കൊച്ചി: തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയാൻ രൂപീകരിച്ച ആഭ്യന്തര പരാതി പരിഹാര സമിതികളുടെ (ഇന്റേണൽ കംപ്ലെയ്‌ന്റ് കമ്മിറ്റി – ഐ.സി.സി) റിപ്പോർട്ടുകളിലേറെയും സ്ഥാപനങ്ങൾക്ക് അനുകൂലവും പക്ഷപാതപരവുമാണെന്ന് ഹൈക്കോടതി. ഈ സമിതികളുടെ ‘ക്ലീൻ ചിറ്റ്” അന്തിമമല്ലാത്തതിനാൽ മുഖവിലയ്‌ക്കെടുക്കാനാവില്ലെന്നും കേസിനെ ബാധിക്കില്ലെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി. ലൈംഗികാതിക്രമ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന കൊല്ലത്തെ ഒരു കോളേജ് മേധാവിയുടെ ഹർജി തള്ളിയാണ് കോടതി നിരീക്ഷണം.
പ്രിൻസിപ്പലിന്റെയും വകുപ്പ് മധാവിയുടെയും ചുമതല വഹിച്ചപ്പോൾ അദ്ധ്യാപികയോട് ലൈംഗിക താത്പര്യത്തോടെ സംസാരിച്ചെന്നാണ് കേസ്. ആഭ്യന്തര സമിതിയുടെ അന്വേഷണത്തിൽ തനിക്കെതിരെ ആരോപണില്ലെന്നും കേസ് റദ്ദാക്കണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം.
ലൈംഗിക പീഡന ആരോപണങ്ങളിൽ ആരംഭിച്ച പൊലീസ് കേസ് ഐ.സി.സി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അവസാനിപ്പിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരം റിപ്പോർട്ടുകളിലേറെയും ഇരകൾക്ക് അനുകൂലമല്ല. പരാതിക്കാരിക്ക് നേരിട്ട് പൊലീസിൽ പരാതി നൽകാം. ഐ.സി.സി റിപ്പോർട്ടിലെ കണ്ടെത്തലുകൾ പൊലീസ് കേസിനെ ബാധിക്കില്ലെന്നും വ്യക്തമാക്കി.
Source link