KERALAMLATEST NEWS

”തോമസ് കെ തോമസുമായി അടുത്ത ബന്ധം, എന്തുകൊണ്ട് എന്നോട് ഓഫർ വച്ചില്ല”? ഗണേശ് കുമാർ

കൊല്ലം: എൻസിപി എംഎൽഎ തോമസ് കെ തോമസ് എൽഡിഎഫിലെ രണ്ട് എംഎൽഎമാർക്ക് കോഴ വാഗ്‌ദാനം നൽകി കൂറുമാറാൻ പ്രേരിപ്പിച്ചുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് മന്ത്രി ഗണേഷ് കുമാർ. വാഗ്‌ദാനം ചെയ‌്തുവെന്ന് പറയുന്നതല്ലാതെ തെളിവുകളില്ലല്ലോ? 100 കോടി എന്ന് പറയുന്നത് ചെറിയ സംഖ്യയാണോ? . തോമസ് കെ തോമസിന്റെ മുഴുവൻ സ്വത്ത് വിറ്റാലും 100 കോടി കിട്ടില്ല. അത്തരത്തിലുള്ള ഓഫർ വച്ചാൽ കേരളത്തിലെ എംഎൽഎമാർ പോകുമെന്ന് തോന്നുന്നില്ലെന്നും ഗണേശ് കുമാർ പ്രതികരിച്ചു.

തോമസ് കെ തോമസ് എന്നോട് ഏറ്റവും അടുപ്പമുള്ള ആളാണ്. ഞാനൊരു പാർട്ടിയുടെ ചെയർമാനും പാർലമെന്ററി പാർട്ടിയുടെ ലീഡറും എംഎൽഎയുമൊക്കെയാണ്. എന്തുകൊണ്ട് എന്നോട് വച്ചില്ല ഈ ഓഫർ. നമ്മുടെ അടുത്തൊന്നും വയ്‌ക്കത്തില്ല. ഇതൊരു കെട്ടുകഥയാകാനാണ് സാദ്ധ്യത. കേരളത്തിലെ എംഎൽഎമാരെ പ്രത്യേകിച്ച് എൽഡിഎഫ് എംഎൽഎമാരെ കാശ് കൊടുത്ത് വളയ‌്ക്കാം എന്ന് ചിന്തിക്കുന്നത് തീരെ ബുദ്ധിയില്ലാത്ത ഒരാളെ കൊണ്ടേപറ്റൂ. 23 വർഷമായി രാഷ്‌ട്രീയത്തിലുണ്ട്. എന്റെയടുത്ത് ഇതുവരെ ഓഫറുമായി ഒരാളും വന്നിട്ടില്ല. ഇവനെ അങ്ങനെ കിട്ടില്ല എന്നതുകൊണ്ടാകാം വരാത്തതെന്നും, അതിൽ വളരെ സന്തോഷമുണ്ടെന്നും ഗണേശ് കുമാർ പറഞ്ഞു.

എൻസിപി (ശരദ് പവാർ) എംഎൽഎ തോമസ് കെ.തോമസിന്റെ മന്ത്രിസഭാ പ്രവേശം മുഖ്യമന്ത്രി അനുവദിക്കാതിരുന്നത്, അദ്ദേഹം 50 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് 2 എൽഡിഎഫ് എംഎൽഎമാരെ കൂറുമാറ്റാൻ നീക്കം നടത്തിയിരുന്നുവെന്ന പരാതി കാരണമെന്നാണ് ആരോപണം. ഈ ഗുരുതര ആക്ഷേപം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി റിപ്പോർട്ട് ചെയ്തു. ആരോപണം പൂർണമായി നിഷേധിക്കുന്ന കത്ത് തോമസ് കെ.തോമസ് മുഖ്യമന്ത്രിക്കു കൈമാറി. കോവൂർ കുഞ്ഞുമോൻ, ആന്റണി രാജു എന്നിവർക്കാണ് 50 കോടി വീതം തോമസ് കെ തോമസ് വാഗ്‌ദാനം ചെയ്‌തതെന്നാണ് ആരോപണം.


Source link

Related Articles

Back to top button