KERALAMLATEST NEWS

ആത്മകഥ പ്രസിദ്ധീകരിച്ചത് തന്നെ തേജോവധം ചെയ്യാൻ,​ ഡിസി ബുക്സ് മാപ്പ് പറയണം,​ വക്കീൽ നോട്ടീസയച്ച് ഇ പി ജയരാജൻ

തിരുവനന്തപുരം : ആത്മകഥാ വിവാദത്തിൽ ഡി.സി ബുക്സിന് വക്കീൽ നോട്ടീസയച്ച് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ. ഡി.സി ബുക്സ് പുറത്തുവിട്ട ആത്മകഥ എന്ന ഭാഗങ്ങൾ പിൻവലിക്കണമെന്നും ഡി.സി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടാണ് ഇ.പി വക്കീൽ നോട്ടീസയച്ചിരിക്കുന്നത്. ആത്മകഥ പ്രസിദ്ധികരിച്ചത് തന്നെ തേജോവധം ചെയ്യാൻ വേണ്ടിയാണെന്ന് ഇ.പി. ആരോപിച്ചു. പുറത്തുവന്നത് താൻ എഴുതിയതല്ലെന്നും വക്കീൽ നോട്ടീസിൽ പറയുന്നു. അഡ്വ. കെ,​വിശ്വൻ മുഖേനെയാണ് വക്കീൽ നോട്ടീസയച്ചിരിക്കുന്നത്.

നേരത്തെ ആത്മകഥ വിവാദത്തിൽ ഇ.പി. ജയരാജൻ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. ആത്മകഥ ഇതുവരെ എഴുതിക്കഴിയുകയോ, പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ഇ.പി നൽകിയ പരാതിയിൽ‌ പറയുന്നു. ആത്മകഥയുടെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ദിവസം വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചന നടന്നുവെന്നും ഇപിയുടെ പരാതിയിൽ പറയുന്നു.

വിവാദമായതോടെ ആത്മകഥയുടെ പ്രകാശനം ഡി.സി ബുക്‌സ് മാറ്റിവച്ചിരുന്നു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഡി.സി ബുക്‌സ് വിവരമറിയിച്ചത്. നിർമിതിയിലുളള സാങ്കേതിക തടസം മൂലം പുസ്തകത്തിന്റെ പ്രസിദ്ധീകരണം നീട്ടിവച്ചിരിക്കുകയാണെന്നാണ് ഡി.സി ബുക്‌സ് നൽകിയ വിശദീകരണം.ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുന്നതാണെന്നും ഡി.സി ബുക്‌സ് പ്രതികരിച്ചിട്ടുണ്ട്. പുസ്തകം ഇന്ന് മുതൽ വിറ്റഴിക്കണമെന്ന് സ്റ്റോറുകൾക്ക് നൽകിയിരുന്ന നിർദ്ദേശം ഡി.സി ബുക്‌സ് പിൻവലിച്ചു. പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ഇ.പി. ജയരാജൻ ഡി.സി ബുക്‌സുമായി കരാർ ഒപ്പിട്ടിരുന്നുവെന്നാണ് പ്രസാധകർ അറിയിക്കുന്നത്. എന്നാൽ പരസ്യ പ്രതികരണത്തിന് ഡിസി ബുക്‌സ് തയ്യാറായിട്ടില്ല. പുസ്തകം ഇന്ന് രാവിലെ പത്തരയ്ക്ക് പുറത്തിറക്കുമെന്നായിരുന്നു ഡിസി ബുക്‌സ് നേരത്തെ അറിയിച്ചിരുന്നത്.


Source link

Related Articles

Back to top button