‘മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു’; കോൺഗ്രസ് നേതാവ് നൽകിയ പരാതിയിൽ സുരേഷ് ഗോപിക്കെതിരെ പിന്നെയും കേസ്
തൃശൂർ: മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസ്. സുരേഷ് ഗോപിക്കെതിരെ ഇന്ന് ചുമത്തുന്ന രണ്ടാമത്തെ കേസാണിത്. ചേലക്കരയിൽ നടത്തിയ അധിക്ഷേപ പരാമർശത്തിൽ കെപിസിസി മീഡിയ പാനലിസ്റ്റായ വി ആർ അനൂപ് നൽകിയ പരാതിയിലാണ് ചേലക്കര പൊലീസ് കേസെടുത്തത്. പരാതിയിൽ മൊഴിയെടുക്കാൻ അനൂപിനെ സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചിരിക്കുകയാണ്.
ചേലക്കരയിൽ എൻഡിഎ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു മുഖ്യമന്ത്രിക്കെതിരായ സുരേഷ് ഗോപിയുടെ വിമർശനം. ‘ഇത് സിനിമ ഡയലോഗ് മാത്രമായി എടുത്താൽ മതി. ഒറ്റ തന്തയ്ക്ക് പിറന്നതാണെങ്കിൽ സിബിഐക്ക് വിടൂ. തിരുവമ്പാടിയും പാറമേക്കാവും അവരുടെ സത്യം പറയട്ടെ. വടക്കുന്നാഥൻ ദേവസ്വത്തിന്റെ സത്യമെന്താണെന്ന് നിങ്ങൾക്ക് അറിയില്ലേ? അത് ചോരക്കളിയുടെ സത്യം മാത്രമാണ്.
പൂരം കലക്കൽ നിങ്ങൾക്ക് ബൂമറാംഗാണ്. സുരേന്ദ്രൻ വിശ്വസിക്കുന്നത് പോലെ ആംബുലൻസിൽ പോയിട്ടില്ല. സാധാരണ കാറിലാണെത്തിയത്. ജില്ലാ അദ്ധ്യക്ഷന്റെ സ്വകാര്യ വാഹനത്തിലാണ് അവിടെയെത്തിയത്. ആംബുലൻസിൽ തന്നെ കണ്ട കാഴ്ച മായക്കാഴ്ചയാണോ യഥാർത്ഥ കാഴ്ചയാണോ എന്നൊക്കെ വ്യക്തമാക്കണമെങ്കിൽ പിണറായിയുടെ പൊലീസ് അന്വേഷിച്ചാൽ പറ്റില്ല.
അത് അന്വേഷിച്ചറിയണമെങ്കിൽ സിബിഐ വരണം. ഞാനവിടെ ചെല്ലുന്നത് നൂറ് കണക്കിന് പൂരപ്രേമികളെ പൊലീസ് ഓടിച്ചിട്ട് തല്ലിയത് ചോദ്യം ചെയ്യാനാണ്. അന്നത്തെ കളക്ടറെയും കമ്മിഷണറെയും മാറ്റരുതെന്ന് താൻ പറഞ്ഞ് അവരെ വച്ചുതന്നെ 2025ലെ പൂരം ഭംഗിയായി നടത്തിക്കാണിക്കാനാണ്. കേരളത്തിലെ മുൻമന്ത്രിയടക്കം ഇപ്പോഴത്തെ മന്ത്രിമാരടക്കം പലരും ചോദ്യം ചെയ്യപ്പെടാൻ യോഗ്യരാണെന്ന ഭയം അവർക്കുണ്ട്’ -എന്നായിരുന്നു പ്രസംഗത്തിനിടെ സുരേഷ് ഗോപി പറഞ്ഞത്.
തൃശൂർ പൂര സമയത്ത് ആംബുലൻസിൽ തിരുവമ്പാടിയിലെത്തിയതിനും സുരേഷ് ഗോപിക്കെതിരെ രാവിലെ കേസ് എടുത്തിരുന്നു. ആംബുലൻസ് നിയമവിരുദ്ധമായി ഉപയോഗിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. പൊലീസ് നിയന്ത്രണം ലംഘിച്ചുവെന്നും എഫ് ഐ ആറിൽ പറയുന്നു. തൃശൂർ പൂരം കലങ്ങിയ ദിവസം പുലർച്ചെ മൂന്ന് മണിയോടെ സുരേഷ് ഗോപി തിരുവമ്പാടിയിലെത്തിയത് സേവാ ഭാരതിയുടെ ആംബുലൻസിലായിരുന്നു. ഇത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ.സുമേഷ് നൽകിയ പരാതിയിലാണ് തൃശൂർ ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത.
Source link