മേക്കപ്പ് ടെസ്റ്റിനിടെ സീമയോട് പറഞ്ഞ ‘അവളുടെ രാവുകൾ’; പ്രതിഫലം പറയാതെ അഭിനയം

ശാന്തിക്ക് അന്ന് ആരിലും കാര്യമായ വിശ്വാസമുണ്ടായിരുന്നില്ല. സിനിമയാണ്, നടന്നാല്‍ നടന്നു എന്ന് പറയാം. അഭിനയിച്ചാലും ഇല്ലെങ്കിലും തനിക്കൊന്നുമില്ലെന്ന നിലപാടായിരുന്നു. നൃത്തമറിയാം. ഒന്നുമില്ലെങ്കിലും ആ പണി കൊണ്ട് ജീവിക്കാം എന്ന ധൈര്യമായിരുന്നു. എന്തായാലും അവര്‍ അത്ര കാര്യമായി ക്ഷണിച്ച സ്ഥിതിക്ക് പോയി നോക്കാമെന്ന് തന്നെ തീരുമാനിച്ചു. ട്രെയിനിലായിരുന്നു യാത്ര. അന്ന് തുടക്കക്കാര്‍ക്ക് ഫ്‌ളൈറ്റൊന്നും അനുവദനീയമല്ല. തീവണ്ടിയില്‍ ശാന്തിക്കൊപ്പം നടികളായ മല്ലികയും ഫിലോമിനയും ശ്രീലതയും മറ്റുമുണ്ടായിരുന്നു. അവരൊക്കെ അന്ന് സിനിമയില്‍ അത്യാവശ്യം അറിയപ്പെടുന്ന അഭിനേതാക്കളാണ്. അതുകൊണ്ട് അവര്‍ ഫസ്റ്റ് ക്ലാസിലും ശാന്തിക്ക് സെക്കന്‍ഡ് ക്ലാസിലുമാണ് യാത്രാ സൗകര്യം അനുവദിച്ചിരുന്നത്. അമ്മയെ സഹായിക്കാന്‍ മാന്യമായി ജോലിയെടുത്ത് ഇത്തിരി കാശുണ്ടാക്കി കൊടുക്കണം എന്നല്ലാതെ മറ്റൊരു ചിന്തയും ആ സമയത്ത് ശാന്തിയുടെ മനസിലുണ്ടായിരുന്നില്ല.
ആ ട്രെയിനില്‍ തന്നെ ഡയറക്ടര്‍ ബേബിയും ക്യാമറാമാന്‍ നിവാസുമുണ്ട്. ഹൈദരാബാദില്‍ എത്തും വരെ പുറത്തെ കാഴ്ചകള്‍ നോക്കി ശാന്തി കൗതുകത്തോടെ ഇരുന്നു. ഇടയ്ക്ക് എന്തോ ആലോചിച്ചപ്പോള്‍ ചെറിയ ഒരു ആകാംക്ഷ തോന്നി ശാന്തി ഡയറക്ടറോട് ചോദിച്ചു. ‘‘സര്‍…യാര് സര്‍ ഇന്ത പടത്തില് ഹീറോയിന്‍..?’’
അദ്ദേഹം ഉറക്കെ ചിരിച്ചു. ‘‘ഈ ചോദ്യം ഇനിയാരോടും ചോദിക്കരുത്. നാണക്കേട്. ഇത്രയൊക്കെയായിട്ടും നിനക്കറിയില്ലേ..നീ തന്നെയാണ് ഹീറോയിന്‍.’’
ശാന്തി ഉളളില്‍ ചിരിച്ചു. താന്‍ ഹീറോയിനോ? സന്തോഷത്തിന് പകരം നിസംഗതയാണ് മനസില്‍ തോന്നിയത്. ഒന്നുകില്‍ ഇവര്‍ തന്നെ പറ്റിക്കാന്‍ തമാശ പറയുന്നതാവും. അല്ലെങ്കില്‍. അങ്ങനെയൊരു സാധ്യതയുമായി അത്ര പെട്ടെന്ന് മാനസികമായി പൊരുത്തപ്പെടാന്‍ ശാന്തിക്കു കഴിഞ്ഞില്ല. അപ്പോഴും ശാന്തി വിചാരിച്ചത് ഇത്രേയുളളു. അമ്മയ്ക്കും തനിക്കും ജീവിക്കാന്‍ കാശ് വേണം. ഹീറോയിന്‍ ആയാലെന്ത്, ഇല്ലെങ്കിലെന്ത്? കാശാണ് വേണ്ടത്. ട്രെയിന്‍ ഹൈദരാബാദിലെത്തി.
ശാന്തി സീമയ്ക്ക് വഴിമാറുന്നു
രാവിലെ തന്നെ ലൊക്കേഷനിലേക്ക് പോകാന്‍ കാര്‍ എത്തി. ഒരു കുന്നിന്റെ മുകളിലാണ് അന്നത്തെ ഷൂട്ട്. ശാന്തിയും വിജയനും മറ്റുമാണ് ആര്‍ട്ടിസ്റ്റുകള്‍. അവര്‍ കുന്നിന്‍ചരിവില്‍ നിന്നും മുകളിലേക്ക് മെല്ലെ നടന്നു കയറി. മുന്‍പേ നടക്കുന്ന വിജയന്‍ ഒരു മന്ത്രം പോലെ സീമ, സീമ എന്ന് പറഞ്ഞു കൊണ്ടേയിരുന്നു. മല്ലികയാണ് അത് ആദ്യം ശ്രദ്ധിച്ചത്. എന്താണ് കാര്യമെന്ന് മല്ലിക തിരക്കി. വിജയന്‍ പറഞ്ഞു. ‘‘സീമ…അത് ആ കുട്ടിയുടെ പേരാണ്.’’
സിനിമയ്ക്കായി അഭിനേതാക്കളുടെ പേര് പരിഷ്‌കരിക്കുന്നത് പണ്ടേയുളള രീതിയാണ്. നസീറും ബഹദൂറും ശശികുമാറുമൊക്കെ ഇങ്ങനെ നവകീരിച്ച പേരിന്റെ ഉടമകളാണ്.
ഇതെല്ലാം കേട്ടുകൊണ്ട് കുന്ന് കയറുകയായിരുന്നു ശാന്തി. ‘‘എന്താണ് ആ വാക്കിന്റെ അര്‍ഥം?’’
ശാന്തി വളരെ നിഷ്‌കളങ്കമായി ചോദിച്ചു. വീജയന്‍ പറഞ്ഞു. ‘‘സീമ എന്നാല്‍ അതിര്. അതിരെന്നാണ് അർഥം’’
പുതുമയുളള ഒരു പേരായി ശാന്തിക്ക് തോന്നി. കേള്‍ക്കാനും ഒരു ഇമ്പമൊക്കെയുണ്ട്. പോരാത്തതിന് അർഥപൂര്‍ണവുമാണ്. ഏതിലും ചില അതിരുകള്‍ നിര്‍ബന്ധമുളള കര്‍ശനക്കാരിയായ ശാന്തിക്ക് ആ പേര് ഇഷ്ടമായി. അന്ന് ഒരു വെളളിയാഴ്ചയായിരുന്നു. വിജയന്‍ നേരെ പോയി ഡയറക്ടറെ കണ്ട് വിവരം പറഞ്ഞു. അദ്ദേഹത്തിനും പേര് ഇഷ്ടപ്പെട്ടു. അന്ന് വൈകുന്നേരം തന്നെ അടുത്തുളള അമ്പലത്തില്‍ പോയി പൂജ ചെയ്യാന്‍ ബേബി ഉപദേശിച്ചു. ശാന്തി അത് അനുസരിച്ചു. അന്ന് മുതല്‍ ശാന്തി, ശാന്തിയല്ലാതായി.
പകരം സീമയായി. എന്ന് സ്വന്തം മൊയ്തീന്‍ എന്ന സിനിമയിലൂടെ പ്രസിദ്ധനായ മൊയ്തീനായിരുന്നു ഈ സിനിമയുടെ നിര്‍മാതാവ്.
പക്ഷേ എന്തുകൊണ്ടോ ‘നിഴലേ നീ സാക്ഷി’ എന്ന പേരില്‍ ഷൂട്ട് തുടങ്ങിയ ആ സിനിമ പാതിവഴിയില്‍ നിന്നു പോയി. അങ്ങനെ ഗണപതിക്ക് വച്ചത് അപൂര്‍ണമായതില്‍ സീമയ്ക്ക് നേരിയ വിഷമം തോന്നി. പക്ഷേ അപ്പോഴും നൃത്തം എന്ന ജീവിതമാര്‍ഗത്തെ മുറുകെ പിടിച്ച് നിലനില്‍ക്കാം എന്ന ധൈര്യം കൂട്ടിനുണ്ടായി. (അന്ന് ഫസ്റ്റ് ഷെഡ്യൂളില്‍ നിന്നു പോയ ആ സിനിമ പിന്നീട് പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചപ്പോഴേക്കും ‘അവളുടെ രാവുകള്‍’ റിലീസായി. സീമ നിന്നു തിരിയാന്‍ സാധിക്കാത്ത വിധം തിരക്കുളള നായികയായി. പിന്നീട് നടി വിധുബാലയെ വച്ച് പടം തീര്‍ക്കുകയായിരുന്നു.)
മനസാന്നിധ്യം കൈവിടാതെ..
നായികയായ ആദ്യ സിനിമ തന്നെ പാതിവഴിയില്‍ വീണുപോയാല്‍ ആരും തകര്‍ന്നു പോകാം. പക്ഷേ സീമ ചിന്തിച്ചത് മറ്റൊരു വഴിക്കായിരുന്നു. താന്‍ വിഷമിച്ചാല്‍ അത് അമ്മയെ ബാധിക്കും. അതുകൊണ്ട് നഷ്ടപ്പെട്ടതിനെക്കുറിച്ച് ഓര്‍ത്ത് ദുഃഖിച്ചിരിക്കാതെ ഇനിയെന്ത് ചെയ്യാന്‍ കഴിയുമെന്ന് നോക്കുക. തത്കാലം നൃത്തസംഘത്തില്‍ തുടരുക. പണ്ടേ വലിയ ആഗ്രഹങ്ങളില്ലാത്ത ഒരാളായിരുന്നു സീമ. പില്‍ക്കാലത്ത് പല അഭിമുഖങ്ങളിലും അവര്‍ തന്നെ പറഞ്ഞ ഒരു വാക്കുണ്ട്. പരമാവധി ഒരു സ്‌കൂട്ടറുകാരനെ കല്യാണം കഴിക്കാന്‍ മോഹിച്ച എനിക്ക് ദൈവം ഒരു കാറുകാരനെ തന്നു.
നായികാ പദവിയില്‍ നിന്ന് നേരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റിലേക്ക് മടങ്ങുമ്പോളും അതേ മനസായിരുന്നു സീമയ്ക്ക്. പടം നിന്നുപോയതോടെ 1977 ഓഗസ്റ്റില്‍ തന്നെ ഹൈദരാബാദില്‍ നിന്നും മദ്രാസിലേക്ക് മടങ്ങി. സെപ്റ്റംബര്‍ മാസം അടുത്ത വര്‍ക്ക് പ്രതീക്ഷിച്ച് വെറുതെ വീട്ടിലിരിക്കുമ്പോള്‍ ചോപ്ര മാഷ് കയറി വന്നു. സീമ അദ്ഭുതപ്പെട്ടു. ജോലിക്കാണെങ്കില്‍ സാധാരണ ആളെ പറഞ്ഞു വിടുകയോ പി.പി നമ്പറില്‍ വിവരം അറിയിക്കുകയോ ആണ് പതിവ്. മാസ്റ്റര്‍ നേരിട്ട് തന്റെ ചെറിയ വാടകവീട്ടില്‍ വരാന്‍ എന്താണ് കാരണമെന്ന ആകാംക്ഷയോടെ നില്‍ക്കുമ്പോള്‍ അദ്ദേഹം കാര്യങ്ങള്‍ അവതരിപ്പിച്ചു. പെട്ടെന്ന് റെഡിയാകാനാണ് ആവശ്യപ്പെട്ടത്. എന്തിന്, എവിടേക്ക് എന്നൊന്നും മാഷോട് ചോദിക്കാറില്ല. തനിക്ക് ദോഷകരമായ ഒരിടത്തേക്കും അദ്ദേഹം ക്ഷണിക്കില്ലെന്ന് ഉറപ്പാണ്. ആ വാഹനത്തിന്റെ മുന്‍സീറ്റില്‍ അന്ന് പ്രൊഡക്‌ഷന്‍ കണ്‍ട്രോളറായിരുന്ന ഡേവിഡ് കാച്ചപ്പളളിയും (ഇന്നത്തെ പ്രശസ്ത നിര്‍മാതാവ്) ഉണ്ടായിരുന്നു. കല്‍പ്പനാ ഹൗസിലായിരുന്നു അന്നത്തെ ഷൂട്ടിങ്.
കാര്‍ യാത്രക്കിടയില്‍ സീമ സൂത്രത്തില്‍ കാര്യങ്ങള്‍ തിരക്കി. മാഷോട് എന്തും ചോദിക്കാനും പറയാനും സ്വാതന്ത്ര്യമുണ്ട്. മാസ്റ്റര്‍ പറഞ്ഞു. ‘‘ഒരു മലയാള പടമാണ്. രഘുറാമായിരുന്നു മാസ്റ്റര്‍. അദ്ദേഹത്തിന് എന്തോ അസൗകര്യം. പകരം ക്ലാഷ് വര്‍ക്ക് ചെയ്യാന്‍ വന്നതാണ് ഞാന്‍. എനിക്ക് മലയാളം അത്ര പിടിയില്ലാത്തതു കൊണ്ടാണ് നിന്നെ കൂട്ടിയത്’’
സീമ പെട്ടെന്ന് ചിരിച്ചു. സാധാരണ തമിഴ് അടക്കം അന്യഭാഷാ ചിത്രങ്ങളിലാണ് ചോപ്രാ മാഷ് ജോലി ചെയ്യുന്നതെന്ന് അവള്‍ക്കും അറിയാം. ഈ പടത്തിന്റെ സംവിധായകന്‍ ഐ.വി.ശശിയാണെന്ന് സീമയോട് ആദ്യം പറയുന്നത് ഡേവിഡ് കാച്ചപ്പിളളിയാണ്. ഐ.വി.ശശി അന്ന് സാമാന്യം അറിയപ്പെടുന്ന സംവിധായകനാണ്. ശ്രീദേവിയും കമല്‍ഹാസനും റാണിചന്ദ്രയും അടക്കം മുന്‍നിര താരങ്ങളെ വച്ച് പടമെടുക്കുന്ന ആളാണ്.
പതിവു പോലെ സീമ സെറ്റില്‍ ചെന്ന് ഡാന്‍സ് കമ്പോസിങില്‍ സഹായിച്ചു. സംഘനൃത്തത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഷൂട്ടിങ് കഴിഞ്ഞ് സീമ മടങ്ങി.അടുത്ത ദിവസം ശശി നേരിട്ട് സീമയെ ഫോണില്‍ വിളിച്ചു. അപ്പോഴേക്കും അസൗകര്യം തീര്‍ന്ന് രഘുറാം മടങ്ങിയെത്തിയിരുന്നു. അടുത്ത ദിവസവും ഷൂട്ടില്‍ പങ്കെടുക്കാനാണ് ക്ഷണം.തനിക്ക് വരാന്‍ കഴിയില്ലെന്ന് സീമ അറിയിച്ചു. കാരണം മറ്റൊന്നുമല്ല. ചോപ്രാ മാഷിന്റെ കീഴില്‍ പണിയെടുക്കുന്ന താന്‍ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ മറ്റൊരു കോറിയോഗ്രാഫര്‍ക്കൊപ്പം സഹകരിക്കുന്നത് ശരിയല്ല.
ശശി വീണ്ടും വീണ്ടും നിര്‍ബന്ധിക്കുകയാണ്. അദ്ദേഹത്തെ പോലെ ഒരു ഡയറക്ടര്‍ നേരിട്ട് വിളിക്കുമ്പോള്‍ ഇനിയും നിസഹകരിക്കുന്നത് ശരിയല്ലെന്ന് സീമയ്ക്ക് തോന്നി. വരാമെന്ന് പറഞ്ഞ് ഫോണ്‍ വച്ചു. പ്രേംനസീറും ശാരദയും പങ്കെടുക്കുന്ന ഗാനരംഗമാണ് ചിത്രീകരിക്കാനുളളത്. വിജയവാഹിനി സ്റ്റുഡിയോയിലാണ് ഷൂട്ടിങ്. സീമ അവിടേക്ക് ചെന്നു. വാസ്തവത്തില്‍ സീമയ്ക്ക് അതില്‍ കാര്യമായ ജോലിയൊന്നും ഇല്ലായിരുന്നു. പ്രതിഫലം കിട്ടുമോ എന്ന് പോലും സീമ ഭയന്നു. പക്ഷേ ശശി കൃത്യമായി അതൊക്കെ വാങ്ങി കൊടുത്തു എന്ന് മാത്രമല്ല വളരെ സ്‌നേഹത്തോടെ പെരുമാറുകയും ചെയ്തു.
അവളുടെ രാവുകള്‍ വരുന്നു..
തൊട്ടടുത്ത മാസം, ഒക്‌ടോബറില്‍ ശശി വീണ്ടും സീമയെ ക്ഷണിച്ചു. ഇക്കുറി നൃത്തരംഗത്തിനൊന്നുമായിരുന്നില്ല. ഒരു മേക്കപ്പ് ടെസ്റ്റായിരുന്നു സംഭവം. അത് ഓക്കെയാണെന്ന് കണ്ടതോടെ അദ്ദേഹം അടുത്തു വിളിച്ച് പുതിയ സിനിമയെക്കുറിച്ച് പറഞ്ഞു. 1977 നവംബറിലാണ് അവളുടെ രാവുകളെക്കുറിച്ച് ശശി സീമയോട് പറയുന്നത്. ഒരു അഭിസാരികയുടെ വേഷമാണ്. കഥാപത്രത്തെക്കുറിച്ച് കേട്ടപ്പോള്‍ വെറുമൊരു സിനിമയല്ലെന്നും സാമൂഹികമായ ഉത്തരവാദിത്തങ്ങളുളള പടമാണെന്നും തോന്നി. പക്ഷേ സീമയുടെ പരിഗണനാ വിഷയം ഇതൊന്നുമായിരുന്നില്ല. ജോലി ചെയ്ത് കാശുണ്ടാക്കണം. അമ്മയെ നോക്കണം. എന്ന് കരുതി പണമുണ്ടാക്കാനായി എന്തും ചെയ്യുന്ന പെണ്‍കുട്ടിയായിരുന്നില്ല സീമ.
ആരെങ്കിലും അനാവശ്യം പറഞ്ഞാലോ പെരുമാറിയാലോ നല്ല തല്ല് കൊടുക്കാന്‍ ധൈര്യമുളള കൊച്ചുചട്ടമ്പിയായിരുന്നു എന്നാണ് ഒരിക്കല്‍ അവര്‍ സ്വയം വിശേഷിപ്പിച്ചത്. നൃത്തം ചെയ്ത് ആരെയും കൂസാതെ ആരോടും ബാധ്യതയില്ലാതെ ജീവിച്ച കാലമായിരുന്നു തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്നും അവര്‍ ഓര്‍ക്കുന്നു. എന്നാല്‍ സീമ എന്ന അപാര റേഞ്ചുളള അഭിനേത്രിയിലേക്കുളള യാത്രയുടെ തുടക്കം അവളുടെ രാവുകള്‍ എന്ന സിനിമ തന്നെയായിരുന്നു.
വടപളനിയിലുളള പ്രൊഡക്‌ഷന്‍ കമ്പനിയുടെ ഓഫിസില്‍ വച്ചായിരുന്നു പടത്തിന്റെ ഷൂട്ടിങ്. ഒരു വീട് പോലെ എല്ലാവരും അവിടെ തന്നെയായിരുന്നു. മേക്കപ്പ്മാന്‍ എം.ഒ.ദേവസ്യ, ക്യാമറാമാന്‍ വിപിന്‍ദാസ്, കുതിരവട്ടം പപ്പു. ആദ്യദിവസം അതിരാവിലെ തന്നെ ഷൂട്ടിങ് തുടങ്ങി. വൈകുന്നേരം ലാബില്‍ പ്രൊസസ് ചെയ്ത് റഷ് കണ്ട ശേഷം നായികയായി നിലനിര്‍ത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്നാണ് ശശി പറഞ്ഞത്. വെറുതെ നടന്നയാളെ വിളിച്ച് ഓഫര്‍ തന്നിട്ട് അതിന് ഒരു ഉറപ്പുമില്ലാത്തതു പോലെ സംസാരിക്കുന്നത് കേട്ടപ്പോള്‍ സീമയ്ക്ക് വല്ലായ്മ തോന്നി.
നേരം വൈകിയിട്ടും ആരും ഒന്നും പറയുന്നില്ല. നൃത്തപരിപാടികള്‍ നഷ്ടപ്പെട്ട വിഷമത്തിലായിരുന്നു സീമ അപ്പോള്‍. ഉയരം കുറഞ്ഞ ഈ മനുഷ്യനെ വിശ്വസിക്കാമോ എന്നാണ് ആ സമയത്ത് സീമ ആലോചിച്ചത്. നടന്‍ രവികുമാര്‍ സീമയ്ക്ക് സഹോദര തുല്യനാണ്. അദ്ദേഹത്തോട് ചോദിച്ചാണ് വിവരം അറിയുന്നത്. സീമ തന്നെ ചിത്രത്തിലെ നായിക. അപ്പോഴും വിശേഷിച്ച് സന്തോഷമൊന്നും തോന്നിയില്ല. പ്രതിഫലം എന്തു കിട്ടും എന്നത് സംബന്ധിച്ച് ഒരു ധാരണയുമില്ല. തുടക്കക്കാരി എന്ന നിലയില്‍ കണക്ക് പറയുന്നതിനും പരിമിതികളുണ്ട്.
പത്ത് ദിവസത്തോളം ഷൂട്ട് നടന്നു. സീമയും അമ്മയും ആകെ വിഷമത്തിലായി. ഡാന്‍സറായിരുന്നപ്പോള്‍ ദിവസക്കൂലിയായിരുന്നതു കൊണ്ട് അന്നന്നത്തെ കാര്യങ്ങള്‍ ഭംഗിയായി നടന്നു പോകും. ഇവിടെ ഇപ്പോള്‍ ജോലിയുണ്ട്. കൂലിയില്ല. അതിന്റെ കാര്യം പോലും ആരും പറയുന്നില്ല. ഒരു ദിവസം അമ്മ സീമയെ വിളിച്ച് തന്റെ ആശങ്ക അറിയിച്ചു. നായികയാണെന്ന് പറയുന്നു. പക്ഷേ കാലത്ത് വീട്ടില്‍ നിന്ന് ലൊക്കേഷനിലേക്ക് പോകാന്‍ ഒരു കാര്‍ പോലും അയയ്ക്കുന്നില്ല. നയാപൈസയുമില്ല. പിന്നെന്തോന്ന് ഹീറോയിന്‍?
(തുടരും)
Source link