KERALAMLATEST NEWS

ശബരിമല: ഒരാൾക്കും ദർശനം നടത്താതെ മടങ്ങേണ്ടിവരില്ല : മന്ത്രി വി.എൻ.വാസവൻ

കോട്ടയം: ശബരിമല തീർത്ഥാടനത്തിനെത്തുന്ന ഒരാൾക്കും ദർശനം നടത്താതെ ഈ വർഷം തിരിച്ചുപോകേണ്ടിവരില്ലെന്ന് ദേവസ്വം മന്ത്രി വി.എൻ.വാസവൻ കേരളകൗമുദിയോട് പറഞ്ഞു. തീർത്ഥാടകർക്ക് പരമാവധി സൗകര്യമൊരുക്കും. അതിനായി ഒരു ഡസനിലേറെ യോഗങ്ങൾ നടത്തി. തുടർച്ചയായ മഴകാരണം ചില ജോലികൾ തടസപ്പെട്ടത് നടതുറക്കും മുമ്പ് പൂർത്തിയാകും. തീർത്ഥാടനം അലങ്കോലപ്പെടുത്താനുള്ള ശ്രമം ഏതെങ്കിലും ഭാഗത്തുനിന്നുണ്ടായാൽ ശക്തമായ നടപടി സർക്കാർ സ്വീകരിക്കും.

ആദ്യം വെർച്വൽ ക്യൂ ബുക്കിംഗ് മാത്രമായിരുന്നു. കേരളകൗമുദി ഉൾപ്പെടെ സ്‌പോട്ട് ബുക്കിംഗ് ആവശ്യംശക്തമാക്കിയതോടെ അതും അനുവദിച്ചു. ആധാർ കാർഡുമായി വരുന്ന പതിനായിരം പേർക്ക് എല്ലാ ദിവസവും അധികമായി പ്രവേശനം നൽകുന്നതിന് മൂന്നിടത്ത് സ്പോട്ട് ബുക്കിംഗുണ്ടാകും. തീർത്ഥാടകരുടെ എണ്ണം കൂടുന്നതനുസരിച്ച് കൂടുതൽ പേർക്ക് സൗകര്യമൊരുക്കും.

അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തീർത്ഥാടകരെ അകറ്റുന്നതിനെതിരെ പ്രക്ഷോഭം നടത്തുമെന്നുമാണ് ചില സംരക്ഷണ സമിതി നേതാക്കൾ പറയുന്നതെന്ന് ചോദിച്ചപ്പോൾ പ്രക്ഷോഭം നടത്തട്ടെ അപ്പോൾ നോക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. അരവണ ക്ഷാമം ഉണ്ടാകാതിരിക്കാൻ 40 ലക്ഷം കണ്ടെയ്‌നർ ബഫർ സ്‌റ്റോക്കുണ്ടാകും.

8000 തീർത്ഥാടകർക്ക് വിശ്രമിക്കാൻ ജർമ്മൻ പന്തൽ അടക്കം മൂന്നു നടപ്പന്തൽ പമ്പയിൽ അടുത്ത ദിവസം പൂർത്തിയാകും.ഇതോടെ പമ്പയിൽ വിരിവയ്ക്കാൻ കൂടുതൽ സൗകര്യമാകും. ഡോളിക്കാർ അമിത കൂലിവാങ്ങുന്നത് ഒഴിവാക്കാൻ പ്രീപെയ്ഡ് ഡോളി സംവിധാനവും ഈ സീസണിൽ ആരംഭിക്കും. 13,600 പൊലീസുകാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലടക്കം എല്ലാ ഇടത്താവളങ്ങളിലും മാസങ്ങൾക്കു മുമ്പേ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചായിരുന്നു തീർത്ഥാടനത്തിന് കുറ്റമറ്റ സംവിധാനമൊരുക്കിയത്.

പാർക്കിംഗിന് കൂടുതൽ സ്ഥലം

ബേസ് ക്യാമ്പായ നിലയ്ക്കലിൽ ഏഴ് പിൽഗ്രിം സെന്ററുകളുടെ പണി അവസാന ഘട്ടത്തിലാണ്. മൂന്നിടത്ത് പാർക്കിംഗ് സൗകര്യം ലഭ്യമാണ്.നിലയ്ക്കലിൽ 10,000 വാഹനങ്ങൾക്ക് പുറമേ 2500 വാഹനങ്ങൾക്കുകൂടി പാർക്ക് ചെയ്യാനാകും. എരുമേലിയിൽ ആറര ഏക്കർ അധിക സ്ഥലംകൂടി പാർക്കിംഗിനായി വിനിയോഗിക്കും. മഴ തടസമായെങ്കിലും റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയായി. എല്ലാ തീർത്ഥാടകർക്കും ദേവസ്വം ബോർഡ് അഞ്ചു ലക്ഷം രൂപയുടെസൗജന്യ ഇൻഷ്വറൻസ് കവറേജ് ഏർപ്പെടുത്തി. മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കാനും സംവിധാനമായി.

വെള്ളവും ബിസ്കറ്റും നൽകും

20 ലക്ഷത്തിലേറെ അയ്യപ്പഭക്തർക്ക് സന്നിധാനത്ത് അന്നദാനം നൽകും. മരക്കൂട്ടം മുതൽ സന്നിധാനംവരെ തീർത്ഥാടകർക്ക് വിശ്രമിക്കുന്നതിനായി 1000 സ്റ്റീൽ കസേരകൾ സ്ഥാപിക്കും. ക്യൂവിലുള്ളവർക്ക് വെള്ളവും ബിസ്കറ്റും 24 മണിക്കൂറും നൽകും. ഇ- ടോയ്‌ലെറ്റ് സൗകര്യവുമുണ്ടാകും. സെപ്ടിക് ടാങ്ക് മാലിന്യസംസ്‌കരണത്തിന് ആധുനിക മൊബൈൽ സംവിധാനങ്ങളടക്കം ഉപയോഗിക്കും. നിലയ്ക്കലിൽ 1045, പമ്പയിൽ 580, സന്നിധാനത്ത് 1005 ടോയ്‌ലെറ്റുകൾ സ്ഥാപിച്ചു.


Source link

Related Articles

Back to top button