KERALAMLATEST NEWS

ശബരിമല: തീർത്ഥാടകരുടെ വാഹനം തടയില്ലെന്ന് കളക്ടർ

പത്തനംതിട്ട: ശബരിമല തീർത്ഥാടനകാലത്ത് അയ്യപ്പഭക്തർ സഞ്ചരിക്കുന്ന വാഹനങ്ങൾ വഴിയിൽ തടഞ്ഞിടില്ലെന്ന് ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ. പത്തനംതിട്ട പ്രസ് ക്ലബിൽ നടന്ന ശബരിമല സുഖദർശനം സംവാദപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലയ്ക്കലിൽ 10,000 വാഹനങ്ങൾക്ക് പാർക്കുചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ചെറുവാഹനങ്ങൾ പമ്പയിൽ പാർക്ക് ചെയ്യാൻ ഹൈക്കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇടത്താവളങ്ങളിൽ പാർക്കിംഗിന് സൗകര്യമൊരുക്കും.

ശബരിമല, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ശുചീകരണത്തിനായി 1000 തൊഴിലാളികളെ നിയോഗിക്കും. എരുമേലി, പന്തളം എന്നിവിടങ്ങളിലും പ്രധാന ഇടത്താവളങ്ങളിലും ശുചീകരണ തൊഴിലാളികളെ നിയമിക്കും. ആഴ്ചയിലൊരിക്കൽ എ.ഡി.എം പരാതികൾ കേൾക്കും. നിർദ്ദേശങ്ങൾ സ്വീകരിക്കും.

നാല് എമർജൻസി ഓപ്പറേഷൻ സെന്ററുകളിലായി 21 അംഗങ്ങളെ നിയോഗിക്കും. മെഡിക്കൽ എമർജൻസിക്കായി പരിശീലനം സിദ്ധിച്ച സിവിൽ ഡിഫൻസ് വോളന്റിയർമാരെ നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിൽ നിയോഗിക്കും. അടിയന്തര സാഹചര്യത്തിൽ തീർത്ഥാടകരെ കോന്നി മെഡിക്കൽ കോളേജിൽ എത്തിച്ച് ചികിത്സ നൽകും.

ശബരിമലയിലെ എല്ലാ കാര്യങ്ങളും തീർത്ഥാടകർക്ക് മുൻകൂട്ടി അറിയാൻ വാട്സ് ആപ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്. എ.ഐ സംവിധാനത്തിലൂടെയാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. ആറ് ഭാഷകളിൽ ഇതിലൂടെ വിവരങ്ങൾ അറിയാം.


Source link

Related Articles

Back to top button