തഞ്ചാവൂർ: ക്ലാസ് റൂമിൽ സംസാരിച്ചതിന് വിദ്യാർത്ഥികളുടെ വായിൽ പ്രധാനാദ്ധ്യാപിക ടേപ്പ് ഒട്ടിച്ചതായി പരാതി. കുട്ടികളുടെ രക്ഷിതാക്കൾ തഞ്ചാവൂർ ജില്ലാ കളക്ടർ പ്രിയങ്ക പങ്കജത്തിനാണ് പരാതി നൽകിയത്. അയ്യമ്പട്ടിയിലെ സർക്കാർ പ്രൈമറി സ്‌കൂളിൽ കഴിഞ്ഞ മാസം ഇരുപത്തിയൊന്നിനാണ് സംഭവം.
ക്ലാസ് റൂമിൽ സംസാരിച്ചതിന് പ്രധാനാദ്ധ്യാപികയായ പുനിത നാലാം ക്ലാസ് വിദ്യാർത്ഥികളുടെ വായിൽ ടേപ്പ് ഒട്ടിച്ചു, ഇങ്ങനെ ചെയ്തപ്പോൾ വിദ്യാർത്ഥികളിൽ ഒരാളുടെ വായിൽ നിന്ന് രക്തം വന്നു. കൂടാതെ വേറെ ചില വിദ്യാർത്ഥികൾക്ക് ശ്വാസതടസം അനുഭവപ്പെട്ടെന്നുമാണ് പരാതിയിൽ പറയുന്നത്. സംഭവത്തിന്റെ ചിത്രങ്ങൾ സ്കൂളിലെ ഒരു അദ്ധ്യാപിക തന്നെയാണ് മാതാപിതാക്കൾക്ക് അയച്ചതെന്നാണ് വിവരം.
പരാതി ലഭിച്ചതിന് പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കളക്‌ടർ ജില്ലാ വിദ്യാഭ്യാസ ഡിപ്പാർട്ട്‌മെന്റിനെ ചുമതലപ്പെടുത്തി. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ‘ഒക്ടോബർ 21 ന് അദ്ധ്യാപിക തന്റെ അഭാവത്തിൽ ക്ലാസ് മുറി നോക്കാൻ ഒരു വിദ്യാർത്ഥിയോട് ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ അദ്ധ്യാപികയ്ക്ക് പങ്കില്ല. വിദ്യാർത്ഥികൾ പരസ്പരം വായിൽ ടേപ്പ് ഒട്ടിക്കുകയായിരുന്നു. എന്നിരുന്നാലും ഇക്കാര്യത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തു.’- ജില്ലാ വിദ്യാഭ്യാസ ഓഫീസർ പറഞ്ഞു.
ആരോപണം പ്രധാനാദ്ധ്യാപികയും തള്ളി. താനൊന്നും ചെയ്‌തിട്ടില്ലെന്നും വിദ്യാർത്ഥികൾ തമാശയായി ചെയ്‌തത് ആരോ ഫോട്ടോയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് പുനിത നൽകുന്ന വിശദീകരണം.
TAGS: NEWS 360, NATIONAL, NATIONAL NEWS, GOVTSCHOOL, HM, STUDENTS, PUNISHMENT, MOUTH
Source link