ഹേമന്തിൽ ‘ഇന്ത്യ’യുടെ വസന്തപ്രതീക്ഷ ; ജാർഖണ്ഡ്: ജെഎംഎം മുഖ്യകക്ഷിയെന്ന് അംഗീകരിച്ച് സഖ്യം

ഹേമന്തിൽ ‘ഇന്ത്യ’യുടെ വസന്തപ്രതീക്ഷ ; ജാർഖണ്ഡ്: ജെഎംഎം മുഖ്യകക്ഷിയെന്ന് അംഗീകരിച്ച് സഖ്യം – Congress accepted JMM as main party | India News, Malayalam News | Manorama Online | Manorama News

ഹേമന്തിൽ ‘ഇന്ത്യ’യുടെ വസന്തപ്രതീക്ഷ ; ജാർഖണ്ഡ്: ജെഎംഎം മുഖ്യകക്ഷിയെന്ന് അംഗീകരിച്ച് സഖ്യം

മനോരമ ലേഖകൻ

Published: November 10 , 2024 01:38 AM IST

1 minute Read

ഗോത്രമേഖല കേന്ദ്രീകരിച്ച് ജെഎംഎം

ഒബിസി വോട്ടുറപ്പിക്കാൻ കോൺഗ്രസ്

തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ജാർഖണ്ഡിലെ റാഞ്ചിയിലെത്തിയ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ മുഖ്യമന്ത്രി ഹേമന്ത് സോറൻ സ്വീകരിക്കുന്നു. ചിത്രം: പിടിഐ

ന്യൂഡൽഹി ∙ ഹരിയാനയിൽ തോൽപിച്ച പല കാരണങ്ങളിലൊന്ന് ‘വല്യേട്ടൻ ഭാവ’മാണെന്ന് തിരിച്ചറിഞ്ഞ് ജാർഖണ്ഡിൽ പ്രാദേശികശക്തിയായ ജെഎംഎം മുഖ്യകക്ഷിയെന്നു സമ്മതിച്ചു ചേർന്നുനിൽക്കുകയാണ് കോൺഗ്രസ്. ഗോത്രമേഖലയിലെ സ്വീകാര്യത ഉൾപ്പെടെ ഒട്ടേറെ അനുകൂലഘടകങ്ങളുണ്ടെങ്കിലും ബിജെപി ഉയർത്തുന്ന വൻ മത്സരത്തിനു മുന്നിൽ കാലിടറുമോയെന്ന ഭയം കോൺഗ്രസ് ക്യാംപിലുണ്ട്. അതേസമയം, അത്തരം ആശങ്കകളില്ലെന്നു മാത്രമല്ല, ആത്മവിശ്വാസത്തിലുമാണ് ജെഎംഎം. മുഖ്യമന്ത്രി ഹേമന്ത് സോറനും ഭാര്യ കൽപനയും പ്രചാരണം നയിക്കുന്നു. സീറ്റുകൾക്കായി കടുംപിടിത്തം നടത്തിയ ആർജെഡിയെയും സിപിഐഎംഎല്ലിനെയും കൂടെനിർത്താനായതും ആശ്വാസമാണ്. 

ഹേമന്ത് സോറന്റെ അറസ്റ്റ്, ഗോത്രവർഗ പാരമ്പര്യത്തിന്റെ നേരവകാശം, 5 വർഷത്തെ ജനകീയപദ്ധതികൾ എന്നിവയിലൂന്നിയാണ് ജെഎംഎം വോട്ടു തേടുന്നത്. 81 അംഗ നിയമസഭയിൽ 28 സീറ്റുകൾ പട്ടികവർഗ സംവരണമാണ്; 9 എണ്ണം പട്ടികജാതി സംവരണവും. ഗോത്രമേഖല കേന്ദ്രീകരിച്ചുള്ള പ്രചാരണമാണു ജെഎംഎം നടത്തുന്നത്. ഹേമന്ത് ജയിലിലായിരുന്നപ്പോൾ സജീവമായ കൽപന ഗോത്രമേഖലകളെ ഇളക്കിമറിക്കുന്നു. പ്രതികാരത്തിനുള്ള മറുപടി വോട്ടിലൂടെ നൽകാനാണ് ഹേമന്തിന്റെ അഭ്യർഥന. 41 സീറ്റുകളിലാണു ജെഎംഎം മത്സരിക്കുന്നത്. 

ലോക്സഭാ തിരഞ്ഞെടുപ്പിലെ മുൻതൂക്കം തുടരാനാകുമെന്നു കരുതുമ്പോഴും സഖ്യത്തിനായി വിട്ടുവീഴ്ച ചെയ്തതിൽ അണികൾക്ക് അതൃപ്തിയുണ്ട്. ഹേമന്ത് ജയിലിലായപ്പോൾ മുഖ്യമന്ത്രിയായിരുന്ന ചംപയ് സോറൻ ബിജെപി പാളയത്തിലേക്കു പോയതു വെല്ലുവിളിയാണ്. ഹരിയാനയിലെ അമിത ആത്മവിശ്വാസം ജാർഖണ്ഡിൽ കോൺഗ്രസ് കാട്ടുന്നില്ല. ജെഎംഎം ഗോത്രമേഖലയിൽ കൂടുതൽ ശ്രദ്ധ നൽകുമ്പോൾ, ഒബിസി വോട്ട് ഉറപ്പിക്കാനുള്ള ദൗത്യമാണ് 30 സീറ്റുകളിൽ മത്സരിക്കുന്ന കോൺഗ്രസിനുള്ളത്. കഴിഞ്ഞ തവണ നേടിയ 16 സീറ്റ് നിലനിർത്തുക വെല്ലുവിളിയാണ്. പാർട്ടിയുടെ മുഖമായി അവതരിപ്പിക്കാൻ നേതാവില്ലെന്നതും സീറ്റ് നിർണയത്തിലെ അസ്വാരസ്യങ്ങൾ താഴെത്തട്ടിലെ വോട്ടുകൈമാറ്റത്തെ ബാധിക്കാതെ നോക്കുകയെന്നതും പ്രശ്നങ്ങളാണ്. 
ബംഗ്ലദേശിൽനിന്നുള്ള നുഴഞ്ഞുകയറ്റം, ജെഎംഎം–കോൺഗ്രസ് സർക്കാരിന്റെ അഴിമതി തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണു ബിജെപി പ്രചാരണം. നുഴഞ്ഞുകയറ്റം ചൂണ്ടിക്കാട്ടി ഗോത്രവികാരം ഇളക്കാനാണു ശ്രമം. നുഴഞ്ഞുകയറ്റമുണ്ടെങ്കിൽ ദീർഘകാലം സംസ്ഥാനം ഭരിച്ച ബിജെപിയാണ് ഉത്തരവാദിയെന്നാണ് ഇന്ത്യാസഖ്യത്തിന്റെ മറുപടി. 

English Summary:
Congress accepted JMM as main party

mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-congress mo-politics-parties-jmm 6340vg9m24qo45vrgm1cr34mv4 mo-politics-elections-jharkhandassemblyelection2024


Source link
Exit mobile version