മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എംടി പത്മ അന്തരിച്ചു

കോഴിക്കോട്: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എംടി പത്മ (81) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മുംബയിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി മകൾക്കൊപ്പം മുംബയിലായിരുന്നു താമസം. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ട് എത്തിക്കും. കെ കരുണാകരൻ- എകെ ആന്റണിയുടെ മന്ത്രിസഭയിൽ അംഗമായിരുന്നു.
എട്ടും ഒൻപതും കേരള നിയമസഭകളിൽ കൊയിലാണ്ടിയിൽ നിന്നുള്ള അംഗവുമായിരുന്നു. കേരള മന്ത്രിസഭയിൽ അംഗമായ മൂന്നാമത്തെ വനിത കൂടിയായിരുന്നു. കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. നിയമത്തിൽ ബിരുദവും ആർട്സിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ്, കെപിസിസി അംഗം, മഹിള കോൺഗ്രസ് ജനറൽ സെക്രട്ടറി, കോഴിക്കോട് ഡിസിസി സെക്രട്ടറി, ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
കണ്ണൂർ സ്വദേശിയായ എംടി പത്മ കോഴിക്കോട്ടേക്ക് ചേക്കേറുകയായിരുന്നു. 14 വർഷത്തോളം വിവിധ ഇടങ്ങളിൽ അഭിഭാഷകയായി പ്രവർത്തിച്ചിരുന്നു. 1982ൽ ആദ്യമായി മത്സരിച്ചപ്പോൾ രണ്ടായിരത്തോളം വോട്ടുകൾക്ക് പരാജയപ്പെട്ടു.
Source link