മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ എം.ടി.പത്മ അന്തരിച്ചു

കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ എം.ടി.പത്മ (81) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് 12.30ന് മുംബയിലായിരുന്നു അന്ത്യം. ഏറെനാളായി മുംബയിൽ മകൾ ബിന്ദു രാധാകൃഷ്ണനൊപ്പമായിരുന്നു താമസം. മൃതദേഹം ഇന്നുച്ചയ്ക്ക് ഒരുമണിയോടെ കോഴിക്കോട്ടെത്തിക്കും.

മൂന്നു മണിക്ക് ഡി.സി.സി ഓഫീസിൽ പൊതുദർശനം. തുടർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. നാളെ രാവിലെ വെള്ളയിൽ ഗാന്ധി റോഡിന് സമീപത്തെ വീട്ടിൽ പൊതുദർശനം. 11ന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ സംസ്കാരം.

1991ലെ കെ.കരുണാകരൻ മന്ത്രിസഭയിലും തുടർന്നുവന്ന എ.കെ.ആന്റണി മന്ത്രിസഭയിലും ഫിഷറീസ്, ഗ്രാമവികസന, രജിസ്‌ട്രേഷൻ മന്ത്രിയായിരുന്നു. 1987ലും 1991ലും

കൊയിലാണ്ടിയിൽ നിന്ന് നിയമസഭാംഗമായി. 2013ൽ കോഴിക്കോട് കോർപ്പറേഷൻ പ്രതിപക്ഷ നേതാവായി. കണ്ണൂർ മുണ്ടൂക്ക് എ.ഗോവിന്ദന്റെയും സി.ടി.കൗസല്യയുടെയും മകളാണ്. ഭർത്താവ്: പരേതനായ രാധാകൃഷ്ണൻ. മകൻ: അർജുൻ രാധാകൃഷ്ണൻ. മരുമക്കൾ: ശശിധരൻ ഒ.പി, അസ്‌വിത.


Source link
Exit mobile version