എന്‍ പ്രശാന്തിനും കെ ഗോപാലകൃഷ്ണനും സസ്‌പെന്‍ഷന്‍, മല്ലു ഹിന്ദു ഗ്രൂപ്പിലും, ചേരിപ്പോരിലും നടപടി

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കൃഷി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്തിനും, കെ ഗോപാലകൃഷ്ണനുമാണ് സസ്‌പെന്‍ഷന്‍. അഡീഷണല്‍ ചീഫ് സെക്രട്ടറി ജയ്തിലകിനെ പരസ്യമായി അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് പ്രശാന്തിനെതിരായ നടപടി. മല്ലു ഹിന്ദു ഓഫീസര്‍മാരുടെ വാട്‌സാപ്പ് ഗ്രൂപ്പ് വിഷയത്തിലാണ് വ്യവസായ വകുപ്പ് ഡയറക്ടറും തിരുവനന്തപുരം മുന്‍ ജില്ലാ കളക്ടറുമായ ഗോപാലകൃഷ്ണനെതിരായ നടപടി.

ഇരുവര്‍ക്കുമെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയിരുന്നു. അഡിഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെ സോഷ്യല്‍ മീഡിയയില്‍ പരിഹാസം കലര്‍ത്തി വിമര്‍ശിച്ച കൃഷിവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍.പ്രശാന്ത് അതുതുടരുകയായിരുന്നു. ജയതിലക് കല്‍പ്പിക്കുന്ന രീതിയില്‍ ഫയലും റിപ്പോര്‍ട്ടും നോട്ടുമെഴുതാന്‍ വിസമ്മതിച്ച സത്യസന്ധരായ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും നശിപ്പിച്ചെന്നാണ് പ്രശാന്തിന്റെ ആരോപണം.

വെളിപ്പെടുത്തലുകള്‍ തുടരുമെന്നും പ്രശാന്ത് അസന്നിദ്ധമായി പ്രഖ്യാപിച്ചു.പ്രശാന്തിന്റേത് അച്ചടക്കലംഘനമാണെന്നും ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊതുസമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം. പൊലീസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ഗോപാലകൃഷ്ണന്റെ വിശദീകരണം നിരാകരിച്ചുകൊണ്ടാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്.

അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെ മനോരോഗി എന്ന് വരെ വിളിച്ചുള്ള പരസ്യ അധിക്ഷേപത്തിലാണ് എന്‍ പ്രശാന്തിനെതിരായ നടപടി. ഫേസ്ബുക്ക് പോസ്റ്റുള്ളതിനാല്‍ വിശദീകരണം പോലും തേടാതെയാണ് എന്‍ പ്രശാന്തിനെതിരെ ചീഫ് സെക്രട്ടറി നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നത്. മല്ലു ഹിന്ദു ഓഫീസേഴ്‌സ് ഗ്രൂപ്പ് ഉണ്ടാക്കിയത് താനല്ലെന്നും ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നുമാണ് ഗോപാലകൃഷ്ണന്‍ നല്‍കിയ വിശദീകരണം. എന്നാല്‍ ഈ വാദത്തില്‍ കഴമ്പില്ലെന്ന് തെളിഞ്ഞിരുന്നു. ഇതോടെയാണ് ഗോപാലകൃഷ്ണനെതിരെ നടപടി ഉണ്ടായത്.


Source link
Exit mobile version