുമെങ്കിലും ഉത്തരവാദിത്വം പഴയതുപോലെ പ്രധാന അദ്ധ്യാപകരുടെ തലയിൽ തന്നെ. ഫണ്ട് ലഭ്യമാകാത്തതാണ് പദ്ധതിയിലെ യഥാർത്ഥ പ്രതിസന്ധി. പ്രധാന അദ്ധ്യാപകർ സ്വന്തം പണമെടുത്തും കടകളിൽ കടം പറഞ്ഞും വ്യാപാരികളുടെ കാലുപിടിച്ചുമൊക്കെയാണ് ഭക്ഷണത്തിനുള്ള സാധാനസാമഗ്രികൾ വാങ്ങുന്നത്.
അക്കാര്യത്തിൽ മേൽനോട്ട സമിതി എന്തുചെയ്യണമെന്ന് ഇപ്പോഴും വ്യക്തമല്ല.
`പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത് ഗുണമേൻമയുള്ള ഉച്ചഭക്ഷണം നൽകുന്നുവെന്ന് മേൽനോട്ട സമിതി ഉറപ്പാക്കണം എന്നുമാത്രമാണ് സമിതി രൂപീകരിക്കാനുള്ള ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. യഥാസമയം, പണമോ, സാധനസാമഗ്രികളോ ഉറപ്പാക്കാനുള്ള ചുമതല സമിതിക്കില്ല. നിലവിൽ പി.ടി.എ പ്രസിഡന്റ് ചെയർമാനും പ്രധാന അദ്ധ്യാപകൻ കൺവീനറുമായ സ്കൂൾ തല കമ്മിറ്റിക്കാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല.
മേൽനോട്ട സമിതികൾ പദ്ധതി ചെലവും ഏറ്റെടുക്കണമെന്നാണ് അദ്ധ്യാപകർ ആവശ്യപ്പെടുന്നത്.
പ്രശ്നങ്ങൾക്ക് പരിഹാരം തേടി പ്രധാന അദ്ധ്യാപകരും സംഘടനകളും ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് മേൽനോട്ട സമിതി രൂപീകരിക്കാൻ സർക്കാർ ഉത്തരവിറക്കിയത്.
മേൽനോട്ട സമിതിയുടെ
ചെയർമാൻ ജില്ലാ കളക്ടർ
# ജില്ല കളക്ടർ ചെയർമാനും വിദ്യാഭ്യാസ ഉപഡയറക്ടർ കൺവീനറുമായാണ് ജില്ലാതല സമിതി. പദ്ധതിയുടെ പൊതുവായ ഏകോപനമാണ് ചുമതല.
# ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കൺവീനറുമായാണ് ബ്ലോക്ക് മോണിറ്ററിംഗ് സമിതി. പദ്ധതി നടത്തിപ്പിൽ വീഴ്ചവരാതെ നോക്കലും കണക്കുകൾ പരിശോധിക്കലുമാണ് സമിതികളുടെ പ്രധാന ജോലി.
പണം ലഭിക്കുന്നത്
പല തവണയായി
പ്രധാന അദ്ധ്യാപകർക്ക് സർക്കാരിൽ നിന്ന് തിരികെ പണം ലഭിക്കുന്നത് പല തവണയായി. പലവ്യഞ്ജനത്തിനും പച്ചക്കറിക്കും ഒന്നിച്ചാണ് തുക ലഭിക്കുന്നത്. ഗ്യാസ് സിലിണ്ടറിന് വേറെ. പാൽ, മുട്ട എന്നിവയ്ക്കും പ്രത്യേകം ലഭിക്കും. കുറഞ്ഞത് അഞ്ച് തവണയെങ്കിലും ബാങ്കിൽ പോകണം.
`മേൽനോട്ട സമിതികൾ വരുന്നതോടെ, പ്രധാന അദ്ധ്യാപകന് അധികഭാരവും ബാദ്ധ്യതയുമില്ലെന്ന് കോടതിയിൽ വാദിക്കാനാണ് സർക്കാർ ശ്രമം.’
-ഇ.ടി.കെ. ഇസ്മയിൽ,
ഗവ. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ്
അസോ. സംസ്ഥാന ജനറൽ സെക്രട്ടറി
Source link