KERALAMLATEST NEWS

അഞ്ചുവയസുകാരിയെ പീഡിപ്പിച്ചുകൊന്ന രണ്ടാനച്ഛന് വധശിക്ഷ  

പത്തനംതിട്ട: കുമ്പഴയിൽ തമിഴ്നാട് സ്വദേശിയായ ബാലികയെ പീഡിപ്പിച്ചുകൊന്ന കേസിൽ രണ്ടാനച്ഛന് വധശിക്ഷ. തമിഴ്നാട് വിരുതുനഗർ സ്വദേശി അലക്സ് പാണ്ഡ്യനെയാണ് (26) പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഒന്ന് (പോക്സോ കോടതി ) ജഡ്ജ് ജയകുമാർ ജോൺ ശിക്ഷിച്ചത്. മരണംവരെ തൂക്കിലേറ്റണമെന്നും രണ്ടുലക്ഷം രൂപ പിഴ ഇൗടാക്കണമെന്നും വിധിന്യായത്തിൽ പറയുന്നു. പിഴ അടച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിച്ച് കണ്ടുകെട്ടണം. വിവിധ വകുപ്പുകളിലായി വേറെയും ശിക്ഷ അനുഭവിക്കുകയും പിഴ നൽകുകയും വേണം.

2021ഏപ്രിൽ അഞ്ചിനാണ് കേസിനാസ്‌പദമായ സംഭവം. കുമ്പഴയിൽ മാതാവ് കനകയ്ക്കും ഇവരുടെ രണ്ടാം ഭർത്താവായ അലക്‌സ് പാണ്ഡ്യനുമൊപ്പം താമസിക്കുകയായിരുന്നു കുട്ടി. സമീപ വീടുകളിൽ ജോലി നോക്കുന്ന മാതാവ് സംഭവ ദിവസം വീട്ടിലെത്തുമ്പോൾ കുട്ടി ചലനമറ്റ് കിടക്കുന്നതാണ് കണ്ടത്. വിവരം തിരക്കിയപ്പോൾ അലക്‌സ് ഇവരെ മർദ്ദിച്ചു. ഇവർ അയൽവാസികളെ വിവരമറിയിച്ചതോടെയാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. ക്രൂരമായി മർദ്ദിച്ചാണ് പീഡിപ്പിച്ചതെന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. പ്രകൃതിവിരുദ്ധ പീഡനത്തിനും കുട്ടി വിധേയയായി. ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ലഹരിക്കടിമയായ പ്രതി തമിഴ്നാട്ടിൽ വച്ചും കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. കുട്ടിയുടെ പിതാവിനോടുള്ള വൈരാഗ്യവും കാരണമായി.

വിവിധ വകുപ്പുകളിൽ വേറെയും ശിക്ഷ

കുട്ടിയെ ദേഹോപദ്രവം ഏല്പിച്ചതിന് എട്ടുവർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം അധികകഠിന തടവ് അനുഭവിക്കണം. പോക്സോ 4,3 വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യത്തിന് 25വർഷം കഠിനതടവും 75000 രൂപ പിഴയും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം അധികകഠിന തടവ് അനുഭവിക്കണം. പോക്സോ നിയമത്തിലെ 6,5(ഐ),5(എം),5(എൻ),5(പി) വകുപ്പുകൾ അനുസരിച്ച് 20 കൊല്ലം വീതം കഠിനതടവും 50,000 രൂപ വീതം പിഴയുമുണ്ട്. പിഴ അടച്ചില്ലെങ്കിൽ 6മാസം അധികകഠിന തടവ് അനുഭവിക്കണം. ബാലനീതി നിയമത്തിലെ വകുപ്പ് 75 പ്രകാരം ഒരുവർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം അധിക കഠിനതടവ് അനുഭവിക്കണം. വധശിക്ഷ ഒഴികെ വിധിന്യായത്തിൽ പറയുന്ന ഈ ശിക്ഷകളെല്ലാം ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴത്തുകയുടെ പകുതി കുട്ടിയുടെ മാതാവിന് നൽകണമെന്നും ഉത്തരവിലുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.നവീൻ.എം.ഈശോ ഹാജരായി. പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക്‌ മാറ്റി.


Source link

Related Articles

Check Also
Close
Back to top button