KERALAM

‘പറയാനുള്ളത് പാർട്ടി വേദികളിൽ പറയും, സഖാക്കളും സുഹൃത്തുക്കളും വ്യാജ പ്രചരണങ്ങൾ തള്ളിക്കളയണം’

കണ്ണൂർ: സിപിഎമ്മിനെതിരെ സംസാരിച്ചെന്ന തരത്തിൽ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന പ്രതികരണങ്ങൾ തന്റെ അഭിപ്രായമല്ലെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ. മാദ്ധ്യമങ്ങളോട് കഴിഞ്ഞ ദിവസം പ്രതികരണം നടത്തിയിട്ടുണ്ടെന്നും അത്തരമൊരു പ്രതികരണം ഞാൻ നടത്തിയിട്ടുമില്ലെന്നും പിപി ദിവ്യ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. പാർട്ടി തന്നെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞെന്നും സമാന ആക്ഷേപങ്ങൾ വന്നപ്പോൾ എംവി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമളയ്ക്കും മുൻ സംസ്ഥാന കമ്മിറ്റി അംഗം ജെയിംസ് മാത്യുവിനും ലഭിച്ച ആനുകൂല്യം തനിക്ക് ലഭിച്ചില്ലെന്നും പിപി ദിവ്യ പറഞ്ഞെന്നാണ് പ്രചാരണം.

എന്നാൽ ഇതൊക്കെ വ്യാജ പ്രതികരണങ്ങളാണെന്നാണ് പിപി ദിവ്യ പറയുന്നത്. ഉത്തരവാദപ്പെട്ട ഒരു പാർട്ടി അംഗം എന്ന നിലയിൽ എനിക്കു പറയാനുള്ളത് പാർട്ടി വേദികളിൽ പറയുന്നതാണ് ഇതുവരെ അനുവർത്തിച്ചു വന്ന രീതി. അത് തുടരും, എന്റെ പാർട്ടി സ്വീകരിച്ച നടപടി ഞാൻ അംഗീകരിക്കുന്നു. എന്റെ സഖാക്കളും സുഹൃത്തക്കളും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്നും പിപി ദിവ്യ വ്യക്തമാക്കി.

പിപി ദിവ്യയുടെ വാക്കുകളിലേക്ക്…
എന്റെ പ്രതികരണമെന്ന നിലയിൽ ഇപ്പോൾ മാദ്ധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ എന്റെ അഭിപ്രായമല്ല. അത്തരമൊരു പ്രതികരണം ഞാൻ നടത്തിയിട്ടുമില്ല. മാദ്ധ്യമങ്ങളോടു പറയാനുള്ളത് ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ട്. മറ്റു വ്യാഖ്യാനങ്ങൾക്ക് ഞാൻ ഉത്തരവാദിയല്ല. ഉത്തരവാദപ്പെട്ട ഒരു പാർട്ടി അംഗം എന്ന നിലയിൽ എനിക്കു പറയാനുള്ളത് പാർട്ടി വേദികളിൽ പറയുന്നതാണ് ഇതുവരെ അനുവർത്തിച്ചു വന്ന രീതി. അത് തുടരും, എന്റെ പാർട്ടി സ്വീകരിച്ച നടപടി ഞാൻ അംഗീകരിക്കുന്നു. എന്റെ സഖാക്കളും സുഹൃത്തക്കളും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് അഭ്യർത്ഥിക്കുന്നു.

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട് റിമാന്റിൽ കഴിയുന്ന സമയത്ത് പിപി ദിവ്യയ്‌ക്കെതിരെ സിപിഎം തരംതാഴ്ത്തൽ നടപടി സ്വീകരിച്ചിരുന്നു. പിപി ദിവ്യയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനുള്ള സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ തീരുമാനം ഉപ തിരഞ്ഞെടുപ്പ് സമ്മർദ്ദം കൊണ്ടെന്ന് വിലയിരുത്തൽ. ജാമ്യഹർജിയിൽ തലശേരി സെഷൻസ് കോടതി വിധി പറയുന്നതിന്റെ തലേദിവസം അടിയന്തര ജില്ലാ കമ്മിറ്റി ചേർന്നാണ് ദിവ്യയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്താൻ തീരുമാനിച്ചത് സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം ലഭിച്ച പ്രകാരമെന്നാണ് സൂചന. ജാമ്യം ലഭിക്കാനിടയായ സാഹചര്യങ്ങളിൽ പാർട്ടിക്ക് പങ്കില്ലെന്ന് സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം.

വിവാദങ്ങൾ കെട്ടടങ്ങുമ്പോൾ ദിവ്യ പാർട്ടിയുടെ ഉന്നത സ്ഥാനങ്ങളിൽ തിരിച്ചെത്തിയേക്കുമെന്നാണ് പാർട്ടിക്കാരും കരുതുന്നത്. ദിവ്യ നല്ല പാർട്ടി കേഡറാണെന്നും തെറ്റ് പറ്റിപ്പോയതാണെന്നുമുള്ള സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പരാമർശം ഇതിന് തെളിവാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിലെ സുരക്ഷിത സീറ്റിൽ നിറുത്തി ജയിപ്പിക്കാനുള്ള നീക്കം നടക്കാനിടയില്ലെന്ന് മാത്രം.


Source link

Related Articles

Back to top button