INDIA

മുന്നിലുണ്ട് ബിർസ മുണ്ട; പിന്നിലാണ് ഉളിഹാതു ഗ്രാമം

മുന്നിലുണ്ട് ബിർസ മുണ്ട; പിന്നിലാണ് ഉളിഹാതു ഗ്രാമം – Reality of Birsa Munda’s village Ulitahu | India News, Malayalam News | Manorama Online | Manorama News

മുന്നിലുണ്ട് ബിർസ മുണ്ട; പിന്നിലാണ് ഉളിഹാതു ഗ്രാമം

റാഞ്ചിയിൽനിന്ന് കെ.ജയപ്രകാശ് ബാബു

Published: November 12 , 2024 12:44 AM IST

1 minute Read

ഉളിഹാതുവിൽ സ്വാതന്ത്ര്യസമര സേനാനി ബിർസ മുണ്ടയുടെ നവീകരിച്ച ജന്മഗൃഹം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ / മനോരമ

സ്വാതന്ത്ര്യസമര സേനാനി ആദിവാസി നേതാവ് ബിർസ മുണ്ട എല്ലാവരുടേതുമാണ്. പക്ഷേ, അദ്ദേഹം ജനിച്ച ഉളിഹാതു എന്ന ഗ്രാമത്തെ ആർക്കും വേണ്ട. ബിർസ മുണ്ടയുടെ വീരകഥ പറഞ്ഞാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണ തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയതുതന്നെ. ജെഎംഎം നേതാക്കളും ഒട്ടും പിന്നിലല്ല. റാഞ്ചി വിമാനത്താവളം അടക്കം ഒട്ടേറെ സർക്കാർ സംരംഭങ്ങൾക്കു ബിർസ മുണ്ടയുടെ പേരാണ്. പക്ഷേ, കുംടി ജില്ലയിലെ ഉളിഹാതുവെന്ന ആദിവാസിഗ്രാമത്തിലെ വികസനം അവിടേക്കുള്ള റോഡിലൊതുങ്ങുന്നു.

മണ്ണു തേച്ച, ദാരിദ്ര്യം വിളിച്ചോതുന്ന കുടിലുകൾ. കുഴൽക്കിണറുകളുണ്ടെങ്കിലും ഏപ്രിൽ മുതൽ ജൂൺ വരെ ശുദ്ധജലക്ഷാമം രൂക്ഷം. പൊതു പൈപ്പ് ലൈനിൽ വെള്ളമെത്തുക വല്ലപ്പോഴും. വയലിൽ കുത്തിയ കുഴിയിൽനിന്നു വെള്ളം ശേഖരിക്കുന്നവരുണ്ടിവിടെ. മുഴുവൻ സമയം വൈദ്യുതി ലഭിക്കാറില്ല. ഗവ. എൽപി സ്കൂളിന്റെ കെട്ടിടം പഴകിക്കിടക്കുന്നു. പാവപ്പെട്ട വിദ്യാർഥികൾക്കു യൂണിഫോം അലവൻസ് ലഭിക്കുന്നില്ല. പശുക്കളുണ്ടെങ്കിലും ആലയില്ല. ആടുണ്ടെങ്കിലും കൂടില്ല. പോസ്റ്റ് ഓഫിസ്, ഇടുങ്ങിയ മോശം കെട്ടിടത്തിലാണ്. പലർക്കും ജോലിയില്ല. 

രോഗം വന്നാൽ, സൈനിക കേന്ദ്രത്തിലെ ചെറിയ ഡിസ്പെൻസറിയാണ് ആശ്രയം. വനോൽപനങ്ങൾ ശേഖരിക്കലാണു പലരുടെയും വരുമാനമാർഗം. ബിർസ മുണ്ടയുടെ വീട് പുതുക്കിപ്പണിതിട്ടുണ്ട്. അടുത്തൊരു ലൈബ്രറിയും അദ്ദേഹത്തിന്റെ ഓർമയ്ക്കായി നിർമിച്ചിട്ടുണ്ട്. പ്രചാരണ ഹെലികോപ്റ്ററുകളുടെ ബഹളമൊന്നും ഉളിഹാതുവിനെ ബാധിച്ചിട്ടേയില്ല. റോഡിൽ നെല്ലും വൈക്കോലും ഉണക്കുന്നതിന്റെ തിരക്കിലാണവർ. പക്ഷേ, നാളെ അവരും വോട്ടു ചെയ്യും.

English Summary:
Reality of Birsa Munda’s village Ulitahu

mo-news-national-states-jharkhand mo-news-common-malayalamnews 2p9q1dr50d9vr572rfaa03dn9l 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-jmm mo-politics-leaders-narendramodi


Source link

Related Articles

Back to top button