KERALAMLATEST NEWS

അന്വേഷണവുമായി സഹകരിക്കുന്നു, സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: പീഡനക്കേസിൽ നടൻ സിദ്ദിഖ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ ആരോപണം തള്ളിയ സിദ്ദിഖ്, ഏതു ജാമ്യവ്യവസ്ഥയും പാലിക്കാൻ തയ്യാറാണെന്ന് രേഖാമൂലം മറുപടി നൽകി. ജസ്റ്റിസുമാരായ ബേല എം.ത്രിവേദി,​ സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കോടതി നേരത്തെ അനുവദിച്ച ഇടക്കാല ജാമ്യത്തിലാണ് നിലവിൽ സിദ്ദിഖ്. സംസ്ഥാന സർക്കാരിന്റെയും പരാതിക്കാരിയുടെയും ഭാഗവും കോടതി ഇന്ന് കേൾക്കും.

ആരോപണങ്ങൾ തള്ളി

സിനിമയിൽ വേഷം വാഗ്ദാനം ചെയ്‌ത് പീഡിപ്പിച്ചെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിലുള്ളതെന്നും ഇത് പരാതിക്കാരി പോലും പറയാത്ത കാര്യമാണെന്നും സിദ്ദിഖിന്റെ മറുപടിയിൽ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ തിരക്കഥ തയ്യാറാക്കി തന്റെ തലയിൽ വച്ചുകെട്ടാൻ ശ്രമിക്കുകയാണ്. ഫേസ്ബുക്ക് അക്കൗണ്ട് ഡീ ആക്‌ടിവേറ്റ് ചെയ്‌തിട്ടില്ല. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ആക്രമണം നടക്കുന്നതിനാൽ ഇപ്പോൾ ആക്‌ടീവല്ല. ചുരുക്കം സിനിമകളിൽ മാത്രമാണ് നായകനായി അഭിനയിച്ചിട്ടുള്ളത്. ഭൂരിഭാഗവും സഹനടന്റെ വേഷങ്ങളാണ് ചെയ്തിട്ടുള്ളത്. അതിനാൽ സിനിമാ മേഖലയിൽ വൻ സ്വാധീനമുണ്ടെന്ന പൊലീസ് വാദം നിലനിൽക്കില്ല.

മറ്റ് വാദങ്ങൾ

 നിരപരാധിയാണ്. കൃത്യമായി അന്വേഷിക്കാതെ വ്യാജക്കേസിൽ കുടുക്കി

 ജാമ്യം ലഭിച്ചപ്പോൾ മധുരം വിതരണം ചെയ്‌തെന്ന ആരോപണം തെറ്റ്

 പരാതിക്കാരി തനിക്കെതിരെ ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുന്നിൽ പരാതി പറഞ്ഞിട്ടില്ല

 മൊബൈൽ ഫോണുകളുടെയും ഡ്രൈവർമാരുടെയും വിവരങ്ങൾ കൈമാറി


Source link

Related Articles

Back to top button