കോവളം സതീഷ്‌കുമാർ | Monday 11 November, 2024 | 1:11 AM
ചെന്നൈ: നാടകത്തിൽ നിന്ന് സിനിമയിൽ എത്തിയ തിരുനെൽവേലി സ്വദേശി ഗണേഷിനെ ഡൽഹി ഗണേഷ് എന്ന് വിളിച്ചത് സംവിധായകൻ കെ.ബാലചന്ദറാണ്. 1977ൽ കെ ബാലചന്ദർ സംവിധാനം ചെയ്ത ‘പട്ടിണപ്രവേശം’ എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോൾ. അക്കാലത്ത് ഗണേഷ് എന്ന പേരിൽ മറ്റ് പോപ്പുലർ നടന്മാരുണ്ടായിരുന്നതിനാൽ എയർഫോഴ്സ് ഉദ്യോഗസ്ഥനായി ഡൽഹിയിൽ കഴിഞ്ഞിരുന്ന ഗണേഷിനെ ‘ഡൽഹി ഗണേഷ്’ എന്നാക്കി.
തിരുനെൽവേലി വല്ലനാട് സ്വദേശിയാണ്. 1974 മുതൽ ‘ദക്ഷിണ ഭാരത നാടക സഭ’യുടെ സജീവ പ്രവർത്തകനായിരുന്നു. മാനം ഒരു കുരുങ്ങ്, ‘ഒരു പൊയ്’, ‘തീർപ്പ്’ തുടങ്ങിയ നാടകങ്ങളിലൂടെ ശ്രദ്ധേയനായി. കെ.രാമമൂർത്തിയുടെ ‘തൗരി കല്യാണം’ നാടകം കണ്ട കെ.ബാലചന്ദറാണ് സിനിമയിലേക്ക് വഴി തുറന്നത്.
1979ൽ ബാസിയിലെ റിക്ഷാക്കാരന്റെ വേഷം തമിഴ്നാട് സർക്കാരിന്റെ അവാർഡ് നേടിക്കൊടുത്തു. 1985ൽ കെ ബാലചന്ദറിന്റെ ‘സിന്ധുഭൈരവി’യിലെ ഗുരുമൂർത്തി മികവ് തെളിയിച്ചു.
1980 കളിൽ ‘എങ്കമ്മ മഹാറാണി’, ‘തനിയട ത്യാഗം’ തുടങ്ങിയ ചിത്രങ്ങളിൽ നായകനായി. ഹാസ്യ പ്രതിനായക വേഷങ്ങളിൽ തിളങ്ങി. കമലഹാസന്റെ മിക്കവാറും ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.
മലയാളത്തിൽ മോഹൻലാലിനോടൊപ്പമാണ് കൂടുതൽ അഭിനയിച്ചത്. ദേവാസുരം, കാലാപാനി, കീർത്തി ചക്ര, പെരുച്ചാഴി, ഇരുവർ…
ഭാനുമതിക്കായി മംഗലശേരി നീലകണ്ഠനോട് കയർത്ത് സംസാരിച്ച പണിക്കരെ മലയാളികൾ മറക്കില്ല. കാലാപാനിയിൽ കമ്പി കൊണ്ട് കെട്ടിവച്ച കണ്ണടയുമായി ആൻഡമാൻ ജയിലിൽ കഴിഞ്ഞ പാണ്ടിയൻ എന്ന സ്വാതന്ത്ര്യ പോരാളിയും മികച്ച വേഷമാണ്.
Source link