തൊടുപുഴ: സവാളയ്ക്കെന്താ വില, എഴുപത് രൂപ. എന്റമ്മോ, എന്ന് പറഞ്ഞ് പച്ചക്കറിക്കടയുടെ മുമ്പിൽ എത്തി മൂക്കത്ത് വിരൽ വയ്ക്കുകയാണ് പലരും. കഴിഞ്ഞ ആഴ്ചവരെ 60 രൂപയായിരുന്നു. പിന്നീട് 65 ലേക്ക് കുതിച്ച് ഇപ്പോൾ എഴുപതിലെത്തി നിൽക്കുന്നു.ഇനിയും വില കൂടുമെന്നാണ് സൂചന.
സവാള അരിയാതെതന്നെ വില കേട്ട് പലരുടെയും കണ്ണ് നിറയുന്ന സ്ഥിതിയാണ്. ഇതോടെ പലവുരി കൂട്ടിയും കിഴിച്ചും മാസാവസാനം കുടുംബബഡ്ജറ്റ് ഒത്തുനോക്കാൻ ശ്രമിക്കുന്ന കുടുംബങ്ങളുടെ താളവും തെറ്റി. ഓണക്കാലത്തിന് ശേഷം വില കുറഞ്ഞ സ്ഥിതിയിൽ നിന്നും പെട്ടെന്നാണ് മാരത്തൺ വിലക്കയറ്റം.വടക്കേ ഇന്ത്യയാണ് സവാളയുടെ പ്രധാന വിളനിലം, എന്നാൽ അവിടെ നിന്ന് ഇക്കുറി വരവ് കുറഞ്ഞ അവസ്ഥയാണ്.
ഇത് പ്രധാനമായും വിലക്കയറ്റത്തെയും ബാധിച്ചു. മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളെയാണ് സവാളയുടെ വരവിനായി കേരളം പ്രധാനമായും ആശ്രയിച്ചിരുന്നത് എന്നാൽ അവിടെ കാലാവസ്ഥയിലുണ്ടായ മാറ്റം ഉത്പാദനത്തെ കാര്യമായി ബാധിച്ചു. അവിടങ്ങളിൽ അടുത്ത നാളുകളിൽ പെയ്ത കനത്തമഴയാണ് ഇരുട്ടടിയായതെന്നാണ് കച്ചവടക്കാരും പറയുന്നത്. സവാള ഇല്ലാതെ കറിവെക്കേണ്ട അവസ്ഥയാണെന്നാണ് പല വീട്ടമ്മമാരും പറയുന്നത്. സവാള വാങ്ങാൻ കടയിലേക്ക് എത്തുന്നവർ വില കേട്ട് ഒരു കിലോയിൽ നിന്നും അരകിലോ വരെ വാങ്ങുന്നവരും ഉണ്ട്. ഇന്നലെ കേട്ട വില അല്ല ഇന്ന് സവാള വാങ്ങുവാൻ വരുമ്പോൾ കേൾക്കുന്നത്. ഇനിയും അധികം ദിവസങ്ങളുടെ വ്യത്യാസമില്ലാതെ ഇനിയും ഉയരുമെന്ന് കച്ചവടക്കാരും പറയുന്നത്.
ഹോട്ടൽ മേഖലയെയും ബാധിക്കും
വില ഉയരാൻ തുടങ്ങിയത് ഹോട്ടൽ മേഖലയെയും ബാധിക്കും. ബിരിയാണി മുതൽ ഓംലെറ്റ് വരെ സവാള ഇല്ലാത്ത ഒരു ഐറ്റം പോലും ഇല്ലാത്ത ഹോട്ടലുകളോ തട്ടുകടകളോ നമ്മുടെ നാട്ടിലില്ല. വില ഉയർന്നതോടെ ഹോട്ടൽ ഉടമകളും ചെറിയ കച്ചവടം നടത്തുന്ന തട്ടുകടക്കാരും വെട്ടിലായിരിക്കുകയാണ്. എന്തു വില കൊടുത്തും സവാള വാങ്ങി പാകം ചെയ്യേണ്ട സ്ഥിതിയിലാണ് എല്ലാവരും.
ഇനിയും വില ഉയരാനുള്ള സാദ്ധ്യതയും ഏറെയാണെന്നാണ് വ്യാപാരികൾ ഉൾപ്പെടെയുള്ളവർ പറയുന്നത്.സവാളക്ക് വില ഉയരുന്നതുപോലെ സ്ഥാപനങ്ങളിലെ ഭക്ഷണപദാർത്ഥങ്ങളുടെ വില ഉയരുന്നില്ല. പെട്ടെന്നുള്ള വിലക്കയറ്റത്തിൽ എന്തുചെയ്യണമെന്ന അവസ്ഥയിലാണ് സാധാരണക്കാരെപ്പോലെ ഹോട്ടൽ ഉടമകളും.
Source link