പൊലീസ് കസ്റ്റഡിയിൽ വൃദ്ധൻ കുഴഞ്ഞുവീണ് മരിച്ചു
കൊല്ലം: യുവതിയുടെ പരാതിയിൽ ചോദ്യം ചെയ്യാനായി പരവൂർ പൊലീസ് കസ്റ്റഡിയിലെടുത്ത വൃദ്ധൻ കുഴഞ്ഞു വീണ് മരിച്ചു. പരവൂർ പുക്കുളം സുനാമി ഫ്ലാറ്റ് നിവാസി യശോധരനാണ് (56) മരിച്ചത്.
ഞായറാഴ്ച വൈകിട്ട് 5.30 ഓടെയാണ് പരവൂർ പൊലീസ് യശോധരനെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. സ്റ്റേഷനിൽ എത്തിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യശോധരനെ ആദ്യം നെടുങ്ങോലം താലൂക്കാശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി 7.30 ഓടെ മരിച്ചെന്നാണ് പൊലീസ് പറയുന്നത്.
സാമ്പത്തിക തർക്കങ്ങളെ തുടർന്നുണ്ടായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സമീപത്തെ സുനാമി ഫ്ലാറ്റിൽ താസമിക്കുന്ന യുവതി നൽകിയ പരാതിയിലാണ് പൊലീസ് യശോധരനെ കസ്റ്റഡിയിലെടുത്തത്. കോളറിൽ പിടിച്ച് വലിച്ചാണ് ഫ്ലാറ്റിൽ നിന്ന് ഭർത്താവിനെ പിടിച്ചുകൊണ്ടുപോയതെന്നും സ്റ്റേഷനിലെത്തിച്ച ശേഷം പുറം ലോകം കാണില്ലെന്ന് തന്റെ മുന്നിൽ വച്ച് ഒരു ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയെന്നും അതിന് പിന്നാലെയാണ് യശോധരൻ കുറഞ്ഞുവീണതെന്നും ഭാര്യ അംബിക പറഞ്ഞു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം യശോധരന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഇന്ന് തിരുവല്ലയിലെ കുടുംബവീട്ടിൽ സംസ്കരിക്കും. മരണത്തിൽ ദുരൂഹത ആരോപിച്ച് പരാതി നൽകുമെന്ന് അംബിക പറഞ്ഞു. ഇവർക്ക് മക്കളില്ല.
Source link