ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ഇന്ന് ചുമതലയേൽക്കും
ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ഇന്ന് ചുമതലയേൽക്കും – Sanjiv Khanna to Take Oath as Chief Justice of Supreme Court | India News, Malayalam News | Manorama Online | Manorama News
ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ഇന്ന് ചുമതലയേൽക്കും
മനോരമ ലേഖകൻ
Published: November 11 , 2024 03:08 AM IST
1 minute Read
∙ 51–ാം ചീഫ് ജസ്റ്റിസ്; ലഭിക്കുക 6 മാസം
സഞ്ജീവ് ഖന്ന
ന്യൂഡൽഹി ∙ സുപ്രീം കോടതിയുടെ 51–ാം ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ഇന്നു 10നു ചുമതലയേൽക്കും. രാഷ്ട്രപതി ഭവനിലെ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. മേയ് 13 വരെ, 6 മാസമേ കാലാവധി ലഭിക്കൂ. ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അച്ഛൻ ദേവ്‌രാജ് ഖന്ന ഡൽഹി ഹൈക്കോടതി ജഡ്ജിയും അമ്മ സരോജ് ലേഡി ശ്രീറാം കോളജിലെ അധ്യാപികയുമായിരുന്നു. അമ്മാവനായ ജസ്റ്റിസ് എച്ച്.ആർ.ഖന്നയ്ക്കു നിഷേധിക്കപ്പെട്ട ചീഫ് ജസ്റ്റിസ് പദവിയിലേക്കാണ് അനന്തരവൻ 47 വർഷങ്ങൾക്കു ശേഷമെത്തുന്നത്.
അന്യായമായി തടങ്കലിൽ വയ്ക്കുന്നതിന് എതിരെ പൗരനുള്ള അവകാശം സർക്കാരിനു റദ്ദു ചെയ്യാമെന്ന എഡിഎം ജബൽപുർ കേസിലെ ഭൂരിപക്ഷാഭിപ്രായത്തിൽ വിയോജന വിധിയെഴുതിയ ഏക ജഡ്ജിയായിരുന്നു ജസ്റ്റിസ് എച്ച്.ആർ.ഖന്ന. ഇന്ദിര ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയ്ക്കെതിരായ ആ വിധിയെഴുത്തിനു പിന്നാലെ സർക്കാർ അദ്ദേഹത്തിന്റെ സീനിയോറിറ്റി മറികടന്നു ജൂനിയറായ എം.എച്ച്.ബെയ്ഗിനെ ചീഫ് ജസ്റ്റിസാക്കി.
പിന്നാലെ അദ്ദേഹം ജഡ്ജി പദവിയിൽനിന്ന് രാജിവച്ചു. മറ്റു ഹൈക്കോടതി ജഡ്ജിമാരുടെ സീനിയോറിറ്റി മറികടന്ന് സഞ്ജീവ് ഖന്നയെ 2019ൽ സുപ്രീം കോടതി ജഡ്ജിയാക്കിയതും വിവാദമായിരുന്നു. പൗരസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഒട്ടേറെ കേസുകളിൽ ശക്തമായ നിലപാട് എടുത്തിട്ടുണ്ട് ജസ്റ്റിസ് സഞ്ജീവ് ഖന്ന. അരവിന്ദ് കേജ്‌രിവാളിന് മദ്യനയക്കേസിൽ ജാമ്യം അനുവദിച്ചത് ജസ്റ്റിസ് ഖന്നയുടെ ബെഞ്ചായിരുന്നു.
ചീഫ് ജസ്റ്റിസിന്റെ ഓഫിസും വിവരാവകാശ പരിധിയിൽ വരുമെന്നും ഒന്നിച്ചുപോകാൻ കഴിയാത്തവിധം തകർന്ന വിവാഹബന്ധം സുപ്രീം കോടതിക്ക് സവിശേഷാധികാരം ഉപയോഗിച്ച് അസാധുവാക്കാമെന്നുമുള്ള വിധികൾ പുറപ്പെടുവിച്ചു. ജമ്മു കശ്മീരിനു പ്രത്യേക പദവി റദ്ദാക്കിയ കേസിൽ പ്രത്യേക വിധിന്യായമെഴുതി. നിയമന ശുപാർശ നൽകിയ കാലത്തെ കൊളീജിയം അധ്യക്ഷനും ചീഫ് ജസ്റ്റിസുമായിരുന്ന രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗികാതിക്രമ പരാതി തള്ളിയത് ജസ്റ്റിസ് ഖന്നയുടെ ബെഞ്ചാണ്.
English Summary:
Sanjiv Khanna to Take Oath as Chief Justice of Supreme Court
mo-judiciary-chiefjusticeofindia mo-news-common-malayalamnews 4mr21cdsr4qq326j19v9pblisd 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt mo-judiciary-justice
Source link