കൊച്ചി: ത്രോ സെക്ടറിൽ നിന്നും ഇരട്ട സ്വർണിയാൻ മോഹിച്ചാണ് കാർത്തിക്ക് കൃഷ്ണ വിതുരയിൽ നിന്നും എറണാകുളത്ത് എത്തിയത്. ജൂനിയർ ആൺകുട്ടികളുടെ ഷോട്ട്പുട്ടിൽ ആദ്യ സ്വർണം എറിഞ്ഞിട്ടു. പിന്നാലെ നടന്ന ഡിസ്കസ് ത്രോ യോഗ്യതാ റൗണ്ടിൽ പക്ഷേ കാർത്തിക്കിന്റെ ആഗ്രഹം വീണുടഞ്ഞു. മൂന്നാമത്തെ ഏറിൽ വലതുകൈക്കുഴ തെന്നിമാറി. വേദനയിൽ പുളഞ്ഞ് മടങ്ങേണ്ടി വന്നു. ഇന്ന് നടക്കുന്ന ഡിസ്കസ് ഫൈനലിന് യോഗ്യത നേടിയെങ്കിലും രണ്ടാഴ്ച പൂർണവിശ്രമം വേണമെന്നതിനാൽ കാർത്തിക്കിന് മത്സരിക്കാനാകില്ല.
സ്‌കൂളിലെ കായിക അദ്ധ്യാപകൻ ബി. സത്യന്റെ കീഴിലാണ് ഇപ്പോൾ പരിശീലനം. ” പരിക്കേറ്റില്ലെങ്കിൽ സ്വർണം ഉറപ്പായിരുന്നു. വിദഗ്ദ ചികിത്സയ്ക്ക് വിധേയമാക്കും. ദേശീയ സ്കൂൾ മീറ്റിൽ കാർത്തിക്ക് കേരളത്തിനായി സ്വർണം കൊണ്ടുവരും ” സത്യൻ പറഞ്ഞു.
സഹോദരൻ ഹൃത്വിക്ക് കൃഷ്ണൻ കായിക താരമാണ്. തൊളിക്കോട് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ ഹൃതിക് ഷോട്ട്പുട്ട് സീനിയർ വിഭാഗത്തിൽ മത്സരിച്ചിരുന്നു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെ എസ്.ഐ അനീഷ് കെ.എസ് – അശ്വതി എം.ആർ ദമ്പതികളുടെ മക്കളാണ് കാർത്തികും ഹൃത്വിക്കും.
Source link