KERALAMLATEST NEWS

‘ഒന്നാം തീയതി മദ്യശാലകൾ അടച്ചിട്ടാൽ എങ്ങനെ ഹൈ വാല്യൂ ടൂറിസ്റ്റുകൾ എത്തും’; ഡ്രൈ ഡേ പ്രശ്നമാണെന്ന് ബിജു പ്രഭാകർ

കൊച്ചി: കേരളത്തിൽ എല്ലാ മാസവും ഒന്നാം തീയതി മദ്യശാലകൾ അടച്ചിട്ടാൽ എങ്ങനെ ഹൈ വാല്യൂ ടൂറിസ്റ്റുകൾ എത്തുകയെന്ന് ഏവിയേഷന്റെ ചുമതലയുള്ള ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ. എന്തിനാണ് കേരളത്തിൽ ഡ്രൈ ഡേ എന്ന് മനസിലാകുന്നില്ലെന്നും സർക്കാർ ഇതിനെ എതിർക്കാൻ ശ്രമിക്കുമ്പോൾ കുറേ എതിർപ്പുകൾ വരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചിയിൽ വിദേശ പായ്‌വഞ്ചി സഞ്ചാരികൾ എത്താത്തതിന്റെ കാരണവും ഇത്തരം സൗകര്യം ഇല്ലാത്തത് കൊണ്ടാണെന്നും ബിജു പ്രഭാകർ ചൂണ്ടിക്കാട്ടി.

‘കേരളത്തിലേക്ക് ഹൈ വാല്യു ടൂറിസ്റ്റുകളെ കൊണ്ടുവരണം. അത് ഒരു സുപ്രഭാതത്തിൽ നടക്കില്ല. അതിനായി ക്യാമ്പയിൻ ആവശ്യമുണ്ട്. പല ആളുകൾ ജയ്പൂർ, ജോധ്പൂർ എന്നിവിടങ്ങളിൽ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് എന്നിങ്ങനെയൊക്കെ പോകുമ്പോൾ നമ്മളും അത്തരം സ്‌കീമുകൾ കൊണ്ടുവരണം. ഇവിടുത്തെ പ്രധാന പ്രശ്നം ഒന്നാം തീയതി ബാറടയ്ക്കുന്നു എന്നതാണ്. അത് മാറ്റിയേ തീരു. ഒന്നാം തീയതി കല്യാണമോ മറ്റ് പരിപാടികളോ വയ്ക്കുകയാണെങ്കിൽ ഒന്നിനും പറ്റില്ലെന്ന് പറയുന്നത് ഹോട്ടലുകാർക്ക് വലിയ ബുദ്ധിമുട്ടാണ്. ഇത് മാറ്റാൻ ടൂറിസം വകുപ്പ് നിരന്തരം ഇടപെടുകയാണ്.’ – ബിജു പ്രഭാകർ പറയുന്നു.

അതേസമയം, ടൂറിസം രംഗത്തെ കൂടുതൽ ആകർഷകമാക്കാൻ ഡ്രൈ ഡേ ഒഴിവാക്കണമെന്ന ആവശ്യം പലകോണുകളിൽ നിന്ന് ഉയർന്നിരുന്നു. കേരളത്തിൽ എല്ലാ മാസവും ഒന്നാം തീയതി ഡ്രൈ ഡേ ആയി ആചരിക്കുന്നത് ഒഴിവാക്കാനും സംസ്ഥാന സർക്കാർ ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഒന്നാം തീയതിയിൽ മദ്യശാലകൾ അടച്ചിടുന്നത് പിൻവലിച്ചാൽ അതിലൂടെ 12 ദിവസം അധികമായി പ്രവൃത്തി ദിവസങ്ങൾ ലഭ്യമാകും. വരുമാനത്തിലും വലിയ വർദ്ധനവ് സാദ്ധ്യമാകും. സർക്കാരിന്റെ വരുമാനം വർദ്ധിപ്പിക്കാനുള്ള നിർദേശങ്ങളെന്ന നിലയിലാണ് ഇവ പരിഗണിക്കുന്നത്.

ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കുന്നത് സംബന്ധിച്ച് മാർച്ച് മാസത്തിൽ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി ചേർന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിൽ ചർച്ച നടന്നിരുന്നു. വർഷത്തിൽ 12 പ്രവൃത്തി ദിവസങ്ങൾ നഷ്ടമാകുന്നതിലൂടെ വരുമാനത്തിൽ നഷ്ടമുണ്ടാകുന്നുവെന്നത് മാത്രമല്ല ഇത്തരമൊരു ആലോചനയിലേക്ക് കടക്കാനുള്ള പ്രേരണയായത്. ടൂറിസം മേഖലയിലും വലിയ തിരിച്ചടിയുണ്ടാകുന്നുവെന്നതാണ് ഡ്രൈ ഡേ ഒഴിവാക്കാൻ ആലോചിക്കുന്നതിന് പിന്നിൽ.


Source link

Related Articles

Back to top button