രണ്ട് കോച്ചുകൾക്കിടയിൽ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം

പാറ്റ്ന: ഷണ്ടിംഗ് ഓപ്പറേഷനിടെ കോച്ചുകൾക്കിടയിൽപ്പെട്ട് റെയിൽവേ പോർട്ടർ മരിച്ചു. ബിഹാറിലെ ബെഗുസാരായിലെ ബറൗനി ജംഗ്ഷനിലാണ് സംഭവം നടന്നത്. സോൻപൂർ റെയിൽവേ ഡിവിഷന് കീഴിലുള്ള സ്റ്റേഷനിൽ പോർട്ടർ ജോലി ചെയ്യുന്ന അമർ കുമാർ റാവുവാണ് മരിച്ചത്. ലക്‌നൗ ജംഗ്ഷനിൽ നിന്ന് ബറൗനി ജംഗ്ഷന്റെ പ്ലാറ്റ്‌ഫോം നമ്പർ അഞ്ചിൽ എത്തിയ ലക്‌നൗ-ബറൗനി എക്സ്പ്രസിൽ (നമ്പർ: 15204) ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

അമർ എൻജിൻ കപ്ലീംഗ് തുറക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ അപ്രതീക്ഷിതമായി പിന്നിലേക്ക് നീങ്ങുകയായിരുന്നു. ഇതിനിടെ അമർ രണ്ട് കോച്ചുകൾക്കിടയിൽ കുടുങ്ങിപ്പോയി. ഉടൻ തന്നെ അല‌ാറം മുഴക്കിയെങ്കിലും അതിനുള്ളിൽപ്പെട്ട അമർ കുമാർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. അപകടത്തിന് പിന്നാലെ എൻജിൻ ഡ്രെെവർ ട്രെയിനിൽ നിന്ന് ഇറങ്ങി ഓടി. അപകടദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Source link
Exit mobile version