വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ നിര്‍ത്തലാക്കി കാനഡ; ഇനി നീണ്ട നടപടിക്രമം


ഒട്ടാവ: ഇന്ത്യ-കാനഡ നയതന്ത്രപ്രശ്‌നങ്ങള്‍ തുടരുന്നതിനിടെ വിദേശവിദ്യാര്‍ഥികള്‍ക്ക് ഫാസ്റ്റ് ട്രാക്ക് വിസ നല്‍കുന്നത് അവസാനിപ്പിച്ച് കാനഡ. സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്.ഡി.എസ്.) അടിയന്തരമായി അവസാനിപ്പിക്കുന്നതായി ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ് കാനഡ (ഐ.ആര്‍.സി.സി.) വെള്ളിയാഴ്ച പ്രസ്താവനയില്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് വളരെ വേഗത്തില്‍ രേഖകളുടെ പരിശോധനകള്‍ നടത്തുകയും ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ അംഗീകരിക്കുകയും ചെയ്തിരുന്ന കാനഡയുടെ പദ്ധതിയാണ് എസ്ഡിഎസ്. 2018-ലാണ് കാനഡ എസ്.ഡി.എസ്. പദ്ധതി ആവിഷ്‌കരിച്ചത്. വിദേശ വിദ്യാര്‍ഥികള്‍ക്ക് കാനഡയില്‍ തുടര്‍വിദ്യാഭ്യാസം നേടാന്‍ കാലതാമസം വരാതിരിക്കാന്‍ എസ്.ഡി.എസ്. പദ്ധതി ഗുണം ചെയ്തിരുന്നു. ഇന്ത്യയില്‍ നിന്നും ചൈനയില്‍നിന്നുമുള്ള വിദ്യാര്‍ഥികളെ മുന്നില്‍ കണ്ടായിരുന്നു കാനഡ എസ്.ഡി.എസ്. പദ്ധതി ആവിഷ്‌കരിച്ചത്. ഭാഷയും സാമ്പത്തിക പ്രതിബദ്ധതയും മാത്രമായിരുന്നു ഈ പദ്ധതിയില്‍ കാനഡ പരിഗണിച്ചിരുന്നത്. പ്രാദേശിക സമയം നവംബര്‍ എട്ടിന് ഉച്ചയ്ക്ക് രണ്ടുവരെ ലഭിച്ച അപേക്ഷകള്‍ മാത്രമെ പരിഗണിക്കൂ എന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.


Source link

Exit mobile version