കേരളകൗമുദി നിറവേറ്റുന്നത് പുത്തൻ കാലത്തിന്റെ ഉത്തരവാദിത്വം: മന്ത്രി വീണ

മെഡിക്കൽ സെമിനാർ മന്ത്രി ഉദ്ഘാടനം ചെയ്തു

മന്ത്രിയെയും മേയറെയും ആദരിച്ചു

തിരുവനന്തപുരം: ചരിത്രത്തെ ഉൾക്കൊണ്ട് പുതിയ കാലത്തിന്റെ ഉത്തരവാദിത്വങ്ങളെ കേരളകൗമുദി മനോഹരമായി നിർവഹിക്കുന്നുവെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കേരളകൗമുദി അയ്യങ്കാളി ഹാളിൽ സംഘടിപ്പിച്ച മെഡിക്കൽ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരളകൗമുദി 113-ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ അഭിമാനാർഹമാണ്. കേരളത്തിന്റെ മാദ്ധ്യമചരിത്രം പരിശോധിച്ചാൽ വ്യത്യസ്തമായി നിലകൊണ്ട പത്രമാണ് കേരളകൗമുദിയെന്ന് മനസിലാകും. സത്യം ജനങ്ങളെ അറിയിക്കണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലുള്ള വ്യത്യസ്തതയാണത്. ഇന്നത്തെ കേരളം സൃഷ്ടിക്കുന്നതിൽ കേരളകൗമുദി നിർണായക പങ്കുവഹിച്ചിട്ടുണ്ട്. എനിക്ക് കേരളകൗമുദിയുമായി തലമുറകളുടെ ബന്ധമാണുള്ളത്. ഞാൻ വായിച്ചുവളർന്ന രണ്ടു പത്രങ്ങളിൽ ഒന്ന് കേരളകൗമുദിയാണ്. കെ.ബാലകൃഷ്ണൻ പത്രാധിപരായിരുന്നപ്പോൾ കൗമുദിയിൽ എന്റെ അച്ഛൻ എഴുതിയ കഥകൾ പ്രസിദ്ധീകരിച്ചിരുന്നു. അതെല്ലാം വീട്ടിൽ സൂക്ഷിച്ചിരുന്നു. അത്തരമൊരു വ്യക്തിപരമായ ബന്ധമുള്ളതിനാൽ കേരളകൗമുദി വളർച്ചയുടെ പടവുകൾ കയറുമ്പോൾ എനിക്കും സന്തോഷവും അഭിമാനവുമുണ്ട്.

കേരളത്തിന്റെ ആരോഗ്യമേഖല ആർജ്ജിച്ച നേട്ടങ്ങൾ നവോത്ഥാന കാലം മുതലുള്ള സംഭാവനകളാണ്. ശ്രീനാരായണ ഗുരുദേവൻ പറഞ്ഞ പഞ്ചശുദ്ധി വളരെയേറെ പ്രസക്തമാണ്. ആരോഗ്യരംഗത്ത് മുന്നിലാണെങ്കിലും ജീവിതശൈലീരോഗങ്ങൾ വലിയ വെല്ലുവിളിയാണ്. അതിനാണ് നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി 30വയസിന് മുകളിലുള്ള എല്ലാവർക്കും വാർഷിക പരിശോധന നടത്താൻ തീരുമാനിച്ചത്. കേരളകൗമുദിയുടെ മെഡിക്കൽ എക്‌സ്‌പോയുടെയും അടിസ്ഥാനലക്ഷ്യം രോഗാതുരത കുറയ്ക്കുകയെന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. മേയർ ആര്യാ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

പ്രവർത്തന മികവിനും ഭരണനേട്ടങ്ങൾക്കുമുള്ള അംഗീകാരമായി മന്ത്രി വീണാ ജോർജിനെയും മേയർ ആര്യാ രാജേന്ദ്രനെയും കേരളകൗമുദി ആദരിച്ചു. ഡയറക്ടർ ശൈലജ രവി ഇരുവർക്കും ഉപഹാരം നൽകി.

ആരോഗ്യ രംഗത്തെ പ്രമുഖ വ്യക്തികളെ മന്ത്രി ആദരിച്ചു. എസ്.കെ ഹോസ്പിറ്റൽ ജനറൽ മാനേജർ കേണൽ സി.എസ്.പിള്ള,അനന്തപുരി ഹോസ്പിറ്റൽ ഡയറക്ടർ രാജേഷ്,എസ്.പി മെഡി ഫോർട്ട് എക്‌സിക്യുട്ടിവ് ഡയറക്ടർ അദ്വൈത്,നിംസ് മെഡിസിറ്റിക്കു വേണ്ടി ഡോ. എം.കെ.സി.നായർ,പട്ടം എസ്.യു.ടി സി.ഇ.ഒ കേണൽ രാജീവ് മണ്ണാളി, എസ്.കെ.സി.സി.ആർ റിസർച്ച് സെന്റർ ഡയറക്ടർ ഡോ. യദുകൃഷ്ണ,പ്രിസൈസ് ഐ കെയർ ജനറൽ മാനേജർ ഓപ്പറേഷൻസ് ശരത്,യാന ഹോസ്പിറ്റൽ ജനറൽ മാനേജർ ജോബി പി.ചാണ്ടി,കിംസ് ഹെൽത്ത് ലൈസൺ ഓഫീസർ ജോജോ,360 സ്‌പൈൻ ആൻഡ് ജോയിന്റ് വെൽനെസ് സെന്റർ എം.ഡി പ്രിയ വിഘ്നേഷ്,അമരാലയ റിസർച്ചർ ക്രിയേറ്റർ ഡോ. ശക്തിബാബു,ഹിയർസാപ് റീജിയണൽ മാനേജർ ലിജു ടി.രാജൻ,അഗസ്ത്യനാഡി പാരമ്പര്യ വൈദ്യശാല ഡയറക്ടർ ഡോ. വിവേക് എന്നിവർ ഉപഹാരം ഏറ്റുവാങ്ങി.

ന്യൂരാജസ്ഥാൻ മാർബിൾസ്,രാജധാനി ഗ്രൂപ്പ് എന്നിവയുടെയും സഹകരണത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. കേരളകൗമുദി ജനറൽ മാനേജർമാരായ ഷിറാസ് ജലാൽ,അയ്യപ്പദാസ് എന്നിവർ പങ്കെടുത്തു. ഡെപ്യൂട്ടി എഡിറ്റർ എ.സി.റെജി സ്വാഗതവും ചീഫ് മാനേജർ എസ്.വിമൽകുമാർ നന്ദിയും പറഞ്ഞു.


Source link
Exit mobile version