KERALAM

‘ധോണി, കൊഹ്ലി, രോഹിത്ത്; മൂന്ന് പേരും ചേർന്ന് സഞ്ജുവിന്റെ പത്ത് വർഷം നശിപ്പിച്ചു’; തുറന്നടിച്ച് പിതാവ് സാംസൺ

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ സെഞ്ച്വറി നേടി സഞ്ജു സാംസൺ വിസ്മയമായപ്പോൾ ഇന്ത്യ സ്വന്തമാക്കിയത് 61 റൺസിന്റെ വിജയമായിരുന്നു. ഡർബനിൽ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയ സഞ്ജു 47 പന്തുകളിലാണ് സെഞ്ച്വറി തികച്ചത്. 50 പന്തുകളിൽ ഏഴു ഫോറും 10 സിക്സുമടക്കം 107 റൺസ് നേടിയാണ് പുറത്തായത്. അന്താരാഷ്ട്ര ട്വന്റി20യിൽ തുടർച്ചയായി രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരവും നാലാമത്തെ ലോകതാരവും എന്ന റെക്കോർഡ് സഞ്ജു സ്വന്തമാക്കിയതോടെ അഭിനന്ദനപ്രവാഹമാണ് താരത്തെ തേടിയെത്തുന്നത്.

ഇപ്പോഴിതാ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മൂന്ന് മുൻ ക്യാപ്റ്റന്മാർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സഞ്ജുവിന്റെ പിതാവ്. മഹേന്ദ്ര സിംഗ് ധോണി, വിരാട് കൊഹ്ലി, രോഹിത്ത് ശർമ്മ, രാഹുൽ ദ്രാവിഡ് എന്നിവർ ചേർന്ന് സഞ്ജുവിന്റെ പത്ത് വർഷം നശിപ്പിച്ചെന്ന് പിതാവ് സാംസൺ വിശ്വനാഥ് പറഞ്ഞു. ഗൗതം ഗംഭീറിനും സൂര്യകുമാർ യാദവിനും നന്ദി പറയുകയാണെന്നും ഈ രണ്ട് സെഞ്ച്വറികളും അവർക്ക് സമർപ്പിക്കുന്നെന്നും സഞ്ജുവിന്റെ പിതാവ് കൂട്ടിച്ചേർത്തു.

‘പത്ത് വർഷം ഇല്ലാതാക്കിയവർ യഥാർത്ഥ സ്‌പോർട്സ്മാൻമാരായി തോന്നുന്നില്ല. അവർ എത്രത്തോളം ഉപദ്രവിച്ചോ അത്രയും സഞ്ജു ഉയർന്നുവന്നൂ. നഷ്ടമായ പത്ത് വർഷം ഇനി തിരിച്ചുപിടിക്കും. സെഞ്ച്വറി നേട്ടത്തിൽ അതിയായ സന്തോഷം. സഞ്ജുവിന്റെ ബാറ്റിംഗ് ക്ലാസിക്ക് ആണ്. സച്ചിനും ദ്രാവിഡും കളിച്ച ശൈലിയാണ് സഞ്ജുവിന്’- സാംസൺ വിശ്വനാഥ് പറഞ്ഞു.

അതേസമയം, കഴിഞ്ഞ മത്സരത്തിൽ തുടക്കം മുതൽ ദക്ഷിണാഫ്രിക്കൻ ബൗളർമാരെ പ്രഹരിച്ച സഞ്ജു നേരിട്ട 27ാമത്തെ പന്തിൽ അർദ്ധ സെഞ്ച്വറിയിലെത്തുകയായിരുന്നു. കഴിഞ്ഞമാസം ബംഗ്ളാദേശിനെതിരെ സഞ്ജു 111 റൺസ് നേടിയിരുന്നു. ഇന്നലെ 10 സിക്സുകൾ പായിച്ച സഞ്ജു ഒരു ട്വന്റി20 ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സുകൾ പറത്തിയ രോഹിത് ശർമ്മയുടെ റെക്കാഡിനൊപ്പമെത്തി. 2017ശ്രീലങ്കയ്ക്ക് എതിരെയാണ് രോഹിത് 10 സിക്സ് പറത്തിയത്.


Source link

Related Articles

Back to top button