ശക്തമായ മഴയും ഇടിമിന്നലും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്, കടലിൽ പോകുന്നവരും കരുതിയിരിക്കണം
തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിലെ വിവിധ ജില്ലകളിൽ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എറണാകുളം, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്. വെളളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും ശനിയാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേസമയം, മദ്ധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ തമിഴ്‌നാട് – തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തിന് മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ തമിഴ്‌നാടിനേ സമീപം ചക്രവാത ചുഴിയായി ദുർബലമായി. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 13 മുതൽ 17 വരെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്. നവംബർ 13 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
Source link