നടൻ ഡൽഹി ഗണേഷിന് വിട
ചെന്നൈ: തെന്നിന്ത്യൻ സിനിമയിലെ നിറ സാന്നിദ്ധ്യമായിരുന്ന ഡൽഹി ഗണേഷിന് (80) വിട. ശനിയാഴ്ച രാത്രി 11 ഓടെ ചെന്നൈ രാമപുരത്തെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളുണ്ടായിരുന്നു. ഇന്ത്യൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം 1976ൽ കെ.ബാലചന്ദർ സംവിധാനം ചെയ്ത പട്ടിണ പ്രവേശം എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. തുടർന്ന് തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിലായി 400ഓളം സിനിമകൾ ചെയ്തു.
സിന്ധു ഭൈരവി (1985), നായകൻ (1987), അപൂർവ സഹോദരർകൾ (1989), മാക്കേൽ മദന കാമ രാജൻ (1990), ആഹാ (1997), തെനാലി (2000) തുടങ്ങി ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്‌തു. ഇന്ത്യൻ 2വിലാണ് ഒടുവിൽ അഭിനയിച്ചത്. ധ്രുവം, ദേവാസുരം, ദ സിറ്റി, കാലാപാനി, കീർത്തി ചക്ര, പോക്കിരി രാജ, പെരുച്ചാഴി, ലാവെൻഡർ, മനോഹരം തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ചു. ഡബ്ബിംഗ് ആർട്ടിസ്റ്റായും തിളങ്ങി. മഴലൈ പട്ടാളം എന്ന ചിത്രത്തിൽ കന്നഡ നടൻ വിഷ്ണു വർദ്ധന് ശബ്ദം നൽകിയത് ഗണേഷാണ്. ചിരഞ്ജീവി, പ്രതാപ് പോത്തൻ, രവീന്ദ്രൻ, നെടുമുടി വേണു എന്നിവർക്ക് തമിഴിൽ ശബ്ദം നൽകി. കമലഹാസൻ സിനിമകളിലെ സാന്നിദ്ധ്യവും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുമാണ്. 1979ൽ പാസി എന്ന ചിത്രത്തിലൂടെ തമിഴ് നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും 1994ൽ കലൈമാമണി പുരസ്‌കാരവും നേടി. സംസ്കാരം ഇന്ന്. ഭാര്യ തങ്കം, മക്കൾ: വിച്ചു, സരിത, മഹാദേവൻ.
Source link