100 പോയിന്റുമായി മലപ്പുറം അത്‌ലറ്റിക്സിൽ മുന്നേറ്റം തുടരുന്നു
മഴമാറി മാനം തെളിഞ്ഞ ദിനത്തിൽ സംസ്ഥാന സ്കൂൾ കായിക മേളയുടെ ഗ്ലാമർ ഇനമായ അത്‌ലറ്റിക്‌സിൽ പോയിന്റിൽ സെഞ്ച്വറി തികച്ച് മലപ്പുറം അതിവേഗം ബഹുദൂരം മുന്നിൽ. അത്‌ലറ്റിക്സ് പോരാട്ടങ്ങളുടെ മൂന്നാം ദിനം അവസാനിക്കുമ്പോൾ മലപ്പുറത്തിന്റെ അക്കൗണ്ടിൽ ഉള്ളത് 15 സ്വർണവും 12 വെള്ളിയും 13 വെങ്കലവുമടക്കം 124 പോയിന്റ്. ഇന്നലെ ഒറ്റ ദിവസം കൊണ്ട് 61 പോയിന്റാണ് മലപ്പുറം നേടിയത്. രണ്ടാം സ്ഥാനത്തുള്ള നിലവിലെ ചാമ്പ്യന്മാരായ പാലക്കാടിന് 10 സ്വർണവും 6 വെള്ളിയും 8 വെങ്കലവുമടക്കം 76 പോയിന്റാണുള്ളത്. മൂന്നാമതുള്ള ആതിഥേയരായ എറണാകുളത്തിന് 4 സ്വർണവും 6 വെള്ലിയും 3 വെങ്കലവുമടക്കം 41 പോയിന്റും. ഇന്നലെ 3 പോയിന്റ മാത്രമാണ് അവർക്ക് നേടാനായത്.
ഐഡിയൽ മുന്നേറ്റം
സ്‌കൂളുകളിൽ കോതമംഗലം മാർബേസിലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി നിലവിലെ ചാമ്പ്യന്മാരായ ഐഡിയൽ എച്ച്.എസ്.എസ് കടകശേരി ഒന്നാം സ്ഥാനത്തേക്ക് കയറി. 5 വീതം സ്വർണവും വെള്ളിയും 4 വെങ്കലവുമുള്ള ഐഡിയലിന് 44 പോയിന്റുണ്ട്. 3 സ്വർണവും 6 വെള്ളിയുമായി രണ്ടാം സ്ഥാനത്തുള്ള മാർബേസിലിന് 33 പോയിന്റും. മലപ്പുറത്തെ മറ്റൊരു സ്കൂളായ നാവാമുകുന്ദ എച്ച്.എസ്.എസ് തിരുനാവായ ഇന്നലത്തെ കുതിപ്പിൽ 23 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി.
30 ഫൈനലുകൾ
അത്‌ലറ്റിക്‌സിൽ ഇന്ന് 30 ഫൈനലുകളാണുള്ളത്.
ഹരമായി ഹഡിൽസ്
ഇന്നലത്തെ ഒരേയൊരു റെക്കാഡ് പിറന്നത് സീനിയർ ആൺകുട്ടികളുടെ ഹഡിൽസിലാണ്. മിന്നൽപ്പിണരായി ജൂനിയർ ആൺകുട്ടികളുടെ ഫിനിഷ്. ഗംഭീര പോരാട്ടം കണ്ട ഹഡിൽസ് മത്സരങ്ങളിൽ പാലക്കാടൻ കുതിപ്പ്. ട്രാക്കിൽ കൊള്ളിയാൻ പോലെ പുതിയ റെക്കാഡുകാരനായി തൃശൂർ കാൾഡിയൻ സിറിയൻ എച്ച്. എസ്.എസിന്റെ വിജയ്‌കൃഷ്ണൻ. 13.97 സെക്കൻഡിലായിരുന്നു റെക്കാഡ് നേട്ടം. വെള്ളി നേടിയ പാലക്കാട് വടവന്നൂർ വി.എം.എച്ച്.എസിലെ എസ്. ഷാഹുലും (14 സെക്കൻഡ്) നിലവിലെ റെക്കാഡ് മെച്ചപ്പെടുത്തിയ പ്രകടനം പുറത്തെടുത്തു. സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹഡിൽസിൽ തിരുനാവായ നാവാമുകുന്ദ എച്ച്.എസ്.എസിലെ ആദിത്യ അജി 14.21 സെക്കൻഡിൽ സ്വർണത്തിൽ മുത്തമിട്ടു. 2023 ൽ ജൂനിയർ പെൺകുട്ടികളുടെ ഹർഡിൽസിൽ ആദിത്യയ്ക്കായിരുന്നു സ്വർണം.ജൂനിയർ ആൺകുട്ടികളുടെ 110 മീറ്റർ ഹഡിൽസിൽ ഫോട്ടോ ഫിനിഷായിരുന്നു. വടവന്നൂർ വി.എം.എച്ച്.എസിലെ എസ്. അഭയ് ശിവദേവ് (14.54 സെക്കൻഡ്) പൊന്നണിഞ്ഞു. ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹഡിൽസിൽ പാലക്കാട് വടവന്നൂർ വി.എം.എച്ച്.എസിലെ എൻ.എസ് വിഷ്ണുശ്രീക്കാണ് ( 14.93 സെക്കൻഡ്) സ്വർണം.സബ്ജൂനിയർ ആൺകുട്ടികളുടെ 80 മീറ്ററിൽ തിരുനാവായ നാവാമുകുന്ദ എച്ച്.എസ്.എസിലെ സായ്വേൽ ബാദുഷ പൊന്നണിഞ്ഞു. പാലക്കാട് മുണ്ടൂര്‍ എച്ച്.എസ്.എസിലെ എം. റെയ്ഹാന ഇതേ വിഭാഗം പെൺകുട്ടികളിൽ സ്വർണം നേടി.
Source link