അനധികൃത ഫ്ളക്സ്: ലഭിക്കേണ്ട പിഴ കോടികൾ; നടപടി നാമമാത്രം
ശ്രീഹരി രാമകൃഷ്ണൻ | Monday 11 November, 2024 | 12:00 AM
കൊച്ചി: നിരത്തുവക്കിലെ അനധികൃത ഫ്ലക്സ് ബോർഡുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി പലതവണ നിർദ്ദേശിച്ചിട്ടും കാര്യമായി പിഴ ചുമത്താതെ കണ്ണടയ്‌ക്കുന്നതുമൂലം ഖജനാവിന് നഷ്ടമാകുന്നത് കോടികൾ. പിഴ ചുമത്താതെ അധികൃതർതന്നെ ബോർഡുകൾ എടുത്തു മാറ്റുന്നുമുണ്ട്. ഇതുപലതും രാഷ്ട്രീയ പാർട്ടികളുടേതാണ്.
ഓരോ ബോർഡിനും 5000 രൂപ വീതം പിഴ ഈടാക്കാൻ വ്യവസ്ഥയുണ്ട്. എന്നാൽ, ഒന്നരവർഷത്തിനിടെ 9000 ബോർഡുകൾ നീക്കിയെന്ന് അവകാശപ്പെട്ട കൊച്ചി കോർപ്പറേഷൻ പിഴയുടെ കണക്കു പറയാനാകാതെ ഹൈക്കോടതിയിൽ തപ്പിത്തടഞ്ഞു. പിഴ കൃത്യമെങ്കിൽ 4.50 കോടി കിട്ടേണ്ടതായിരുന്നു. തിരുവനന്തപുരത്ത് മിക്ക ബോർഡുകളും നീക്കിയെന്നറിയിച്ച കോർപ്പറേഷൻ, എട്ടുലക്ഷം രൂപയുടെ കണക്കാണ് ബോധിപ്പിച്ചത്. അതായത്, 160 ബോർഡുകളുടെ തുക മാത്രം. പല തദ്ദേശ സ്ഥാപനങ്ങളിലും നടപടി നാമമാത്രമാണ്.
ഫ്ലക്സ് പ്രശ്നത്തിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഹൈക്കോടതി 34 ഇടക്കാല ഉത്തരവുകൾ നൽകിയിരുന്നു. തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കാണ് പ്രധാന ഉത്തരവാദിത്വമെന്നും പിഴ ചുമത്തിയില്ലെങ്കിൽ അവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും നിർദ്ദേശിച്ചിരുന്നു. ബോർഡുകളും കൊടിതോരണങ്ങളും മുഖ്യമായും രാഷ്ട്രീയക്കാരുടേത് ആയതിനാലാണ് കൈവിറയ്‌ക്കുന്നതെന്നും വിമർശിച്ചിരുന്നു. പല ബോർഡുകളും സ്ഥാപിക്കുന്നത് ആരെന്ന് വ്യക്തമല്ലാത്തിനാലാണ് പിഴ ചുമത്താത്തതെന്നാണ് അധികൃതരുടെ വിശദീകരണം.
ബോർഡുകളിൽ പ്രിന്ററുടെയടക്കം വിവരങ്ങളും നമ്പറുകളും നിർബന്ധമാക്കി കോടതി ഉത്തരവുണ്ടെങ്കിലും അതിലും പരിശോധന കാര്യക്ഷമമല്ല. കൊച്ചിയിൽ ഇതിനായി പൊലീസിന് കത്തയച്ച് കാത്തിരിക്കുകയാണ് കോർപ്പറേഷൻ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ബോർഡുകൾ പോലും നീക്കാത്ത ഇടങ്ങളുണ്ട്. മാറ്റിയിടത്ത് പുതിയ ബോർഡുകളും പ്രത്യക്ഷപ്പെടുന്നു.
നോഡൽ ഓഫീസിൽ
നോ റെസ്പോൺസ്
മാർഗതടസവും സുരക്ഷാ ഭീഷണിയുമുണ്ടാക്കുന്ന ബോർഡുകളെക്കുറിച്ച് ജനങ്ങൾക്ക് പരാതിപറയാൻ തദ്ദേശവകുപ്പ് ഒക്ടോബർ 16ന് എല്ലാ ജില്ലകളിലും ജോയിന്റ് ഡയറക്ടർ തലത്തിൽ നോഡൽ ഓഫീസർമാരെ നിയോഗിച്ച് ഉത്തരവിറക്കിയിരുന്നു. ബന്ധപ്പെടാൻ ലാൻഡ് ഫോൺ നമ്പറുകളും നൽകി. ശനിയാഴ്ച എറണാകുളത്തെ നോഡൽ ഓഫീസിലെ 0484-2422219 എന്ന നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കോളുകൾ സ്വീകരിക്കുന്നില്ല എന്ന വോയ്സ് റെസ്പോൺസാണ് ലഭിച്ചത്.
”ഇനി നവകേരളമെന്നും ശുചിത്വകേരളമെന്നും പറയുന്നതിൽ അർത്ഥമില്ല
-ഹൈക്കോടതി
Source link