വികസനം വഴി തുറക്കാത്ത വയനാട്

കൽപ്പറ്റ: 2009 ജൂലായ് 27നാണ് വയനാട്ടിലെ ദേശീയപാതയിലൂടെയുള്ള രാത്രിയാത്ര നിരോധിച്ചത്. ബത്തേരി വഴി കർണാടകയിലെ ബന്ദിപ്പൂരിലൂടെ പോകുന്ന ദേശീയപാതയിൽ കേരള അതിർത്തിയായ മൂലഹള മുതൽ മഥൂർ വരെയുള്ള 19.5 കിലോമീറ്ററിലാണ് രാത്രി യാത്രാനിരോധനം. വാഹനമിടിച്ച് 91വന്യമൃഗങ്ങൾ ചത്തെന്ന പരാതിയിൽ അന്നത്തെ ചാമരാജ് നഗർ ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്. ഉത്തരവ് കർണാടക ഹൈക്കോടതി ശരിവച്ചു. ഇതോടെ രാത്രി യാത്ര അഴിയാക്കുരുക്കായി. വിഷയം ഈ തിരഞ്ഞെടുപ്പിലും ചർച്ചയാവുന്നുണ്ട്.

വയനാടിന്റെ വികസനത്തിന് കരുത്താകേണ്ട ബൈരക്കുപ്പപാലം മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല. 1994 സെപ്തംബർ 24നാണ് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനും കർണാടക മുഖ്യമന്ത്രിയായിരുന്ന വീരപ്പമൊയ്ലിയും ചേർന്ന് പെരിക്കല്ലൂർ കടവിൽ പാലത്തിന് തറക്കല്ലിട്ടത്. പാലത്തിന്റെ പ്രവർത്തനവുമായി മുന്നോട്ടുപോകുന്നതിനിടെ കർണാടക വനംവകുപ്പ് തടസവാദവുമായി വന്നു. അപ്രോച്ച് റോഡ് നാഗർഹോള കടുവ സങ്കേതത്തിലൂടെ പോകുന്നതിനാൽ അനുമതി നൽകാനാവില്ലെന്നായിരുന്നു വനംവകുപ്പിന്റെ വാദം. വനം ഒഴിവാക്കി റോഡ് നിർമ്മിക്കാമെന്ന് തീരുമാനിച്ചെങ്കിലും തുടർനടപടിയുണ്ടായില്ല.

1980ൽ വയനാട് ജില്ല രൂപീകരിച്ചപ്പോഴാണ് മാനന്തവാടിയിലെ താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയാക്കിയത്. മൂന്ന് വർഷം മുമ്പ് ഇതിനെ മെഡിക്കൽ കോളേജാക്കി. തലങ്ങും വിലങ്ങുമായി കുറെ കെട്ടിടങ്ങനും മെഷീനുകളും. പക്ഷേ വിദഗ്ദ്ധചികിത്സയ്‌ക്ക്120 കിലോമീറ്റർ അകലെയുള്ള കോഴിക്കോട് മെഡിക്കൽ കോളേജിൽ പോകണം. ചുരമിറങ്ങുമ്പോഴേക്കും പല ജീവനുകളും പൊലിയും. വയനാട് മെഡിക്കൽ കോളേജിൽ കാത്ത് ലാബും ഹൃദ്രോഗവിദഗ്ദ്ധരുമുണ്ടെങ്കിലും കാര്യക്ഷമമല്ല. ഒരു ന്യൂറോളജിസ്റ്റില്ലാത്ത ജില്ലയാണ് വയനാട്.

പരിഹാരമില്ലാത്ത

വന്യമൃഗശല്യം

വന്യമൃഗശല്യമാണ് മണ്ഡലത്തിലെ പ്രധാന വിഷയം. മനുഷ്യരും വളർത്തുമൃഗങ്ങളും കാർഷികവിളകളും വന്യമൃഗങ്ങൾക്കിരയാകുന്നു. പ്രശ്നം എന്ന് പരിഹരിക്കുമെന്നാണ് ഓരോ തിരഞ്ഞെടുപ്പിലെ ജനം ചോദിക്കുന്നത്. മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് പുനരധിവാസം ഉറപ്പായിട്ടില്ല. കേന്ദ്രസഹായവും കിട്ടിയില്ല. 2019 ആഗസ്റ്റ് എട്ടിന് മലപ്പുറം,കവളപ്പാറയിലും വയനാട്,പുത്തുമലയിലും ഉരുൾ പൊട്ടിയിരുന്നു. കവളപ്പാറയിൽ 59പേരും,പുത്തുമലയിൽ 17പേരും മരിച്ചു. വയനാട് ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായിട്ടില്ല. കോഴിക്കോട്,വയനാട്,മലപ്പുറം ജില്ലകളുടെ വികസനത്തിന് സഹായകമാകുന്ന ആനക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപാത നിർമ്മിച്ചാൽ യാത്രാദൂരത്തിൽ 40 കിലോമീറ്റർ കുറയും. എന്നാൽ പദ്ധതിക്ക് പരിസ്ഥിതി പ്രവർത്തകരുടെ എതിർപ്പുണ്ട്.


Source link
Exit mobile version