സംസ്ഥാനത്ത് സവാള വില നൂറിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സവാള വില കുതിച്ചുയരുന്നു. കഴിഞ്ഞ ആഴ്ച 40 മുതൽ 50 രൂപവരെയായിരുന്നു. ഇന്നലെ മൊത്ത വിപണിയിൽ 70 രൂപ മുതൽ 80 വരെയും ചില്ലറ വിപണിയിൽ 80 മുതൽ 90 വരെയുമായി. 100 രൂപയിലേക്കാണ് വിലയുടെ കുതിപ്പെന്നാണ് വ്യാപാരികൾ പറയുന്നത്.

ദീപാവലി കഴിഞ്ഞ് ഒക്ടോബർ അവസാനവും നവംബറിലുമായി സവാളവില കൂടുന്ന പ്രവണത കുറച്ചു കാലമായുണ്ട്. കഴിഞ്ഞ വർഷം ഇതേ സമയത്ത് സവാള വില 75രൂപയിലെത്തിയിരുന്നു. ദീപാവലിയോടനുബന്ധിച്ച് ഒരാഴ്ച മാർക്കറ്റ് അവധിയായതും കനത്ത മഴയെ തുടർന്ന് പാടങ്ങളിൽ വെള്ളംകയറിയതും വിളവെടുപ്പ് കുറഞ്ഞതുമാണ് വില വർദ്ധനവിന് കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്.

പൂനെയിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും സവാള എത്തുന്നത്.

അവിടെ ദീപാവലി ആഘോഷങ്ങളെ തുടർന്ന് 10 ദിവസം മാർക്കറ്റ് അവധി ആയിരുന്നു. ഇതു മുതലാക്കി സംസ്ഥാനത്തു നിന്നുള്ള മൊത്തക്കച്ചവടക്കാരാണ് വില വർദ്ധിപ്പിച്ചിരിക്കുന്നതെന്നാണ് ചില്ലറ വ്യാപാരികളുടെ ആരോപണം. അതേസമയം മഹാരാഷ്ട്രയിലെ നാസിക്കിൽ ഇന്നലെ ക്വിന്റലിന് 5400 രൂപ എന്ന റെക്കാഡ് നിരക്കിലാണ് വ്യാപാരികൾ സവാള ലേലം കൊണ്ടത്. വിപണിയിൽ സർക്കാരിന്റെ ഇടപെടൽ ഉടൻ ഉണ്ടാകണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.

സവാള വില ഇന്നലെ—— മൊത്ത വിപണി —- ചില്ലറ വിപണി

കോഴിക്കോട് ——————– ₹70- 75 ——————— 85-90

എറണാകുളം——————– ₹70- 78 ——————— 80- 85

തിരുവനന്തപുരം————— ₹72- 80 ———————78- 85


Source link
Exit mobile version