ഒട്ടാവ: ഹിന്ദു ക്ഷേത്രത്തിൽ ഖാലിസ്ഥാൻ ഭീകരർ ആക്രമണം നടത്തിയതിന് പിന്നാലെ കനേഡിയൻ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. ഹരീന്ദർ സോഹ് എന്ന ഉദ്യോഗസ്ഥനെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. തലസ്ഥാനമായ ടൊറന്റോയ്ക്ക് സമീപമുള്ള ബ്രാംപ്ടൺ ക്ഷേത്രത്തിലായിരുന്നു ആക്രമണം നടന്നത്.
സംഭവവുമായി ബന്ധപ്പെട്ടുള്ള ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ക്ഷേത്രത്തിന് പുറത്ത് ഖാലിസ്ഥാൻ അനുകൂല പ്രതിഷേധത്തിൽ ഹരീന്ദർ സോഹ് പങ്കെടുത്തതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. ഖാലിസ്ഥാൻ പതാക പിടിച്ച് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയതായി കണ്ടെത്തി. ഇതോടെയാണ് ഉദ്യോഗസ്ഥനെതിരെ അധികൃതർ നടപടിയെടുത്തത്.
‘സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങളിൽ നിന്ന് ഹരീന്ദർ സോഹ് പ്രതിഷേധത്തിൽ പങ്കെടുത്തതായി വ്യക്തമായി. കമ്മ്യൂണിറ്റി സേഫ്റ്റി ആന്റ് പൊലീസിംഗ് ആക്ട് അനുസരിച്ചാണ് സസ്‌പെൻഡ് ചെയ്തത്.’- അധികൃതർ വ്യക്തമാക്കി.
ഹിന്ദു ക്ഷേത്രത്തിലെ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിലായതായി പീൽ റീജിണൽ പൊലീസ് നേരത്തെ അറിയിച്ചിരുന്നു. ഞായറാഴ്ച ഉച്ചയോടെ തന്നെ പ്രതിഷേധത്തെക്കുറിച്ച് വിവരം ലഭിച്ചു. സുരക്ഷ നിലനിർത്തുന്നതിനായി ഹിന്ദു സഭാ മന്ദിർ ക്ഷേത്രത്തിൽ തങ്ങളുടെ സുരക്ഷ കൂട്ടിയിരുന്നവെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഹിന്ദുസഭാ മന്ദിറിന്റെ സഹകരണത്തോടെ ഞായറാഴ്‌ച ഇന്ത്യൻ ഹൈക്കമ്മിഷൻ ബ്രാംപ്ടൺ ക്ഷേത്രത്തിൽ കോൺസുലർ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്. ഖാലിസ്ഥാൻ പതാകയേന്തിയ അക്രമി സംഘം വടികളുമായി ക്ഷേത്രത്തിലെത്തി ആക്രമിക്കുന്ന വീഡിയോ ഹിന്ദു കനേഡിയൻ ഫൗണ്ടേഷനും പങ്കുവച്ചിരുന്നു. ക്ഷേത്രാങ്കണത്തിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെയും കുട്ടികളെയുമടക്കം ക്രൂരമായി മർദിക്കുകയായിരുന്നു.
ശക്തമായി പ്രതിഷേധിച്ച ഇന്ത്യ കടുത്ത നടപടിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യക്കാരുടെ സുരക്ഷയിൽ കടുത്ത ആശങ്കയുണ്ടെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. അക്രമം നിർഭാഗ്യകരമെന്നും അംഗീകരിക്കാനാവില്ലെന്നും കനേഡിയൻ പ്രതിപക്ഷ നേതാവ് പിയറി പൊയ്ലിവ്റ വ്യക്തമാക്കി.
Source link