KERALAM

‘ജീവിതത്തിൽ ആദ്യമായി ലഭിച്ച സസ്‌പെൻഷൻ, പോയി കൈപ്പറ്റട്ടെ’; താൻ ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് എൻ പ്രശാന്ത്

തിരുവനന്തപുരം: സസ്‌പെൻഷൻ ഓർഡർ കൈപ്പറ്റുന്നതിനു മുമ്പ് മാദ്ധ്യമങ്ങളെ കണ്ട് കൃഷി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത്. ജീവിതത്തിൽ ലഭിച്ച ആദ്യത്തെ സസ്‌പെൻഷനാണ്. താൻ ഭരണഘടനയിലാണ് വിശ്വസിക്കുന്നത്. ഫ്രീഡം ഒഫ് സ്‌പീച്ചെന്നാൽ എതിർത്ത് പറയാനുള്ള അവകാശം കൂടിയാണെന്നും എൻ പ്രശാന്ത് പറഞ്ഞു. മറ്റ് കാര്യങ്ങൾ ഓർഡർ കൈപ്പറ്റിയ ശേഷം വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

എൻ പ്രശാന്തിന്റെ വാക്കുകൾ:

‘ജീവിതത്തിൽ ആദ്യമായി കിട്ടിയ സസ്‌പെൻഷനാണ്. അഞ്ച് കൊല്ലം സർക്കാർ ലോ കോളേജിൽ പഠിച്ചു എന്നിട്ട് പോലും ഒരു സസ്‌പെൻഷൻ കിട്ടിയിട്ടില്ല. ഭരണഘടനയുടെ മാഹാത്മ്യത്തിലാണ് ഞാൻ വിശ്വസിക്കുന്നത്. ശരിയെന്ന് തോന്നുന്നത് പറയുന്നതിൽ തെറ്റില്ലെന്നാണ് എന്റെ അഭിപ്രായം. ഞാനിതുവരെ ഒരു ചട്ടവും ലംഘിച്ചിട്ടില്ല. മലയാളത്തിൽ ഒരുപാട് പ്രയോഗങ്ങളുണ്ട്. അത് ഭാഷാപരമായ സംഭവമാണ്. പ്രത്യേകിച്ച് സിനിമയുമായി ബന്ധപ്പെട്ടൊക്കെ പ്രയോഗങ്ങളുണ്ട്.

ഫ്രീഡം ഒഫ് സ്‌പീച്ച് എന്ന് പറഞ്ഞാൽ എല്ലാവരെയും സുഖിപ്പിച്ചുകൊണ്ട് സംസാരിക്കണം എന്നല്ല. എതിർത്തും പറയാനുള്ള അവകാശമുണ്ട്. സസ്‌പെൻഷനുമായി ബന്ധപ്പെട്ട ഡോക്യുമെന്റുകൾ ഞാൻ കണ്ടിട്ടില്ല. വിശദീകരണം ചോദിച്ചതിൽ പരാതിയില്ല. ഉത്തരവ് കിട്ടിയ ശേഷം മറ്റ് കാര്യങ്ങൾ സംസാരിക്കാം. സത്യം പറയാൻ അവകാശമുണ്ട്. അതിന് എന്നെ ആരും കോർണർ ചെയ്യണ്ട. പോയി വാറോല കൈപ്പറ്റട്ടെ.’

സമൂഹ മാദ്ധ്യമങ്ങളിലൂടെ അഡീഷമൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ വ്യക്തിപരമായ പരാമർശം നടത്തിയതിനെ തുടർന്നാണ് പ്രശാന്തിനെതിരെ നടപടിയുണ്ടായത്. എ ജയതിലകിനെ സാമൂഹിക മാദ്ധ്യമക്കുറിപ്പിലൂടെ അവഹേളിച്ച പ്രശാന്തിനെതിരെ നടപടിക്ക് ശുപാർശ ചെയ്‌ത് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ മുഖ്യമന്ത്രി പിണറായി വിജയന് നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു. നടപടിയുണ്ടാവുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടും ഞായറാഴ്ചയും ജയതിലകിനെതിരേ പ്രശാന്ത് അധിക്ഷേപം തുടർന്നു. ഇതുകൂടി ചൂണ്ടിക്കാട്ടിയാണ് ചീഫ് സെക്രട്ടറി സ്വമേധയാ റിപ്പോർട്ട് നല്‍കിയത്.


Source link

Related Articles

Back to top button