പത്തനംതിട്ട: പൊതുനിരത്തിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ വാഹനഗതാഗതം തടസപ്പെടുത്തി ജന്മദിനാഘോഷം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്‌തു. പത്തനംതിട്ടയിൽ സെന്റ് പീറ്റേഴ്‌സ് ജംഗ്‌ഷനിൽ 20ഓളം കാറുകളടങ്ങിയ റാലി നടത്തിയും 50ഓളം യുവാക്കൾ ചേർന്നും കേക്ക് മുറിച്ച് ജന്മദിനാഘോഷം സംഘടിപ്പിച്ച സംഭവത്തിൽ കേക്ക് മുറിച്ച ഷിയാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാളാണ് സംഭവവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാംപ്രതി.
പത്തനംതിട്ട വെട്ടിപ്പുറം സ്വദേശിയാണ് ഷിയാസ്. വെട്ടിപ്രത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ക്ളബായ കമ്മട്ടിപ്പാടത്തിന്റെ നേതൃത്വത്തിലാണ് ആഘോഷം നടന്നതെന്നാണ് ആക്ഷേപം. ശനിയാഴ്ച രാത്രി ഒൻപതു മുതൽ പത്തുവരെ പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലായിരുന്നു ആഘോഷം. ഇതോടെ ഗതാഗതം തടസപ്പെട്ടു. ജനറൽ ആശുപത്രി, പത്തനംതിട്ട സെൻട്രൽ ജംഗ്ഷൻ, തിരുവല്ല, സ്റ്റേഡിയം റോഡ്, വെട്ടിപ്രം എന്നിവിടങ്ങളിലേക്ക് പോകുന്ന വഴിയാണിത്. ആഘോഷത്തിന്റെ വീഡിയോ സംഘം സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചു.
ജില്ലയിൽ മുമ്പും നടുറോഡിൽ പിറന്നാൾ ആഘോഷം നടത്തിയത് വിവാദമായിട്ടുണ്ട്. കാപ്പാ കേസ് പ്രതിയായ ഡി.വൈ.എഫ്.ഐ നേതാവും ഇലവുംതിട്ടയിൽ മദ്യലഹരിയിലെത്തിയ സംഘവും പറക്കോട്ട് എക്‌സൈസ് ഓഫീസിന് സമീപം ലഹരി മാഫിയ സംഘവും ഇത്തരത്തിൽ പിറന്നാൾ ആഘോഷിച്ചിരുന്നു.
അതേസമയം ഷിയാസിന് പാർട്ടിയുമായി ബന്ധമില്ലെന്ന് സി.പി.എം വ്യക്തമാക്കി. ഇയാൾക്കെതിരെ ഒട്ടേറെ കേസുകളുണ്ട്. സംഘത്തിൽ പാർട്ടി, ഡി.വൈ.എഫ്.ഐ പ്രവർത്തകരുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്ന് സി.പി.എം പത്തനംതിട്ട ഏരിയാ സെക്രട്ടറി എം.വി.സഞ്ജു പറഞ്ഞു. പിറന്നാൾ ആഘോഷത്തെക്കുറിച്ച് അറിയില്ലെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ നേതൃത്വവും പ്രതികരിച്ചു.
Source link