KERALAMLATEST NEWS

ചക്കുളത്തുകാവ് പൊങ്കാല ഡിസംബർ 13ന്

ആലപ്പുഴ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഡിസംബർ 13ന് നടക്കും. പുലർച്ചെ 4ന് നിർമ്മാല്യദർശനം,​ അഷ്ടദ്രവ്യ മഹാഗണപതി ഹോമം,​ 9ന് വിളിച്ചുചൊല്ലി പ്രാർത്ഥന. തുടർന്ന് ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കിൽ നിന്ന് ട്രസ്റ്റ് പ്രസിഡന്റും മുഖ്യകാര്യദർശിയുമായ രാധാകൃഷ്ണൻ നമ്പൂതിരി പകരുന്ന തിരിയിൽ പണ്ടാര പൊങ്കാല അടുപ്പിലേക്ക് അഗ്‌നി പകർന്നുകൊണ്ട് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും.

ക്ഷേത്രകാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും ഭാര്യ രാധികാ സുരേഷ് ഗോപിയും പൊങ്കാലയുടെ ഉദ്ഘാടനം നിർവഹിക്കും. സാമൂഹിക പ്രവർത്തകൻ റെജി ചെറിയാൻ മുഖ്യാതിഥിയാകും. ക്ഷേത്ര മേൽശാന്തി അശോകൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലും ട്രസ്റ്റിമാരായ രഞ്ജിത്ത് ബി.നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവരുടെ മേൽനോട്ടത്തിലും പൊങ്കാല സമർപ്പണ ചടങ്ങുകൾ നടക്കും. രാവിലെ 11ന് 501 വേദപണ്ഡിതൻമാരുടെ മുഖ്യ കാർമ്മികത്വത്തിൽ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തർ തയ്യാറാക്കിയ പൊങ്കാല നേദിക്കും. തുടർന്ന് ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടക്കും.

വൈകിട്ട് 5ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി കെ.ബി.ഗണേശ്കുമാർ ഉദ്ഘാടനം ചെയ്യും. തോമസ് കെ.തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയാകും. ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും. പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി.ആനന്ദബോസ് കാർത്തിക സ്‌തംഭത്തിൽ അഗ്‌നി പകരും. ക്ഷേത്ര മേൽശാന്തി അശോകൻ നമ്പൂതിരി മംഗളാരതി സമർപ്പിക്കും.

ക്ഷേത്ര ഭാരവാഹികളായ രഞ്ജിത്ത് ബി.നമ്പൂതിരി, മീഡിയ കോ- ഓർഡിനേറ്റർ അജിത്ത് കുമാർ പിഷാരത്ത്, ഉത്സവക്കമ്മിറ്റി പ്രസിഡന്റ് എം.പി.രാജീവ്, സെക്രട്ടറി സ്വാമിനാഥൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


Source link

Related Articles

Back to top button