KERALAM

സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിലധികം ദൂരം പെർമിറ്റ്, കോടതിവിധി ചർച്ച ചെയ്യാൻ യോഗം വിളിച്ച് മന്ത്രി

തിരുവനന്തപുരം: ദീർഘദൂര സർവീസുകൾക്ക് തിരിച്ചടി നേരിടുന്ന ഹൈക്കോടതി വിധി വന്നിട്ടും ഗതാഗത വകുപ്പ് നടപടിയെടുത്തില്ലെന്ന വിമർശനത്തിനിടെ ഇന്ന് യോഗം വിളിച്ച് മന്ത്രി. സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിൽ കൂടിയ ദൂരം പെർമിറ്റ് അനുവദിക്കണ്ട എന്ന പുതിയ മോട്ടോർവാഹന സ്‌കീമിലെ വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. ഈ വിധിയിൽ അപ്പീൽ സമർപ്പിക്കാൻ പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ആർ‌ടി‌സിയുടെ ഭാഗത്ത് നിന്നും നിസംഗതയുണ്ടായതിൽ വിമർശനം ഉയർന്നിരുന്നു. ഈ വിധി ചർച്ച ചെയ്യാനാണ് ഇന്ന് ഗതാഗതമന്ത്രി കെ ബി ഗണേശ്‌ കുമാർ ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.

നിയമ വിദഗ്ദ്ധരും കെഎസ്‌ആർ‌ടിസിയിലെ ഉന്നതരും യോഗത്തിൽ പങ്കുചേരും. ഹൈക്കോടതിയുടെ വിധിയിൽ എന്ത് തുടർനടപടി സാദ്ധ്യമാകുമെന്ന് യോഗം ചർച്ച ചെയ്യും. അപ്പീൽ നൽകണമെന്നാണ് കെഎസ്‌ആർ‌ടിസിയ്‌ക്ക് ലഭിച്ച നിയമോപദേശം. സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിലധികം സർവീസ് നടത്തുന്നതിന് നിരോധനം ഏർപ്പെടുത്തിയ വ്യവസ്ഥയാണ് ബസുടമകളുടെ ഹർജിയിൽ ഹൈക്കോടതി ബുധനാഴ്ച റദ്ദാക്കിയത്. ഫാസ്റ്റ് പാസഞ്ചർ മുതൽ മുകളിലോട്ടുള്ള സൂപ്പർക്ലാസ് ബസുകളാണ് 140 കിലോമീറ്ററിനു കൂടുതലുള്ള സർവീസുകൾക്ക് കെ.എസ്.ആർ.ടി.സി അയയ്ക്കുന്നത്. എല്ലാ സർവീസുകളും ലാഭത്തിലുമാണെന്നാണ് വിവരം.

കേസ് നടത്തിപ്പിൽ കെ.എസ്.ആർ.ടി.സിക്കും ഗതാഗതവകുപ്പിനും വീഴ്ച സംഭവിച്ചുവെന്ന ആക്ഷേപം ശക്തമാണ്. ദേശസാത്കൃത സ്‌കീം ഇറക്കുന്നതിൽ ഗതാഗതവകുപ്പിന് സംഭവിച്ച വീഴ്ചകളാണ് കോടതി വിധി പ്രതികൂലമാക്കിയത്. നിശ്ചിത സമയത്തിനുള്ളിൽ സ്‌കീം ഇറക്കണമെന്ന വ്യവസ്ഥ ബാധകമല്ലെന്ന് സുപ്രീംകോടതി വിധിയുണ്ട്. ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽപെടുത്തുന്നതിൽ സർക്കാരിന് വീഴ്ചപറ്റിയെന്ന് തൊഴിലാളി സംഘടനകൾ ആരോപിച്ചു. ഗതാഗതവകുപ്പ് മനഃപൂർവ്വം കേസ് തോറ്റുകൊടുത്തുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

കെ.എസ്.ആർ.ടി.സിയുടെ പാതകളിൽ കൂടുതൽ ബസുകൾ ഇറക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് ഗതാഗത മന്ത്രിയുടെ ബന്ധുകൂടിയായ സ്വകാര്യ ബസ് സംഘടനാ ഭാരവാഹിയായ ബസ് ഉടമ രംഗത്തെത്തി. 140 കിലോമീറ്റർ ദൂരത്തിൽ ഓടിയിരുന്ന ലിമിറ്റഡ് സ്‌റ്റോപ്പ് സ്വകാര്യബസുകളെ ഓർഡിനറിയാക്കി മാറ്റിയ സർക്കാർ ഉത്തരവ് ഇല്ലാതായെന്നും പരമാവധി ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ പുറത്തിറക്കണമെന്നും വാട്സ് ആപ് സന്ദേശത്തിൽ പറയുന്നു.


Source link

Related Articles

Back to top button