പ്രവാസിയുടെ 6 കോടി തട്ടിയ കേസ്: മൂന്ന് പേർ കൂടി പിടിയിൽ

തിരുവനന്തപുരം: വ്യാജ ഷെയർ മാർക്കറ്റ് ആപ്ലിക്കേഷനുകൾ വഴി പ്രവാസിയുടെ 6 കോടിയോളം തട്ടിയെടുത്ത കേസിൽ മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ. പാലക്കാട് ഒറ്റപ്പാലം സ്വദേശികളായ ആഷിക്ക് അലി,സൽമാനുൾ ഫാരിസ്,കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ഷാഫി എന്നിവരെയാണ് സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ അടൂർ സ്വദേശിയായ രാഹുൽ എ. നായർ,കൊല്ലം നല്ലില സ്വദേശി അനുബാബു എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഒരു മാസത്തിനിടയിൽ 6 കോടിയിലധികം രൂപയാണ്പ്രതികൾ തട്ടിയത്. പരാതിക്കാരൻ ദീർഘകാലം വിദേശത്ത് ഐ.ടി മേഖലയിൽ ജോലി നോക്കിയ ശേഷം നാട്ടിലെത്തി 2 വർഷമായി ഓൺലൈൻ ട്രേഡിംഗിൽ ഏർപ്പെട്ടുവരികയായിരുന്നു. പരാതിക്കാരനുമായി പ്രതികൾ നടത്തിയ ചാറ്റുകളുടെയും,ഉപയോഗിച്ച ആപ്ലിക്കേഷനുകളുടെയും ഇൻർനെറ്റ് ഉപയോഗക്രമങ്ങളും ബാങ്ക് ടാൻസാക്ഷനുകളും സിറ്റി സൈബർ ക്രൈം പൊലീസ് പരിശോധിച്ചതോടെയാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. പ്രതികളിൽ നിന്ന് വ്യാജ ബാങ്ക് അക്കൗണ്ടുകൾ,എ.ടി.എം കാർഡ്,മൊബൈൽ ഫോണുകൾ തുടങ്ങിയവ പിടിച്ചെടുത്തു.
സിറ്റി പൊസ് ഡെപ്യൂട്ടി കമ്മിഷണർ വിജയ ഭരത് റെഡ്ഢിയുടെ മേൽനോട്ടത്തിൽ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ അസി കമ്മിഷണർ ഷൈനു തോമസ്‌,പൊലീസ് ഇൻസ്പെക്ടർ വിനോദ് കുമാർ എസ്.ഐ മാരായ ബിജുലാൽ,ഷിബു,സിവിൽ പൊലീസ് ഓഫീസർ വിപിൻ വി എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.

തട്ടിപ്പ് ഇങ്ങനെ

സ്ഥിരമായി സെറോദ പ്ലാറ്റ്‌ഫോമിൽ ഓൺലൈൻ ട്രേഡിംഗ് ചെയ്തിരുന്ന പ്രവാസിയെ സെറോദയുടെയും വിജയ് ബജാജ് കണ്ടസ്റ്റ് കമ്യൂണിറ്റിയുടെയും വ്യാജ ആപ്പിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചു. തുടർന്ന് ട്രേഡിംഗിനു വേണ്ടിയുള്ള വിവിധ ഗ്രൂപ്പുകളിൽ ചേർത്ത് ആപ്ലിക്കേഷൻ ഇൻസ്റ്റാളാക്കിയാണ് തട്ടിപ്പ് നടത്തിയത്. വെബ്സൈറ്റിൽ ലോഗിൻ ചെയ്യിപ്പിച്ച ശേഷം പല കമ്പനികളുടെ ട്രേഡിംഗിനായി വിവിധ പേരിലുള്ള അക്കൗണ്ടുകളിലേയ്ക്ക് ലക്ഷക്കണക്കിന് രൂപ ഡിപ്പോസിറ്റ് ചെയ്യിപ്പിച്ച് വൻതുകൾ ലാഭം കിട്ടിയതായി വിശ്വസിപ്പിക്കുകയായിരുന്നു. തുക പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ലാഭത്തിന്റെ 20 ശതമാനം തുക വീണ്ടും നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സംശയം തോന്നിയ പരാതിക്കാരൻ സൈബർ ക്രൈം പൊലീസിനെ സമീപിക്കുകയായിരുന്നു.


Source link
Exit mobile version