അവിടെ ഗാരന്റി, ഇവിടെ സൗജന്യം: അടിക്കടി പ്രകടന പത്രികകളും വാഗ്ദാനങ്ങളും ഇറക്കി മുന്നണികൾ
മുംബൈ∙ മുന്നണികളുടെ വാഗ്ദാനപ്പെരുമഴയിൽ അതിശയിച്ചു ജനം. പാർട്ടികളുടെ ഗാരണ്ടികൾക്കു പുറമേ മുന്നണികളും പ്രകടനപത്രിക പ്രഖ്യാപിച്ചിരിക്കുകയാണ്. ‘മഹാരാഷ്ട്രനാമ’ എന്ന പേരിലാണ് അഘാഡി ഇന്നലെ പുതിയ പ്രകടനപത്രിക പുറത്തിറക്കിയത്. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും പൂർണമായ ആത്മവിശ്വാസം ഇല്ലാത്തതു മൂലമാണ് അടിക്കടി പ്രകടനപത്രികകളും ഗാരണ്ടികളും നൽകുന്നതെന്നു ചിന്തിച്ചാൽ തെറ്റ് പറയാനൊക്കില്ല. ബിജെപിയും തങ്ങളുടെ പ്രകടനപത്രിക പുറത്തിറക്കി. ശിവസേനയും (ഷിൻഡെ) വിഭാഗവും എൻസിപിയും (അജിത്) നേരത്തെ പ്രകടനപത്രികകൾ പുറത്തിറക്കിയിരുന്നു.
അഞ്ച് ഉറപ്പുകൾ വാഗ്ദാനം ചെയ്താണ് കോൺഗ്രസ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രചാരണം ആരംഭിച്ചത്. പിന്നാലെ സഖ്യകക്ഷിയായ ഉദ്ധവ് സേനയും പ്രകടനപത്രിക അവതരിപ്പിച്ചു. തന്റെ വസതിയായ മാതോശ്രീയിലിരുന്ന് ഉദ്ധവ് പ്രകടനപത്രിക പുറത്തിറക്കിയതിനെ ബിജെപി വിമർശിച്ചിരുന്നു. അതിനിടയിലാണ് അഘാഡിയുടെ പ്രകടന പത്രിക എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പുറത്തിറക്കിയത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് സൗജന്യ സെർവിക്കൽ കാൻസർ വാക്സീൻ ഉൾപ്പെടെ സ്ത്രീകളെയും യുവാക്കളെയും ആകർഷിക്കുന്ന ഒട്ടേറെ പദ്ധതികളാണ് സംയുക്ത പ്രകടനപത്രികയിലുള്ളത്. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മഹാരാഷ്ട്രയുടെ ചുമതലയുള്ള മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, ശിവസേന നേതാവ് സഞ്ജയ് റാവുത്ത്, എൻസിപി നേതാവ് സുപ്രിയാ സുളെ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പ്രകടനപത്രിക പുറത്തിറക്കിയത്.
അഘാഡിയുടെ ഉറപ്പ്
∙ 9–16 ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് സൗജന്യ സെർവിക്കൽ കാൻസർ വാക്സീൻ.
∙ ആർത്തവ സമയത്ത് ഉദ്യോഗസ്ഥരായ സ്ത്രീകൾക്ക് 2 ദിവസം അവധി.
∙ ജാതി സെൻസസ് നടത്തും.
∙ സ്വയംസഹായ സംഘങ്ങളുടെ ശാക്തീകരണത്തിന് പ്രത്യേക വകുപ്പ്.
∙ ശിശുക്ഷേമത്തിന് പ്രത്യേക മന്ത്രാലയം.
∙ 18 വയസ്സ് തികയുന്ന പെൺകുട്ടികൾക്ക് സർക്കാർ വക ഒരു ലക്ഷം രൂപ.
∙ 500 രൂപയ്ക്ക് 6 പാചകവാതക സിലിണ്ടറുകൾ.
∙ സ്ത്രീകൾക്കും കുട്ടികൾക്കുമായി നിർഭയ് മഹാരാഷ്ട്ര നയം രൂപീകരിക്കും.
∙ യുവാക്കളുടെ ക്ഷേമത്തിനായി യുവജന കമ്മിഷൻ രൂപീകരിക്കും.
∙ തൊഴിൽരഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 4000 രൂപ നൽകും.
∙ 2.5 ലക്ഷം തസ്തികകളിലേക്ക് നിയമനം.
∙ ശുചീകരണ തൊഴിലാളികൾക്കായി വെൽഫെയർ കോർപറേഷൻ.
∙ 300 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് പ്രതിമാസം 100 യൂണിറ്റ് ഇളവ് .
∙ സർക്കാർ ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കും.
Source link