KERALAM

അയ്യപ്പ ഭക്തൻമാർക്ക് സന്തോഷവാർത്ത, ചെറിയ കാറുകൾക്ക് 24 മണിക്കൂർ പാർക്കിംഗ് അനുമതിയുമായി ഹൈക്കോടതി

കൊച്ചി: മണ്ഡലം മകരവിളക്ക് കാലത്ത് നിലയ്ക്കലിൽനിന്ന് ശബരിമലയിലേക്ക് നിയന്ത്രിത തോതിൽ കാറുകൾ കടത്തിവിടാൻ ഹൈക്കോടതി അനുമതി നൽകി. നിശ്ചിത ഫീസ് വാങ്ങി ചക്കുപാലം രണ്ടിലും ഹിൽടോപ്പിലും ഗതാഗതക്കുരുക്ക് ഉണ്ടാകാത്തവിധം 24 മണിക്കൂർ പാർക്കിംഗ് അനുവദിക്കാം.

താത്കാലിക അനുമതിയാണെന്നും ഗതാഗതക്കുരുക്കോ മറ്റു പ്രശ്നങ്ങളോ ഉണ്ടായാൽ പൊലീസിന് വീണ്ടും നിയന്ത്രണം ഏർപ്പെടുത്താമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് വ്യക്തമാക്കി. ഹിൽടോപ്പിന്റെ തുടക്കത്തിൽ 20 കെ.എസ്.ആർ.ടി.സി ബസുകൾക്ക് പാർക്ക് ചെയ്യാനും അനുമതി നൽകി.

ചെറിയ വാഹനങ്ങൾക്ക് അനുമതി നൽകുന്നതിനെ കെ.എസ്.ആർ.ടി.സിയുടെ അഭിഭാഷകൻ എതിർത്തെങ്കിലും ദേവസ്വം ബോർഡിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. ചെറിയ വാഹനങ്ങൾ കടന്നുപോകുന്നതും പാതയോരങ്ങളിൽ പാർക്ക് ചെയ്യുന്നതും ചെയിൻ സർവീസിനെ ബാധിക്കുമെന്നായിരുന്നു കെ.എസ്.ആർ.ടി.സിയുടെ വാദം.


Source link

Related Articles

Back to top button