KERALAM

രമേശ് ചെന്നിത്തല പിടിച്ചുകെട്ടിയ അഴിമതികള്‍ പുസ്തകമാകുന്നു

തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല പുറത്തു കൊണ്ടു വന്ന വന്‍ അഴിമതികളും അവയുടെ പിന്നാമ്പുറ കഥകളും പുസ്തക രൂപത്തില്‍ പുറത്തു വരുന്നു. അക്കാലത്ത് വലിയ കോളിളക്കമുണ്ടാക്കിയ സ്പ്രിംഗ്‌ളര്‍ ഇടപാട്, ബ്രൂവറി ഡിസ്റ്റിലറി അനുമതി, ആഴക്കടല്‍ മത്സ്യബന്ധന തട്ടിപ്പ്, പമ്പാ മണല്‍ കടത്ത്, മസാല ബോണ്ട്, ഇ മൊബിലിറ്റി തുടങ്ങി ഇ.പി.ജയരാജന്റെ മന്ത്രിസ്ഥാനം തെറിച്ച ബന്ധു നിയമനം വരെയുള്ള അഴിമതികള്‍ ചികഞ്ഞ് കണ്ടു പിടിച്ചതെങ്ങനെയെന്നും അവ ഓരോന്നും പുറത്തു കൊണ്ടു വന്നപ്പോഴുണ്ടായ കോലാഹലങ്ങളും വിവരിക്കുന്ന പുസ്തകം തയ്യാറാക്കിയത് രമേശ് ചെന്നിത്തലയുടെ പ്രസ് സെക്രട്ടറിയായിരുന്ന മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ ബി.വി.പവനനാണ്.

പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് രമേശ് ചെന്നിത്തലയുടെ ഖ്യാതി ഏറെ വര്‍ദ്ധിപ്പിച്ചതാണ് അഴിമതികള്‍ ഒന്നൊന്നായി കണ്ടെത്തി അവയ്‌ക്കെതിരെ അദ്ദേഹം നടത്തിയ പോരാട്ടം.ഒന്നൊഴിയാതെ എല്ലാ ആരോപണങ്ങളും ശരിയാണെന്ന് പിന്നീട് തെളിയുകയും ചെയ്തു എന്നതായിരുന്നു പ്രത്യേകത. അഴിമതിയുടെ കുറച്ചു ഭാഗം മാത്രം ആദ്യം വെളിപ്പെടുത്തുകയും സര്‍ക്കാര്‍ നിഷേധിക്കുന്നതനുസരിച്ച് കൂടുതല്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് സര്‍ക്കാരിനെ കുരുക്കിലാക്കുകയും ചെയ്യുന്ന ഉദ്വേഗഭരിതമായ ശൈലിയിലായിരുന്നു അന്ന് പ്രതിപക്ഷത്തിന്റെ ആക്രമണം. ഇത് കാരണം സര്‍ക്കാരിന് പിടിച്ചു നില്‍ക്കാനാവാതെ അടിയറവ് പറയുകയോ പദ്ധതികള്‍ ഉപേക്ഷിച്ച് രക്ഷപ്പെടേണ്ടി വരികയോ ചെയ്തിട്ടുണ്ട്.

കേരളത്തിന്റെ ചരിത്രത്തില്‍ മറ്റൊരു പ്രതിപക്ഷ നേതാവും ഇത്രയും കൃത്യമായ തെളിവുകളുടെ അകമ്പടിയോടെ ഇത്രയേറെ അഴിമതികള്‍ പുറത്തു കൊണ്ടു വന്നിട്ടില്ല. സ്പ്രിംഗ്‌ളര്‍ പോലെ പല അഴിമതികളും അവിശ്വസനീയവുമായിരുന്നു. ഓരോ ആരോപണവും പുറത്തു കൊണ്ടു വരുന്നതിന്റെ പിന്നില്‍ രമേശ് ചെന്നിത്തലയും അദ്ദേഹത്തിന്റ ടീമും നടത്തിയ സൂക്ഷ്മമായ പഠനത്തിന്റെയും വിശകലനത്തിന്റെയും വിവര ശേഖരണത്തിന്റെയും കഥ കൂടിയാണ് ഈ പുസ്തകത്തില്‍ വിവരിക്കുന്നത്. അതോടൊപ്പം സര്‍ക്കാരിന്റെ പ്രത്യാക്രമണത്തെ നേരിട്ടതെങ്ങനെയെന്നും. മാതൃഭൂമി ബുക്‌സാണ് പ്രസാധകര്‍. നവംബർ 14ന് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വെച്ച് പുസ്തകത്തിന്റെ പ്രകാശനം നടക്കും.


Source link

Related Articles

Back to top button