ഉരുൾപൊട്ടൽ ബാധിതരായ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ

മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തബാധിതരായ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. കുന്നമ്പറ്റയിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് ചികിത്സ തേടിയത്. പഞ്ചായത്ത് നൽകിയ ഭക്ഷ്യക്കിറ്റിലെ സോയാബീൻ കഴിച്ചതിനെ തുടർന്നാണ് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതെന്ന് കുട്ടികളുടെ ബന്ധുക്കൾ ആരോപിച്ചു. കുട്ടികൾ കൽപ്പറ്റ ജനറൽ ആശുപത്രി, വൈത്തിരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടി. ആരോഗ്യനില തൃപ്തികരമാണ്. വ്യാഴാഴ്ച വൈകിട്ടാണ് ആരോഗ്യപ്രശ്നങ്ങൾ കണ്ടു തുടങ്ങിയത്. ആദ്യം ജനറൽ ആശുപത്രിയിൽ ചികിത്സതേടി. ഭേദമാകാത്തതിനെ തുടർന്ന് വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭക്ഷ്യ വിഷബാധ സ്ഥിരീകരിച്ചെങ്കിലും സോയാബീൻ കഴിച്ചതാണ് കാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞദിവസം ഇവിടെ പഴകിയതും പൂപ്പൽ ബാധിച്ചതുമായ ഭക്ഷ്യവസ്തുക്കൾ ലഭിച്ചിരുന്നു. ബന്ധുവീട്ടിൽ വിരുന്നെത്തിയപ്പോൾ കൊടുത്തുവിട്ട ഇതേ സോയാബീൻ കഴിച്ച് ബന്ധുവിന്റെ കുട്ടിക്കും ആരോഗ്യപ്രശ്നങ്ങൾ കണ്ടു. ഇതാണ് സോയാബീനിൽ നിന്നു തന്നെയാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്ന് ആരോപിക്കാൻ കാരണം. സംഭവത്തിൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. ആരോഗ്യമന്ത്രിയും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയും ജില്ല കളക്ടറും റിപ്പോർട്ട് തേടി.
Source link